ആലപ്പുഴ: ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി വിലക്കേര്‍പ്പെടുത്തിയെങ്കിലും, പാര്‍ട്ടി ആചാരങ്ങള്‍ക്ക് വിലക്കില്ല. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒന്നിച്ച് ആചരിക്കുന്ന പുന്നപ്ര വയലാര്‍ സമര വാരാചരണ പരിപാടികളിലെ ആചാരങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നു. ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങള്‍ മാത്രമല്ല, ആനയെഴുന്നള്ളത്തുകള്‍ വരെ കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
ആലപ്പുഴയിലെ പ്രധാന ക്ഷേത്രമായ മുല്ലയ്ക്കല് രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. പൂജാദി ചടങ്ങുകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. രണ്ടു കിലോമീറ്റര്‍ അകലെയുള്ള പഴവീട് ക്ഷേത്രത്തില്‍ നിന്നാണ് കാലങ്ങളായി ആറാട്ടെഴുന്നള്ളത്ത് നടക്കുന്നത്. എന്നാല്‍ ഇത്തവണ എഴുന്നള്ളത്ത് അനുവദിച്ചിട്ടില്ല. ക്ഷേത്രത്തിനുള്ളില്‍ തന്നെ ആറാട്ട് ചടങ്ങുകള്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം. ആള്‍ക്കൂട്ടം ഒഴിവാക്കി പോലും ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടത്താനുള്ള അനുവാദം നല്‍കിയിട്ടില്ല.
എന്നാല്‍ പുന്നപ്രവയലാര്‍ സമരവാരാചരണത്തിന്റെ ഭാഗമായി പൊതുഇടങ്ങളിലെ ആചാരങ്ങള്‍ എല്ലാം മുറതെറ്റാതെ നടന്നു. പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനങ്ങള്‍ എല്ലാം പതിവുപോലെ തന്നെ നടക്കുന്നു. വലിയ ആള്‍ക്കൂട്ടം മാത്രം ഒഴിവാക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ ദീപശിഖ പ്രയാണങ്ങള്‍ ഉള്‍പ്പടെ മുടക്കില്ല. ക്ഷേത്രങ്ങളില്‍ ഉത്സവാചരങ്ങള് നടന്നാല്‍ കോവിഡ് പടരുമെന്നും, പാര്‍ട്ടി ആചാരങ്ങള്‍ നടത്തിയാല്‍ കോവിഡ് അകന്നു നില്‍ക്കുമെന്നുമുള്ള വിചിത്ര ന്യായമാണ് അധികൃതര്‍ക്ക്. വാരാചരണ ചടങ്ങുകള്‍ 27ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: