സമൂഹത്തില്‍ കശപിശയും കയ്യാങ്കളിയും പുത്തനൊന്നുമല്ല. അതൊക്കെ എന്നുമുള്ളതാണ്. ഒറ്റപ്പെട്ട സംഭവങ്ങളായി മാറുകയാണ് പതിവ്. എന്നാല്‍ ഇന്ന് സ്ഥിതി മാറി. സമൂഹത്തിലാകെ അതു പടര്‍ന്നിരിക്കുന്നു. കൊല്ലുമെന്നു പറഞ്ഞാല്‍ കൊന്നിരിക്കും. കൊന്നു കലിതീര്‍ക്കാന്‍ മത്സരിക്കുകയാണ് സഹപാഠികളും സഹപ്രവര്‍ത്തകരും കൂട്ടുകാരും കുടുംബക്കാരുമെല്ലാം. ഗൂഢാലോചനയും പ്രതികാര മനസ്സും തിളച്ചുമറിയുന്നു. വിദ്യാര്‍ഥികളില്‍ നിന്നാണ് പേടിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്തുവരുന്നത്. റാഗിങ്ങിന്റെ പേരില്‍ ഇടയ്ക്കൊക്കെ കേട്ടുകൊണ്ടിരുന്ന പൈശാചികം ഇടയ്ക്ക് ശാന്തമായിരുന്നു. അരുതെന്നു പറയാന്‍ എല്ലാഭാഗത്തുനിന്നും രക്ഷിതാക്കളും മുതിര്‍ന്നവരുമെല്ലാമുണ്ടായിരുന്നു. ഇന്നതൊക്കെ ഇല്ലാതായോ എന്ന ചിന്തയാണ് പരക്കെ ഉയരുന്നത്. താമരശ്ശേരിയിലെ 15കാരന് ഷഹബാസിന്റെ മരണവാര്‍ത്ത സമൂഹ മനസ്സാകെ പിടിച്ചുലയ്ക്കുന്നു. ട്യൂഷന് സെന്ററിലെ യാത്രയയപ്പു യോഗത്തിനിടെയുണ്ടായ നിസാര പ്രശ്നമാണ് പിന്നീട് അടിയില്‍ കലാശിച്ചത്. മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതര ക്ഷതമേറ്റ ഷഹബാസ് ഫെബ്രുവരി 28 ന് അര്‍ധരാത്രി മരിച്ചു. സിദ്ധാര്‍ഥിന്റെ മരണവാര്‍ത്തയുടെ ദുഃഖം മാറും മുമ്പാണ് അതേ ഭാഗത്തുനിന്നുതന്നെ ഈ മരണവാര്‍ത്തയും വന്നത്. സിദ്ധാര്‍ഥിന്റെ കൊടും കൊലപാതകം ആത്മഹത്യയാക്കി മാറ്റിമറിക്കാന്‍ നടത്തിയ ശ്രമം ഗവര്‍ണറും മറ്റും നടത്തിയ ധീരമായ ഇടപെടല്‍ കൊണ്ടാണ് പൊളിഞ്ഞത്. അതിന്റെ അന്വേഷണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. അതിനിടയിലാണ് തലസ്ഥാനത്തെ കൊലപാതക പരമ്പര. തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടില്‍ 23 കാരന് കുടുംബത്തിലെ നാലു പേരെ തലയ്ക്കടിച്ച് കൊന്നു. കൂട്ടുകാരിയെയും വെറുതെ വിട്ടില്ല. കടബാധ്യതയാണ് അരുംകൊലയ്ക്ക് വഴിവച്ചതെന്നാണ് പ്രതി അഫാന്റെ വാദം. പക്ഷേ 65 ലക്ഷം രൂപ കടബാധ്യതയുള്ള വിവരം അറിയില്ലെന്നാണ് പ്രതിയുടെ അച്ഛന് അബ്ദുള്‍ റഹീം പറയുന്നത്. 15 ലക്ഷത്തിന്റെ കടമേയുള്ളൂ എന്നാണ് അയാളുടെ വിശദീകരണം. . തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക സെല്ലില്‍ കഴിയുന്ന അഫാന്റെ റിമാന്‍ഡ് തുടരുകയാണ്.
കേരളത്തിലങ്ങോളം തുടരുന്ന അതിക്രമങ്ങളില്‍ ലഹരിമരുന്നുകളുടെ സ്വാധീനവും ഉപഭോഗവും ചെറുതല്ല. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ ലഹരിമരുന്നുകളുടെ ഉപയോഗം കുത്തനെ വര്‍ധിച്ചതായി കാണാനാകും. നിരോധനവും ബോധവല്‍ക്കരണവും ഒരുവശത്ത് നടക്കുമ്പോഴും സംസ്ഥാനത്ത് മയക്കുമരുന്നുകളുടെ വ്യാപനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച ലഹരിക്ക് അടിമയായ അദ്ധ്യാപകന്റെ ആക്രമണത്തില്‍ ഡോക്ടര്‍ വന്ദന ദാസിന് ജീവന് നഷ്ടമായത് 2023 ലാണ്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം തിരുവനന്തപുരത്ത് യുവാവിനെ ഒരു കൂട്ടം ചെറുപ്പക്കാര്‍ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയത് ലഹരിമാഫിയയുടെ സ്വാധീനം വ്യക്തമാക്കിയ സംഭവമായിരുന്നു. നര്‍ക്കോട്ടിക്സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റ് പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ വ്യാപ്തി വളരെയേറെയാണ്. 2008 ല്‍ ഇത്തരത്തില്‍ 508 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ പത്തുവര്‍ഷത്തിനുശേഷം കേസുകളുടെ എണ്ണം പതിനായിരം കടന്നു. കേരളത്തില്‍ മയക്കുമരുന്ന് ഇടപാടുകള്‍ വര്‍ധിച്ചു വരുന്നതിന്റെ തെളിവാണിത്. ലഹരി മാഫിയ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ തലശ്ശേരിയില്‍ രണ്ട് യുവാക്കള്‍ നടുറോഡില്‍ കൊലചെയ്യപ്പെട്ടു. കോഴിക്കോട്ട് ഒരു യുവാവ് സ്വന്തം പിതാവിനെ തോക്കെടുത്ത് വെടിവച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങളും ലഹരിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം കൊച്ചിയില്‍ ഒന്നരമാസത്തെ ഇടവേളയില്‍ ലഹരിയുമായി ബന്ധപ്പെട്ട് ആറ് കൊലപാതകങ്ങളാണുണ്ടായത്.
സിനിമ, രാഷ്ട്രീയം, വിദ്യാഭ്യാസം തുടങ്ങി സമൂഹത്തിന്റെ സര്‍വ്വമേഖലകളും ഇന്ന് ലഹരിയുടെ പിടിയിലായി. ബോളിവുഡിന് സമാനമായി മലയാള സിനിമയിലെയും ലഹരി ഉപയോഗത്തെ സംബന്ധിച്ച വാര്‍ത്തകള്‍ കേരളത്തില്‍ ലഹരി മാഫിയ പിടിമുറുക്കിയതിന്റെ സൂചനയാണ്. അടുത്ത കാലത്തായി മലയാള സിനിമാ താരങ്ങളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന ചലച്ചിത്ര ഉള്ളടക്കങ്ങള്‍ പോലും സമീപകാലത്ത് മലയാളത്തില്‍ വ്യാപകമായി പുറത്തുവന്നു. മുന്‍പ് മാരക ലഹരി വസ്തുവായ എംഡിഎംഎ ഉപയോഗിക്കുന്ന ദൃശ്യങ്ങളും അത് പ്രോത്സാഹിപ്പിക്കുന്ന സംഭാഷണങ്ങളും ഉള്‍ക്കൊള്ളിച്ചതിനെ തുടര്‍ന്ന് ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന സിനിമക്കെതിര കേസെടുത്തിരുന്നു. വെള്ളിത്തിരയില്‍ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന നടന് ടിനി ടോമിന്റെ പ്രസ്താവനയും വലിയ ചര്‍ച്ചയ്ക്ക് കാരണമായി. ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലെന്നാണ് ടിനി ടോം അന്നു തുറന്നു പറഞ്ഞത്. സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തെ എതിര്‍ത്തുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അടുത്തിടെ രംഗത്ത് വരികയുണ്ടായി. ലഹരി ഉപയോഗിച്ച് സെറ്റില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവരുടെ പട്ടിക അംഗങ്ങളില്‍ നിന്ന് ആവശ്യപ്പെട്ടതിനുപിന്നാലെ ഇത്തരക്കാരെ അഭിനയിപ്പിക്കുന്നതിലൂടെയുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം നിര്‍മ്മാതാവിനായിരിക്കുമെന്നും അസോസിയേഷന് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നത് ലഹരി വില്പനയില് നിന്നാണെന്നത് ഒരു ആഗോള യാഥാര്‍ത്ഥ്യമാണ്. വിഘടനവാദ ആശയങ്ങള്‍ കേരളത്തില്‍ കൃത്യമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങളും അടുത്ത കാലത്തുണ്ടായി. എറണാകുളത്ത് ‘കട്ടിംഗ് സൗത്ത്’ എന്ന പേരില്‍ ഒരു മാധ്യമശില്പശാല സംഘടിപ്പിക്കപ്പെട്ടിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ‘ബിജെപി മുക്ത ദക്ഷിണേന്ത്യ’ എന്ന മുദ്രാവാക്യവും കേരളത്തില്‍ പ്രചരിക്കപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊച്ചിയിലെ മയക്കുമരുന്ന് വേട്ടയും ഉണ്ടായത്. മയക്കുമരുന്ന് വ്യാപനം വിഘടനവാദം വേരുറപ്പിക്കുന്നതിന്റെ പ്രത്യക്ഷ ലക്ഷണങ്ങളിലൊന്നാണ്. നര്‍ക്കോട്ടിക് ജിഹാദ് കേരളത്തില്‍ ശക്തമാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഇതൊക്കെ വിരല്‍ചൂണ്ടുന്നത്. അറബിക്കടലിന്റെ തീരം ലഹരിയുടെ പച്ചത്തുരുത്തായി മാറുന്നത് രാജ്യസുരക്ഷയെ തന്നെ തകിടം മറിക്കാന്‍ പോന്ന ഗുരുതര വിപത്താണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: