തൃശൂര്‍: 300 കോടി രൂപയുടെ കരുവന്നൂര്‍ ബാങ്ക് വായ്പാത്തട്ടിപ്പു കേസില്‍ സിപിഎം ഭാരവാഹികളും ജീവനക്കാരുമായ നാല് പ്രതികളെ ജൂലായ് 25ന് തൃശൂരിലെ അയ്യന്തോളില്‍ നിന്നും ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തു എന്ന് വാര്‍ത്തയുണ്ടായിട്ടും പ്രതികള്‍ ഇപ്പോഴും കാണാമറയത്ത്. ഒരാഴ്ചയായിട്ടും പ്രതികളുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടില്ല. ഇവരെ ഇതുവരെ കോടതിയിലും ഹാജരാക്കിയിട്ടില്ല.
അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറുകള്‍ക്കകം കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയും ക്രൈംബ്രാഞ്ച് പാലിച്ചിട്ടില്ല. ജൂലായ് 25ന് ലോക്കല്‍ പോലീസും സ്പെഷ്യല്‍ ബ്രാഞ്ചും അറിയാതെയാണ് ക്രൈംബ്രാഞ്ച് നാല് പ്രതികളെ അവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അയ്യന്തോളിലെ ഫ്ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്തതെന്ന് പറയപ്പെടുന്നു. ഇവരെ പിപിഇ കിറ്റ് അണിയിച്ച് ഫ്ളാറ്റില്‍ നിന്നും ഇറക്കിക്കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. കരുവന്നൂര്‍ ബാങ്കിന്റെ സെക്രട്ടറിയും സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന ടി.ആര്. സുനില്‍കുമാര്‍ മുന്‍ മാനേജരും പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗവുമായ ബിജുകരീം, സീനിയര്‍ അക്കൗണ്ടന്റും തൊടുപറമ്പ് ബ്രാഞ്ച് അംഗവുമായ സി.കെ. ജില്‍സ്, കമ്മിഷന് ഏജന്റ് എ.കെ. ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായതെന്ന് പറയുന്നു. വായ്പത്തട്ടിപ്പിലെ പ്രധാന ഇടനിലക്കാരന് കരുവന്നൂര്‍ പൊറത്തിശേരി കിരണ്‍, ബാങ്ക് നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ അക്കൗണ്ടന്റ് റെജി അനില്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.എന്നാല്‍ പ്രതികളെ ആരെയും പിടികൂടിയിട്ടില്ലെന്നും ഇവര്‍ ഒളിവില്‍ തന്നെയാണെന്നുമാണ് ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദര്ശന് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.
ബാങ്ക് വായപാത്തട്ടിപ്പില് ഒരാഴ്ച മുന്‍പ് ആറ് പേര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികളെല്ലാം ഒളിവില്‍ പോയിരുന്നു. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നാല് പ്രതികള്‍ തൃശൂര്‍ അയ്യന്തോളിലെ ഫ്ളാറ്റിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് നാല് ദിവസമായി ഇവര്‍ ഫ്ളാറ്റില്‍ കഴിയുകയായിരുന്നു. ഫ്ളാറ്റിന് താഴെയുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇവര്‍ എത്തിയതു സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതായി സൂചനയുണ്ട്. രഹസ്യമായി ഫ്ളാറ്റിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നാല് പേരെയും കസ്റ്റഡിയിലെടുത്ത് എന്നാണ് സൂചന.
എന്നാല്‍ സാധാരണ ഒരാഴ്ചയായിട്ടും പ്രതികളെ പിടിക്കാന്‍ കഴിയാതിരുന്നാല്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്ന പതിവുണ്ട്. പ്രതികള്‍ സംസ്ഥാനവും രാജ്യവും വിട്ടുപോകാതിരിക്കാനാണ് ഈ പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ ഈ പതിവും തെറ്റിച്ചിരിക്കുകയാണ്. അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ ഉള്ളതിനാലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാത്തതെന്ന് സംശയമുണ്ട്.മാത്രമല്ല രണ്ട് പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ രാജ്യം വിട്ടുപോയതായും അഭ്യൂഹമുണ്ട്.
ക്രൈംബ്രാഞ്ചും സിപിഎമ്മും ചേര്‍ന്ന് ഭരണസ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിതീര്ക്കുകയാണെന്ന് ബിജെപിയും കോണ്‍ഗ്രസും ആരോപിക്കുന്നു. പ്രതികളെ രഹസ്യമായി ചോദ്യം ചെയ്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യമെന്ന് പരാതിയുണ്ട്. പ്രതികള്‍ കസ്റ്റഡിയിലായി എന്ന സൂചനയുണ്ടായിട്ടും അഞ്ച് ദിവസം കഴിഞ്ഞിട്ടും അറസ്റ്റിനെക്കുറിച്ച് ക്രൈംബ്രാഞ്ച് ഒരക്ഷരം പുറത്ത് പറയാത്തത് ദുരൂഹതയേറ്റുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: