കണ്ണൂര്‍: കെ. സുധാകരനെ കെപിസിസി അദ്ധ്യക്ഷനാക്കിയതോടെ കണ്ണൂരിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇരിക്കൂര്‍ സീറ്റിനെ ചൊല്ലി പരസ്യമായി രംഗത്ത് വരികയും മണ്ഡലം കമ്മറ്റി ഓഫീസ് താഴിട്ട് പൂട്ടാന്‍ നേതൃത്വം നല്‍കുകയും ചെയ്ത എ വിഭാഗത്തിലെ പ്രമുഖനേതാവായ കെപിസിസി സെക്രട്ടറി എം.പി. മുരളിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നതായി സൂചന.
തെരഞ്ഞെടുപ്പ് സമയത്ത് കെപിസിസി നേതൃത്വത്തെ ദിവസങ്ങളോളം ഇവര്‍ ആശങ്കയുടെ മുള്‍മുനയിലാക്കിയിരുന്നു. സുധാകരപക്ഷവുമായി വര്‍ഷങ്ങളായി ഇടഞ്ഞ് നില്ക്കുന്ന മുരളിയെ അനുനയിപ്പിക്കാന്‍ അന്ന് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരസ്യമായി രംഗത്തിറങ്ങേണ്ടിവന്നു. ഡിസിസി പ്രസിഡണ്ടും കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായിരുന്ന സതീശന് പാച്ചേനി, അഴീക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ എംഎല്‍എ കൂടിയായ കെ.എം. ഷാജി തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കളുടെ തോല്‍വിക്ക് പിന്നില്‍ എ ഗ്രൂപ്പാണെന്ന ആരോപണം നിലനില്‍ക്കെയാണ് എ ഗ്രൂപ്പ് നേതാക്കളുടെ കൂടുമാറ്റനീക്കം.
എന്‍സിപി നേതൃത്വവുമായി കണ്ണൂരിലും തിരുവനന്തപുരത്തുമായി നിരവധി ചര്‍ച്ചകള്‍ ഇവര്‍ നടത്തി കഴിഞ്ഞതായാണ് സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടന്നപ്പള്ളി രാമചന്ദ്രനായി എ വിഭാഗം വോട്ട് മറിച്ചുവെന്ന ആരോപണമുണ്ട്. കണ്ണൂര്‍ നഗരവും പരിസരപ്രദേശങ്ങളും കേന്ദ്രമാക്കി പരമ്പരാഗത കോണ്‍ഗ്രസ്സ് വോട്ടുകളാണ് ഇവരുടെ നേതൃത്വത്തില്‍ അട്ടിമറിക്കപ്പെട്ടത്. വിദേശങ്ങളിലും മറ്റുമുള്ള മുന്‍കാല കോണ്‍ഗ്രസ്സുകാരുടെ സമുദായ സംഘടനകളിലെ സ്വാധീനമുപയോഗിച്ചാണ് വോട്ടുമറിക്കല്‍ നടന്നതെന്ന് ആക്ഷേപമുണ്ട്.
പി.സി. ചാക്കോയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് എ ഗ്രൂപ്പ് നേതാക്കളെ എന്സിപിയിലേക്കെത്തിക്കാന് നീക്കം നടക്കുന്നത്. എം.പി. മുരളി കെപിസിസി ഭാരവാഹിത്വം രാജിവെയ്ക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നേതൃത്വത്തിന് സൂചന നല്‍കിയിട്ടുണ്ട്. ഇരിക്കൂറില്‍ സജീവ് ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് സോണി സെബാസ്ട്യൻ, കെപിസിസി സെക്രട്ടറിമാരായ എം.പി. മുരളി, ചന്ദ്രന് തില്ലങ്കേരി, ഡോ. കെ.വി. ഫിലോമിന, വി.എന്‍. ജയരാജ്, യുഡിഎഫ് ചെയര്മാന് പി.ടി. മാത്യു, ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ തുടങ്ങിയവര്‍ അന്ന് രാജി ഭീഷണിയുമായി രംഗത്ത് വന്നിരുന്നു. ഇവരെ മുഴുവന്‍ കൂടെ നിര്‍ത്തി കണ്ണൂരിലെ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിയുണ്ടാക്കാനാണ് ചാക്കോയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നത്. ഭരണതലത്തിലുള്ള ചില രാഷ്ട്രീയ നിയമനങ്ങള്‍ ലക്ഷ്യമാക്കിയാണ് എ ഗ്രൂപ്പ് നേതാക്കളുടെ കൂടുമാറ്റമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: