തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി മുന്‍മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീന്റെ ബന്ധു. പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്.
വായ്പാത്തട്ടിപ്പിന് ചുക്കാന്‍ പിടിച്ച മാപ്രാണം മാടായിക്കോണം മുത്രത്തിപ്പറമ്പില് കരീം മകന് ബിജു, എ.സി. മൊയ്തീന്റെ അടുത്ത ബന്ധുവാണ്. കേസില്‍ രണ്ടാം പ്രതിയാണ് ബിജു. 15 വര്‍ഷമായി ബാങ്കിന്റെ ഹെഡ് ഓഫീസില്‍ മാനേജരായിരുന്നു ബിജു. ഇയാളുടെ നേതൃത്വത്തില്‍ രൂപീകരിച്ച തേക്കടി റിസോര്‍ട്സ് എന്ന കമ്പനിക്കു വേണ്ടിയാണ് കോടികള്‍ തിരിമറി നടത്തിയതെന്നാണ് വിവരം. തേക്കടി റിസോര്‍ട്സിന്റെ പേരില്‍ കേരളത്തിനകത്തും പുറത്തും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്.
സിപിഎമ്മിന്റെ മറ്റ് ചില പ്രാദേശിക നേതാക്കളും ഈ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ ബിനാമി ഇടപാടാണ് ഇതെന്നാണ് വിവരം. റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെ വന്‍ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയത്. എന്നാല്‍ സ്ഥലങ്ങള്‍ ഉദ്ദേശിച്ചതുപോലെ വിറ്റു പോകാതായതോടെയാണ് ഇവര്‍ പ്രതിസന്ധിയിലായത്.
ബാങ്കിലെ പണം അനധികൃതമായി തിരിമറി ചെയ്യുന്ന കാര്യം 2016 മുതല്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനറിയാമായിരുന്നു. ബ്രാഞ്ച് മാനേജരായിരുന്ന എം.വി. സുരേഷ് 2016ല്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണിന് പരാതി നല്കി. ബേബി ജോണ്‍ ഇത് അന്വേഷിക്കാന്‍ തുടങ്ങിയെങ്കിലും അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പിന്നീട് ജില്ലാ സെക്രട്ടറിയായത് എ.സി. മൊയ്തീനാണ്. മൊയ്തീനും സുരേഷ് പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. മാത്രമല്ല സുരേഷിനെതിരെ ബാങ്ക് നടപടിയെടുത്ത് പിരിച്ചുവിടുകയും ചെയ്തു.
2019 മുതല്‍ മുന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിക്ഷേപകര്‍ പലരും പലവട്ടം പരാതി നല്കി. എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. 2019 ഡിസംബര്‍ നാലിന് കബളിപ്പിക്കപ്പെട്ടവര്‍ തൃശൂര്‍ റേഞ്ച് ഡിഐജിക്ക് രേഖാമൂലം പരാതി നല്കി. തങ്ങളുടെ പേരില്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായും പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നതായും ഡിഐജിക്ക് നല്കിയ പരാതിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മാനേജരായിരുന്ന ബിജുവിന്റെ നേതൃത്വത്തിലാണ് തട്ടിപ്പും ഭീഷണിയും നടത്തുന്നതെന്ന് പരാതിയിലുണ്ട്. നിരവധി പേര് ഒപ്പിട്ട ഈ പരാതി ലഭിച്ചിട്ടും പോലീസ് അനങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: