കണ്ണൂര്‍: ലോറി കയറി തല പൊട്ടിയ പെരുമ്പാമ്പ് ഒമ്പത് മാസത്തെ ചികിത്സയ്ക്ക് ശേഷം വനത്തിലേക്ക്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന് വാഹനം കയറി താടിയെല്ല് തകര്‍ന്ന നിലയില്‍ കാണപ്പെട്ട പെരുമ്പാമ്പിനെ ഒരുകൂട്ടം പ്രകൃതി സ്നേഹികളുടെ ദയാവായ്പ്പില് കണ്ണൂരിലെ വെറ്റിനറി ആശുപത്രിയിലെത്തിക്കുകയും ഡോ. ഷെറിന് പി സാരംഗിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കില്‍ പരിചരിച്ച് വരികയായിരുന്നു. വാഹനം കയറി താടിയെല്ല് 12 കഷണങ്ങളായി പൊട്ടി പോയതിനാല്‍ തീര്‍ത്തും അവശ നിലയിലായിരുന്നു. കഴിഞ്ഞ 8 മാസത്തെ പരിചരണത്തെ തുടര്‍ന്ന് ആ പെരുമ്പാമ്പ് പൂര്‍ണ്ണ ആരോഗ്യവാനായി മാറി. ആറ് മണിക്കൂര്‍ നീണ്ടുനിന്ന ശാസ്ത്രക്രിയ നടത്തുകയുണ്ടായി. തുടര്‍ന്ന് നാല് മാസത്തിന് ശേഷമാണ് പാമ്പ് ഭക്ഷണം കഴിച്ചു തുടങ്ങിയത്.
ഒക്ടോബര്‍ 21 ന് പുലര്‍ച്ചെ താഴെ ചൊവ്വയില്‍ ലോറി കയറി ചാകാറായി കിടക്കുന്ന പാമ്പിനെ കൊണ്ട് പട്രോളിംഗ് പോലീസ് പ്രകൃതി സ്നേഹികളുടെ സംഘടനയായ മാര്‍ക്കിന്റെ (മലബാര്‍ അവയര്‍നെസ് ആന്റ് റെസ്ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ്) പ്രവര്‍ത്തകനും ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് ഫോട്ടോഗ്രാഫറുമായ രഞ്ജിത്ത് നാരായണനെ അറിയിച്ചു. സ്ഥലത്തെത്തിയ രഞ്ജിത്ത് മുണ്ടയാട്ടെ സ്വന്തം വീട്ടിലെത്തിച്ച് പിറ്റേ ദിവസം ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മരുന്നു കൊടുത്ത് മയക്കി നടത്തിയ ആറു മണിക്കൂര്‍ ശസ്ത്ര ക്രിയയില്‍ ഡോക്ടര്‍ ഷെറിന് എല്ലുകള്‍ ചേര്‍ത്തുവെച്ചു. പിറ്റേന്ന് പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കിലെ പ്രത്യേക കൂട്ടിലേക്ക് മാറ്റി.
ക്യൂറേറ്റര്‍ നന്ദന് വിജയ കുമാറും ജയേഷും പരിചരണം ഏറ്റെടുക്കുകയായിരുന്നു. ദിവസവും മുറിവില്‍ മരുന്നുവെയ്ക്കുകയും ദേഹത്ത് ഈച്ച വരാതിരിക്കാന്‍ ലോഷന്‍ പുരട്ടുകയും ക്രമേണ അനക്കം കാട്ടി തുടങ്ങിയതോടെ വെളള എലികളെ ഭക്ഷണമായി നല്കി. ആദ്യ നാളുകളില്‍ തിന്നില്ലെങ്കിലും പീന്നീട് എലിയെ കഴിച്ചു തുടങ്ങി. കഴിഞ്ഞ ജൂണ്‍ മാസത്തോടെ പതിവുപോലെ ഭക്ഷണം കഴിച്ചു തുടങ്ങി. നിലവില്‍ പൂര്‍ണ്ണ ആരോഗ്യവാനായ പാമ്പ് പതിവുപോലെ പടം പൊഴിച്ചു തുടങ്ങി ശക്തമായി ചീറ്റി തുടങ്ങുകയും ചെയ്യുന്നു. ഇടയ്ക്കിടെ തലയുടെ എക്സറേ എടുക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ തുന്നല്‍ ഉണങ്ങിയതിന്റെ പാട് മാത്രമേ കാണാനുളളൂ. സ്വന്തമായി ഇരതേടാനും പ്രതിരോധിക്കാനും ശേഷിയുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആവാസ വ്യവസ്ഥയിലേക്ക് വിടുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പെ പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരച്ചെത്തിയിരുന്നു. എന്നാല്‍ ലോക പാമ്പ് ദിനമായ ഇന്ന് വനം വകുപ്പിന്റെ സഹകരണത്തോടെ തിരികെ കാട്ടിലേക്ക് വിടുവാന്‍ തീരുമാനിക്കുകയായിരുന്നു. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് വനം വകുപ്പിന് വേണ്ടി ഏറ്റുവാങ്ങും. ഒരുപറ്റം പ്രകൃതി, പാമ്പ് സ്നേഹികളുടെ ദയാവായ്പില്‍ ഇത്രയും നീണ്ട ഇടവേളയ്ക്ക് ശേഷം മരണത്തോട് മല്ലടിച്ച ഒരു പെരുമ്പാമ്പ് തിരിച്ച് ജീവിതത്തിലേക്ക് വരുന്നത് ഒരുപക്ഷേ ആദ്യമാകാം. ഇതിന് സാക്ഷിയായത് കണ്ണൂരുകാരണെന്നത് ലോക പാമ്പ് ദിനത്തില്‍ കണ്ണൂരിലെ പ്രകൃതി സ്നേഹികള്‍ക്ക് അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: