ഭുവനേശ്വര്‍: ഒരു യഥാര്‍ഥ മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് വീണ്ടും തെളിയിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. കേന്ദ്ര സഹായം ലഭിച്ചില്ല, കേന്ദ്ര ഫണ്ട് അതിനു വേണം, ഇതിനു വേണം എന്നൊക്കെ പറഞ്ഞ് മമതയടക്കം പല മുഖ്യമന്ത്രിമാരും വിവാദങ്ങള്‍ ഉണ്ടാക്കുമ്പോഴാണ് കേന്ദ്രത്തിനു മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാനില്ല, തത്ക്കാലം പണം വേണ്ടെന്നു പറഞ്ഞ് നവീന്‍ താന്‍ വ്യതസ്തനാണെന്ന് തെളിയിച്ചത്.
യാസ് കൊടുങ്കാറ്റില്‍ വലിയ നാശനഷ്ടമാണ് ഒഡീഷയിലുണ്ടായത്. ഇതു വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഒഡീഷയില്‍ വ്യോമനിരീക്ഷണം നടത്തിയിരുന്നു. അതിനു ശേഷം അദ്ദേഹവും ഉദ്യോഗസ്ഥരും മോദിയുമായി ചര്‍ച്ച നടത്തി. എന്നാല്‍ അടിയന്തരമായി ധനസഹായം വേണമെന്ന് അദ്ദേഹം മോദിയോട് ആവശ്യപ്പെട്ടില്ല. പ്രത്യേക സഹായങ്ങളും തേടിയില്ല.
ചര്‍ച്ചകള്‍ക്കു ശേഷം അദ്ദേഹം ട്വിറ്ററില്‍ ഒരു കുറിപ്പിട്ടു, ‘രാജ്യം കൊറോണ മഹാമാരിയുടെ മൂര്‍ദ്ധന്യത്തിലാണ്. അതിനാല്‍ ഞങ്ങള്‍ അടിയന്തര സാമ്പത്തിക സഹായം തേടിയില്ല. കേന്ദ്ര സര്‍ക്കാരിനു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാനില്ല, ഞങ്ങളുടെ സാമ്പത്തിക സ്രോതസുകള്‍ ഉപയോഗിച്ച് പ്രതിസന്ധി മറികടക്കാനാണ് ശ്രമം, കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ദീര്‍ഘകാല നടപടി മാത്രമാണ് അദ്ദേഹം തേടിയത്. നാലു വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ കിഴക്കന്‍ തീരത്തെ നാലു കൊടുങ്കാറ്റുകളാണ് തകര്‍ത്തെറിഞ്ഞത്. ഓരോ വര്‍ഷവും ഇത്തരം ദുരന്തങ്ങളാണ് ഞങ്ങള്‍ നേരിടുന്നത്. തീരമേഖലയുടെ സംരക്ഷണത്തിനുള്ള ദീര്‍ഘകാല നടപടി മതി, തീരമേഖലയില്‍ ഭൂമിക്കടിയിലൂടെയുള്ള വൈദ്യുതി കേബിള്‍ ഇടണം, അദ്ദേഹം ട്വിറ്ററില്‍ തുടര്‍ന്നു.
അതേസമയം, മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ മണിക്കൂറുകള്‍ വൈകിയെത്തുകയും യോഗത്തില്‍ പങ്കെടുക്കാതിരിക്കുകയും 20,000 കോടി സഹായം തേടി മോദിക്ക് പിന്നീട് കത്തെഴുതുകയും ചെയ്യുകയായിരുന്നു മമതയുടെ നടപടി. നവീന്‍ ആവശ്യപ്പെടാതെ തന്നെ മോദി അടിയന്തര സഹായമായി 500 കോടി ഒഡീഷയ്ക്ക് അനുവദിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: