കോഴിക്കോട് : ഇടത് സര്‍ക്കാര്‍ ഒപ്പുവെച്ച കരാറുകളെ കുറിച്ച് കേന്ദ്ര അന്വേഷണം നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാണോയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിനിടയിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
സിപിഎം നാല് വര്‍ഷത്തെ ഭരണത്തിനിടയില്‍ ഒപ്പുവെച്ചിട്ടുള്ള എല്ലാ കരാറുകള്‍ക്ക് പിന്നില്‍ ശിവശങ്കരനും സ്വപ്ന സുരേഷും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധവുമുള്ള ഒരു വ്യക്തിയുമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെക്കാള്‍ സ്വാധീനമുള്ള സ്വപ്നാ സുരേഷാണ് ഭരണകൂടം നിയന്ത്രിച്ചിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട് കമ്മിഷന് വകയില്‍ ലഭിച്ച ബാക്കി തുക എവിടെ പോയെന്ന് വ്യക്തമാക്കണം. വിദേശത്തുള്ള ഒരു സംഘടനക്ക് ഒരു നിയന്തണങ്ങളുമില്ലാതെ എങ്ങിനെയാണ് കെട്ടിട നിര്‍മ്മാണ അനുമതി ലഭിക്കുക.റോക്കറ്റ് വേഗത്തിലാണ് ഈ കരാറിന്റെ ഉടമ്പടികള്‍ തയ്യാറാക്കിയത്.13 കോടിക്ക് പാര്‍പ്പിടം നിര്‍മ്മിക്കാന്‍ തയ്യാറായിരുന്നു. ഇത് മറികടന്നാണ് റെഡ്ക്രസന്റിന് നല്‍കിയത്. കരാറിന്റെ വ്യവസ്ഥകള്‍ പുറത്തു വിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
പാവപ്പെട്ടവന്റെ പാര്‍പ്പിട പദ്ധതിയില്‍ നിന്നാണ് 1 കോടി രൂപ കമ്മീഷന് ഇനത്തില്‍ പോയത്.സ്വപ്ന കൈവശപ്പെടുത്തിയ തുക ഉപയോഗിച്ച് നിരവധി വീടുകള്‍ നിര്മ്മിക്കാമായിരുന്നു. നാല് വര്‍ഷക്കാലത്തെ കരാറുകള്‍ കോഴ, കൈക്കൂലി, കമീഷന് കരാറുകളായിരുന്നു.എല്ലാ കരാറുകളും അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം തന്ത്രപരമാണ്. സര്‍ക്കാറിനെതിരെ ശബ്ദം ഉയര്‍ത്താന്‍ പാടില്ല എന്ന നിലപാടിന്റെ ഭാഗമാണ്. കോഴിക്കോട് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്. ഇടത് നേതാക്കള്‍ക്ക് ഇതിലുള്ള പങ്ക് അന്വേഷിക്കണം. അതേസമയം സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്നും കെ.ടി. ജലീല്‍ മാത്രമല്ല മുഖ്യമന്ത്രിയും മാറി നില്‍ക്കണമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: