വാഷിങ്ടണ്‍: കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന നിര്‍ണായക തീരുമാനവുമായി അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബസ്, വിമാനങ്ങള്‍, ആശുപത്രികള്‍, ജയില്‍, വീടില്ലാത്തവര്‍ക്കു വേണ്ടിയുള്ള, ഷെല്‍ട്ടറുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇനി മാസ്ക്ക് ധരിക്കേണ്ടതില്ല എന്ന തീരുമാനമാണ് ബൈഡന് അറയിച്ചത്.
രാജ്യത്ത് പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാന്‍ രൂപീകരിച്ച സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) യുടെ നിര്‍ദേശ പ്രകാരമാണ് നടപടി. പുതിയ നിര്‍ദേശം അടച്ചിട്ട മുറികളിലും തുറന്ന സ്ഥലങ്ങളിലും ഒരുപോലെ ബാധകമെന്നാണ് അറിയിച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും മാധ്യമ പ്രവര്‍ത്തകരുമായി വൈറ്റ് ഹൗസില്‍ വച്ച് സംസാരിച്ചത് മാസ്ക്ക് ധരിക്കാതെയാണ്. മഹത്തായ ദിവസമാണ് ഇതെന്നും കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായ നാഴികക്കല്ലാണെന്നും ബൈഡന് പറഞ്ഞു.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാഹചര്യം വളരെ കുറവാണെന്നും രാജ്യം നിര്‍ണായക നാഴികക്കല്ലാണ് പിന്നിട്ടതെന്നും ബൈഡന് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 114 ദിവസങ്ങള്‍ക്കുള്ളില്‍ 250 മില്യണ്‍ ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിന്റെ ഫലവും കണ്ടുതുടങ്ങി. സംസ്ഥാനങ്ങളില്‍ രോഗ ബാധിതരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. 2020 ഏപ്രിലിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. രോഗ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലേക്ക് തിരികെ എത്തിയത് വലിയ ആശ്വാസമാണ്. മരണ നിരക്കും 80 ശതമാനത്തിലേറെ കുറഞ്ഞെന്നും ബൈഡന് ചൂണ്ടിക്കാട്ടി. ഫൈസര്‍, മൊഡേണ,ജോണ്സന് ആന്‍ഡ് ജോണ്സന്, തുടങ്ങിയ വാക്സിനുകളാണ് അമേരിക്കയില്‍ ഉപയോഗിക്കുന്നത്. അസ്ട്ര സെനഗ വാക്സിന് സ്വീകരിച്ചവര്‍ക്കും ഈ ഇളവ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: