കൊച്ചി: ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് അറിയില്ല, ഭരണതലത്തില്‍ സഹായിക്കേണ്ട ഉദ്യോഗസ്ഥരും ഉപദേശിക്കാന്‍ ഒപ്പം നില്‍ക്കുന്നവരും മുഖ്യമന്ത്രിയെ വിഡ്ഢിവേഷം കെട്ടിക്കുന്നു- ഇതാണ് ലൈഫ് മിഷന് പാര്‍പ്പിട പദ്ധതിയെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയതുവഴി പിണറായി വിജയന് തെളിയിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍നിന്ന് തല്‍ക്കാലമെങ്കിലും രക്ഷപ്പെടാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തിയ വിജിലന്‍സ് (ദുര്)വിനിയോഗ നീക്കം, സിബിഐ അന്വേഷണത്തോടെ വന്‍ പരാജയമായി മാറി.
കേരള സര്‍ക്കാര്‍ മാന്വല്‍ ഫോര്‍ ഡിസിപ്ലിനറി പ്രോസസിങ്സ് എന്ന മാര്‍ഗ നിര്‍ദേശ പ്രകാരം വിജിലന്‍സ് കേസ് എടുക്കാനും അന്വേഷിക്കാനുമുള്ള മൂന്ന് സാഹചര്യങ്ങള്‍ വിശദീകരിക്കുന്നു. ലൈഫ് പദ്ധതിയില്‍ ഉയര്‍ന്ന വിദേശ സാമ്പത്തിക സഹായ ലംഘന വിഷയം അതില്‍ വരില്ല. ഇത് വിജിലന്‍സ് തലപ്പത്തിരിക്കുന്ന ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് അറിയില്ല!, ചീഫ് സെക്രട്ടറിക്ക് അറിയില്ല!, വകുപ്പ് സെക്രട്ടറിക്കറിയില്ല!, പോലീസ് തലപ്പത്തിരുന്ന് വിരമിച്ച ഉപദേശകനറിയില്ല!.
ലൈഫ് മിഷന് പാര്‍പ്പിട പദ്ധതിയുടെ വടക്കാഞ്ചേരിയിലെ ഫ്ലാറ്റുനിര്‍മാണം സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള പദ്ധതിയല്ല. അതില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സഹകരിക്കുന്നുവെന്നേയുള്ളു. അതുകൊണ്ടാണ് സര്‍ക്കാര്‍ ജീവനക്കാരിയല്ലാത്ത സ്വപ്ന സുരേഷ് അതില്‍ ഇടനിലക്കാരിയായത്. അപ്പോള്‍ ഈ വിഷയത്തില്‍ പൊതു പ്രവര്‍ത്തകര്‍ക്കെതിരേയുള്ള അഴിമതിയന്വേഷണം എന്ന ഗണത്തില്‍ പെടുത്തിയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. പക്ഷേ, ഉത്തരവിട്ടു.
സ്വര്‍ണക്കടത്തു കേസ് പുറത്തുവന്നപ്പോള്‍ ഏത് ഏജന്‍സിയും അന്വേഷിക്കട്ടെ എന്ന് ധൈര്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ‘സ്വാഗത’ക്കത്തെഴുതിയെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി എന്തുകൊണ്ട് വിദേശ സാമ്പത്തിക ഇടപാടുള്ള കേസില്‍ കേന്ദ്ര ഏജന്‍സിക്കു പകരം സ്വന്തം വിജിലന്‍സിനെ ചുമതലപ്പെടുത്തിയെന്നതും വിചിത്രമാണ്. എം. ശിവശങ്കറിനെ വിശ്വസിച്ചു പോയി എന്ന് പിണറായി ഏറ്റു പറഞ്ഞു, മന്ത്രി ജലീലിനെ ഇപ്പോഴും വിശ്വസിക്കുകയാണ്. പുതിയ സംഭവ വികാസങ്ങളോടെ ഒപ്പം നില്ക്കുന്ന ആരെയും വിശ്വസിക്കാനാവാത്ത മനോനിലയിലാണ്. മുഖ്യമന്ത്രിക്ക് സ്വന്തം നിഴലിനെ പോലും വിശ്വാസമില്ലാതായെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പ്രസ്താവിച്ചിരുന്നു.
ലൈഫ് മിഷന് തൃശൂര്‍ പദ്ധതിയുടെ ഫയലുകള്‍ ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി വിളിച്ചുവരുത്തി. അത് പരിശോധിച്ചു. അത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വാര്‍ത്തയുമാക്കി പ്രചരിപ്പിച്ചു. അതായത് കരാറും സാമ്പത്തിക സഹായ സ്വീകരണവുമൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ലെന്ന് പിന്നീട് സ്ഥാപിക്കാനുള്ള ‘പ്രത്യേക നടപടി’ ആയിരുന്നു അത്. സിബിഐ അന്വേഷണവേളയില്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടും അതായിരിക്കും. പക്ഷേ, മിഷന് തലപ്പത്തും സര്‍ക്കാര്‍ തലപ്പത്തും ഇരിക്കുന്നവര്‍ എന്തറിഞ്ഞാണെന്ന ചോദ്യം കൂടുതല്‍ പ്രസക്തമാവുകയാണ്.
വരുംനാളുകളില്‍ ലൈഫ് മിഷന് പദ്ധതിയുടെ മുഴുവന്‍ വിശ്വാസ്യതയും തകര്‍ന്നു വീഴുകയും ഓരോ പ്രാദേശിക പദ്ധതിയിലുമുള്ള ക്രമക്കേടുകള്‍ പുറത്തുവരികയും ചെയ്യുമെന്നാണ് വിവരം. ലൈഫ് മിഷന് പദ്ധതിയുടെ സിഇഒ യു.വി. ജോസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ മൊഴിയില്‍, ”സര്‍ക്കാര്‍ നയവും നിര്‍ദേശവും പറയുന്നു, ഞാന്‍ ചെയ്യുന്നുവെന്നേ ഉള്ളുവെന്ന്” വിശദീകരിച്ചത് മറ്റു പദ്ധതികളിലേക്കുമുള്ള അന്വേഷണ സാധ്യതയാണ് കാണിക്കുന്നത്.
വിജിലന്‍സ് അന്വേഷണം സംബന്ധിച്ച് പ്രമുഖ അഭിഭാഷകന് കെ. രാംകുമാര്‍ പറയുന്നതിങ്ങനെയാണ്: ”വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാണ് ലൈഫ് മിഷന് പദ്ധതിയുടെ അധ്യക്ഷനും. ഐടി വകുപ്പും മുഖ്യമന്ത്രിയുടെ കീഴിലാണ്. അപ്പോള്‍ മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധമുള്ള ഇടപാടുകള്‍ (ഇതില്‍ വിദേശ ഇടപാടുകളുമുണ്ട്) മുഖ്യമന്ത്രിതന്നെ നിയന്ത്രിക്കുന്ന ഒരു വകുപ്പ് നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായി അന്വേഷിക്കുന്നത് ഒരു വലിയ വൃഥാ വ്യായാമമല്ലേ? സ്വാഭാവിക നീതിയുടെ നിര്‍ലജ്ജമായ ലംഘനമല്ലേ? ഗതികേടുകൊണ്ടാണെങ്കിലും ജനങ്ങളെ പമ്പര വിഡ്ഢികളാക്കുന്ന പ്രക്രിയകള്‍ക്കും അതിരുകളില്ലേ? പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ വിധിയെഴുതട്ടെ.”
ഇവിടെ ചോദ്യം, ആര് ആരെ വിഡ്ഢിയാക്കുന്നുവെന്നതാണ്. പ്രത്യേകിച്ച്, മുന്‍ സെക്രട്ടറി എം. ശിവശങ്കര്‍, രഹസ്യ സദസില്‍ പറഞ്ഞതായി പുറത്തുവന്ന കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍; ”മുഖ്യമന്ത്രി പിടിപ്പുകെട്ടവനാണ്, ഒപ്പിടുന്നതു പോലും ഞാന്‍ ചൂണ്ടിക്കാണിക്കുന്നിടത്താണ്,” എന്നായിരുന്നു ശിവശങ്കറിന്റെ പറച്ചില്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: