തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ നിന്നും പിണറായി വിജയന് മാത്രമേ മത്സരിക്കൂവെന്ന് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുകൂലമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടിയേരിയെ മത്സരിപ്പിക്കുന്നതില്‍ സിപിഎം ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. സംസ്ഥാന നേതൃത്വത്തിന് താത്പ്പര്യം ഉണ്ടെങ്കിലും മക്കളായ ബിനോയിക്കും ബിനീഷിനും എതിരേ കേസ് നിലനില്‍ക്കുന്നതിനാല്‍ കോടിയേരിയെ ഇത്തവണ മത്സരിപ്പിക്കേണ്ടെന്നാണ് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരുടെ തീരുമാനം.
കോടിയേരിയെ മത്സരിപ്പിക്കുന്നതില്‍ കണ്ണൂര്‍ ജില്ലയിലെ കീഴ്ഘടകങ്ങളില്‍ നിന്നുപോലും എതിര്‍പ്പുയര്‍ന്നു. കേന്ദ്ര കമ്മിറ്റിയംഗവും വ്യവസായ മന്ത്രിയുമായ ഇ.പി. ജയരാജന് ഇക്കുറി മത്സരിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കോടിയേരി ബാലകൃഷ്ണനെ മത്സര രംഗത്തിറക്കാന്‍ പാര്‍ട്ടി ആലോചിച്ചത്. ഇതിനോട് പിണറായിയും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിബി അംഗം കൂടിയായ കോടിയേരി മത്സരിക്കണമോ വേണ്ടയോയെന്നു തീരുമാനിക്കേണ്ടത് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയാണ്.
നിലിവിലെ സാഹചര്യങ്ങളില്‍ അനാരോഗ്യം കൂടി കണക്കിലെടുത്ത് തെരഞ്ഞെടുപ്പില്‍ കോടിയേരി മത്സരിക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. പാന്‍ക്രിയാസിനെ ബാധിച്ച അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കോടിയേരി തുടര്‍ ചികിത്സ തൃപ്തികരമായി നടത്തിയിട്ടുണ്ട്. രോഗവുമായി ബന്ധപ്പെട്ട് അവസാന പരിശോധന നടത്തിയെന്നും ശരീരത്തില്‍ നിന്ന് രോഗാണുക്കള്‍ പൂര്‍ണമായി ഇല്ലാതായെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചെന്നും കോടിയേരി പറഞ്ഞിരുന്നു. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഇത പാര്‍ട്ടി വിരുദ്ധ മനോഭാവം ഉണ്ടാക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ജന്മനാട്ടില് വീണ്ടും മത്സരിച്ച് എംഎല്‍എയായി തിരിച്ചുവരാന്‍ കോടിയേരിക്കും താല്‍പ്പര്യമുണ്ട്. നിലവില്‍ എ.എന്‍. ഷംസീറാണ് തലശേരി മണ്ഡലം എംഎല്‍എ. കോടിയേരി തിരിച്ചു വരികയാണെങ്കില്‍ മത്സര രംഗത്ത് നിന്നു മാറിനില്ക്കാന് തയാറാണെന്നാണ് ഷംസീറിന്റെ നിലപാട്. എന്നാല്‍ മൂത്തമകന് ബിനോയ്ക്കെതിരെ പിതൃത്വ കേസും രണ്ടാമത്തെമകന്‍ ബിനീഷ് മയക്കുമരുന്ന് ഇടപാടിനായി കള്ളപ്പണം വെളുപ്പിച്ച കേസില്‍ ബംഗളൂരുവിലെ അഗ്രഹാര ജയിലില്‍ റിമാന്‍ഡ് തടവുകാരനുമാണെന്നത് തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് എത്തിക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരോ കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചിട്ടില്ല, നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുമെന്നാണ് കോടിയേരിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
അതേസമയം കേന്ദ്ര കമ്മറ്റി അംഗം കെ.കെ. ശൈലജ മട്ടന്നൂരില്‍ നിന്നും ജനവിധി തേടുമെന്ന് റിപ്പോര്‍ട്ടുണ്ട്. പി.കെ. ശ്രീമതിക്ക് കല്യാശേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ താത്പര്യമുണ്ട്. കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദനും തളിപ്പറമ്പ് മണ്ഡലത്തിലെ പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: