കൊച്ചി: ഏതുവിധേനയും ഭരണം നിലനിര്‍ത്താന്‍ പാര്‍ട്ടിയോടു പിണങ്ങിപ്പോയവരുടെ കാലുപിടിക്കാനും സിപിഎം. ഭരണംപിടിക്കാന്‍ തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ് ഉള്‍പ്പെടെ യുഡിഎഫ് കക്ഷികള്‍ പരിശ്രമം തുടരുകയാണ്. സിപിഎം നയത്തോടും നേതാക്കളോടും വിയോജിച്ച് പാര്‍ട്ടി വിട്ടുപോയവരില്‍ വഴങ്ങുന്നവരെ തിരികെ പ്രവര്‍ത്തനത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് പാര്‍ട്ടി. ഇതിന് അതത് പ്രദേശത്തെ ചില പഴയനേതാക്കളെ ‘രാഷ്ട്രീയ ബലികൊടുക്കാനുള്ള’ വിശാല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.
പാര്‍ട്ടിയോട് അകന്നു നില്‍ക്കുന്നവരെ അവര്‍ അവസാനം പ്രവര്‍ത്തിച്ച പോഷക സംഘടനാ നേതാക്കളും സഹപ്രവര്‍ത്തകരുമാണ് സമീപിക്കുന്നത്. പഴയതെല്ലാം മറന്ന് പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വിട്ടുപോകാനുള്ള കാരണം പറയുകയും വിശദീകരിക്കുകയും ചെയ്യുമ്പോള്‍ അതിന് കാരണക്കാരന്‍ ഇന്നയാളാണ്, അയാള്‍ മറ്റു പലരേയും ഇതേപോലെ പാര്‍ട്ടിയില്‍നിന്ന് അകറ്റി എന്നെല്ലാം കുറ്റപ്പെടുത്തി, അവരെ ‘രാഷ്ട്രീയബലി’കൊടുക്കുകയാണ് പരിപാടി. ഒരു കാരണവശാലും പാര്‍ട്ടിയിലേക്ക് മടങ്ങാത്തവരെ പ്രദേശങ്ങളില്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. പഴയ എസ്എഫ്ഐക്കാരുടെ സംഗമം മുതല്‍ ആസൂത്രണം ചെയ്തു കഴിഞ്ഞു. സര്‍വീസ് സംഘടനകളിലുള്ളവര്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിച്ച് സഹപ്രവര്‍ത്തകരെ സമ്പര്‍ക്കം ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് പാര്‍ട്ടി സാങ്കേതിക വിദഗ്ധരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് മോനിട്ടറിങ് നടത്താനാണ് പദ്ധതി. ഉമ്മന്‍ ചാണ്ടിയുടെ പ്രചാരണരീതിയിലെ ജനസമ്പര്‍ക്ക സംവിധാനം ഇത്തവണ കൊവിഡ് മൂലം നടക്കില്ലെന്നതാണ് അവരെ അലട്ടുന്ന പ്രശ്നം. എന്നാല്‍, അധികാരം പിടിക്കാതെ നിലനില്‍ക്കാനാവില്ലെന്ന യാഥാര്‍ഥ്യം ഗ്രൂപ്പുകളെ ധരിപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം.
ബിജെപിയുടെ പ്രചാരണവും പ്രവര്‍ത്തനവും ഹൈടെക് സംവിധാനത്തിലായിരിക്കുമെന്നാണ് സൂചനകള്‍. പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിച്ച പ്രചാരണ പരിപാടി കേരളത്തില്‍ വ്യാപകമാക്കും. ദേശീയ നേതാക്കളുടെ വെര്‍ച്വല്‍ യോഗങ്ങളും പ്രചാരണ പരിപാടികളും നടത്താനാണ് ആസൂത്രണം. ആധുനിക പ്രചാരണോപാധികള്‍, കുറഞ്ഞ ചെലവില്‍ കൂടുതല്‍ പ്രചാരണത്തിലൂടെ ഏറ്റവും കൂടുതല്‍ പേരില്‍ സമ്പര്‍ക്കം, അതാണ് പാര്‍ട്ടിയുടെ ആസൂത്രണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: