കീഴൂര്‍: ഇടത് വലത് മുന്നണി നേതാക്കള്‍ക്ക് രാഷ്ട്രീയമെന്നത് ജീവിക്കാന്‍ മാത്രമുള്ള തൊഴിലായി മാറിയതോടെ മുല്യാധിഷ്ടിത രാഷ്ട്രീയമെന്നത് അധപതിച്ചുവെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. കീഴൂരില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിക്കേസില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ജയിലിലായി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും എല്‍ഡിഎഫ് നേതാക്കളുമടക്കമുള്ളവര്‍ ജയിലിലേക്ക് പോകാന്‍ സമയം നോക്കിയിരിക്കുകയാണ്. സ്വന്തം ഓഫീസ് പോലും ഭരിക്കാനറിയാത്ത മുഖ്യമന്ത്രി പിണറായിയാണോ നാട് ഭരിക്കുന്നത്. കൊടിയേരിക്കും പിണറായി വിജയനുമുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പുറത്തിറങ്ങി പത്ത് വോട്ട് ചോദിക്കാനുള്ള സാഹചര്യമല്ല ഉള്ളത്. ഇടത് മുന്നണി നേതാക്കള്‍ക്ക് പുറത്തിറങ്ങി തെരഞ്ഞെടുപ്പ് പ്രചരണത്തിലേര്പ്പെടാന് പറ്റാത്ത സ്ഥിതി വിശേഷം ചരിത്രത്തിലാദ്യമാണ്. വോട്ട് കിട്ടില്ലെന്ന ഭയത്താല്‍ ഇടത് വലത് നേതാക്കളുടെ പടം പോലും പോസ്റ്ററുകളില്‍ ഇടാന്‍ സ്ഥാനാര്‍ത്ഥികള്‍ തയ്യാറാകുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഒരു നേതാവ് പോലുമില്ല. പ്രത്യയശാസ്ത്രത്തില്‍ വോട്ട് തേടാന്‍ അവര്ക്കാവാത്തതിനാല് തന്നെ ധാര്‍മിക ച്യുതി സംഭവിച്ചവെന്നാണ് അര്‍ത്ഥം. ബിജെപിയെ തൊഴിച്ച് നിലംപരിശാക്കി താഴെയിട്ടാല്‍ മുസ്ലിം വോട്ട് ലഭിക്കുമെന്ന് കരുതിയാണ് രമേശ് ചെന്നിത്തല വര്‍ഗ്ഗിയ പരാമര്‍ശങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. ഉത്തരേന്ത്യയില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും എന്‍ഡിഎ വന്‍ മുന്നേറ്റം നടത്തി വിജയിച്ച് കയറുകയാണ്.
യാദവകുലം നശിച്ചുവെന്ന് ആരാണ് രമേശിനോട് പറഞ്ഞത്. അദ്ദേഹത്തിന് പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള അറവില്ലായ്മയാണ് ഇത് വ്യക്തമാക്കുന്നത്. യാദവകുലം ഇന്നുമുണ്ട്. യാദവ സമൂഹത്തെ കളിയാക്കുകയാണ് രമേശ് ചെയ്യുന്നത്. കാര്‍ഷിക വിളക്കള്ക്ക് കര്‍ഷകരുടെ അധ്വാനഫലം ലഭിക്കണമെന്ന ആവശ്യങ്ങള്‍ പരിഗണിച്ച് ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന പദ്ധതി മോദി സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അതിനെയെതിര്ക്കുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാ ണമെന്നും ദേശവിരുദ്ധ ശക്തികള്‍ കര്‍ഷക സമരത്തിന്റെ പേരില്‍ സമര ആഭാസമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കണമെന്ന് ഇടത് വലത് മുന്നണികള്‍ തന്നെ പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിന് ഇരു മുന്നണികളും പാര പണിയുകയാണ്. കേരളത്തില്‍ ഒരു പെട്ടി കടപോലും തുറക്കാന്‍ ആരും തയ്യാറാകുന്നില്ല. പത്ത് പേര്‍ക്ക് തൊഴില്‍ കിട്ടാനുള്ളയെന്ത് പദ്ധതിയാണ് ഇവിടെയുള്ളത്. അതുകൊണ്ട് മലയാളികള്‍ സംസ്ഥാന വിട്ടു പോകുകയാണ് ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് ഇരുകൂട്ടരും. അതുകൊണ്ട് മാറ്റി ചിന്തിക്കേണ്ട സമയമാണിപ്പോഴെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, സെല്‍ കോ ഓര്‍ഡിനേറ്റര്‍ എന്‍.ബാബുരാജ്, സമിതിയംഗം ശ്രീനിവാസന്, ഫിഷറീസ് സെല്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ്. സുരേഷ്, മൂത്തോളി ആയത്താര്‍, കൊടക്കാടന്‍ ഉളിയന് വെളിച്ചപ്പാടന്‍, തമ്പാന് അച്ചേരി, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജന്മൂളിയാര് സ്ഥാനാര്‍ത്ഥികളായ ശ്രീലത, മണികണ്ഠന്, ലതഗംഗാധരന്‍, ധന്യദാസന്, ചിത്രലേഖ ശശിധരന്, മോഹനന് നടക്കാല്‍, ഷിജിത്ത്കുമാര്‍, സുജാതരാമകൃഷ്ണന്, മണ്ഡലം വൈസ് പ്രസിഡണ്ട് സദാശിവന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: