ന്യൂദല്‍ഹി: പെഗസസ് ഫോണ്‍ചോര്‍ത്തല്‍ സോഫ്റ്റ്വെയര് തയ്യാറാക്കിയ ഇസ്രയേല്‍ എന്ന കമ്പനിയുമായി യാതൊരു ഇടപാടും നടത്തിയില്ലെന്ന് പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടി.
പ്രതിരോധമന്ത്രാലയമാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഈ മറുപടി നല്‍കിയത് ഫോണ്‍ ചോര്‍ത്തലിനുപയോഗിക്കുന്ന പെഗസസ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയ എന്‍എസ് ഒ എന്ന ഇസ്രയേല്‍ കമ്പനിയുമായി കേന്ദ്രം ഇടപാടുകള്‍ നടത്തിയോ എന്ന സര്‍ക്കാരിനോടുള്ള നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനാണ് പ്രതിരോധമന്ത്രാലയം ഈ മറുപടി പറഞ്ഞത്.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനം ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് പെഗഗസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് 50,000 പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം നാടകീയമായി ഉയര്‍ന്ന് വന്നത്. ഈ ആരോപണം ഉയര്‍ന്നു വന്ന സമയത്തിന്റെ കാര്യത്തില്‍ (മണ്‍സൂണ്‍ സമ്മേളനത്തിന്റെ തലേന്നാള്‍) സംശയമുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആദ്യ ദിവസം തന്നെ പാര്‍ലമെന്റില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള ആസൂത്രിത ഗൂഡാലോചനയെന്ന രീതിയിലാണ് ബിജെപിയും ഇതിനെ കണ്ടത്.
എന്നാല്‍ പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ എന്ന വിഷയത്തിന്റെ പേരില്‍ പാര്‍ലമെന്റ് സമ്മേളനം അലങ്കോലപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ മൂന്നാഴ്ചയായി കേന്ദ്രസര്‍ക്കാരിനെ പ്രതിപക്ഷം ചോദ്യം ചെയ്യുകയായിരുന്നു. സഭ ചേര്‍ന്ന 78 മണിക്കൂര്‍ 30 മിനിറ്റില്‍ 60 മണിക്കൂര്‍ 28 മിനിറ്റും ബഹളം കാരണം പാഴായി. ആഗസ്ത് 13ന് മണ്‍സൂണ്‍ കാല സമ്മേളനം അവസാനിക്കാന്‍ പോകുകയാണ്.
ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് തന്നെ ഇതിനെതിരെ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. പെഗസസില്‍ ഫോണ്‍ നമ്പറുകള്‍ കണ്ടു എന്നത്കൊണ്ട് ആ ഫോണ്‍ ചോര്‍ത്തി എന്ന് പറയാനാവില്ലെന്നായിരുന്നു എന്‍എസ്ഒയുടെ വിശദീകരണം. എന്നാല്‍ പ്രതിപക്ഷം ഇതുകൊണ്ടും തൃപ്തിപ്പെട്ടിരുന്നില്ല. ഇതോടെയാണ് പ്രതിരോധമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ഈ കേസ് സുപ്രീംകോടതിയും ചൊവ്വാഴ്ച മുതല്‍ വാദം കേള്‍ക്കാനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: