കോഴിക്കോട്: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍. ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. പതിമൂന്ന് സംഘടനകളാണ് യോഗം ചേര്‍ന്നത്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പായിരുന്നു യോഗത്തിന്റെ അജണ്ടയെന്ന് പറഞ്ഞിരുന്നെങ്കിലും പ്രധാന ചര്‍ച്ച നാര്‍ക്കോട്ടിക് ജിഹാദ് വിഷയമായിരുന്നു.
ബിഷപ്പിന്റെ നര്‍കോട്ടിക് ജിഹാദ് പ്രസ്താവനക്കെതിരെ മുസ്ലിം സമുദായത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നതെന്നും തെളിവ് ഉദ്ധരിക്കാതെ നടത്തിയ ആരോപണത്തിനെതിരെ മുഴുവന്‍ സംഘടനകള്‍ക്കും കടുത്ത പ്രതിഷേധമുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസ്താവനക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. ക്രിസ്തീയ സമൂഹത്തില്‍ നിന്നും പ്രസ്താവനയെ തള്ളി ആളുകളെത്തി. വിദ്വേഷ പ്രസംഗത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് എടുത്തില്ല. സര്‍വകക്ഷി യോഗം വിളിക്കണമെന്ന അഭിപ്രായം സ്വാഗതാര്‍ഹമാണെന്നും മുസ്ലിം സംഘടന നേതാക്കള്‍ യോഗത്തിന് ശേഷം പ്രതികരിച്ചു.
കഴിഞ്ഞ ദിവസം കര്‍ദിനാള്‍ മാര്‍ ക്ലിമീസ് ബാവ തിരുവനന്തപുരത്ത് നടത്തിയ സൗഹൃദ ചര്‍ച്ചയില്‍നിന്ന് പ്രധാന സംഘടനകളെല്ലാം വിട്ടുനിന്നിരുന്നു. ബിഷപ് വിവാദ പ്രസ്താവന പിന്‍വലിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യണമെന്ന നിലപാടാണ് ഭൂരിഭാഗം സംഘടനകളും സ്വീകരിച്ചത്. അതോടൊപ്പം ബിഷപ്പിന്റെ പ്രസ്താവനയോട് സര്‍ക്കാര്‍ സ്വീകരിച്ച ഏകപക്ഷീയ നിലപാടിനെതിരെയും സംഘടനകള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.
ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും പരാമര്‍ശം തെറ്റായെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: