മനസ്സിലെ ഇരുട്ടുമാറി വെളിച്ചം വരാന്‍ വേണ്ടിയാണ് രാമായണ പാരായണം ചെയ്യുന്നതെന്ന സങ്കല്പം ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കുമുണ്ട്. കേരളത്തില്‍ കര്‍ക്കടകമാസത്തില്‍ ഇങ്ങനെ പാരായണം ചെയ്ത് മനസ്സ് പരിപൂതമാക്കി വെക്കുന്ന ജനതതികള്‍ ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്.ശ്രീകോവിലില്‍ നടത്തുന്ന ധന്യതയാര്‍ന്ന പൂജ പോലെ ഓരോ വിശ്വാസി ഭവനങ്ങളിലും രാമായണ പാരായണം ഒരു പൂജയായി നടക്കുന്നുണ്ട്. ക്ഷേത്രങ്ങളിലും അതുമായി ബന്ധപ്പെട്ട യിടങ്ങളിലും അങ്ങനെ തന്നെ.
രാമന്റെ അയനമായും രാമായണത്തെ വിശേഷിപ്പിക്കുന്നത് വെളിച്ചം ഇരുട്ടകറ്റുമെന്ന വിശ്വാസവും അനുഭവവുള്ളതിനാലാണ്. ഭാരതത്തിന്റെ അസ്തിത്വവും വെളിച്ചവുമാണല്ലോ ശ്രീരാമന്. മനസ്സിലെ കന്മഷക്കാടിന് അഗ്നി പകര്‍ന്ന് ശോഭ കൂട്ടി പരിശുദ്ധമാക്കാനുള്ള പരിശ്രമമാണ് രാമായണ പാരായണം വഴി നടക്കുന്നത്.രാമന് ഭാരതീയ സംസ്കൃതിയുടെ ഉജ്വലമായ ദീപമാണെന്ന് കരുതുന്നവര്‍ അത് നെഞ്ചേറ്റുമ്പോള്‍, ഇരുട്ടിലാണെല്ലാം ചെയ്യേണ്ടത് എന്ന് വിശ്വസിക്കുന്ന രാക്ഷസ മനസ്കര്‍ക്ക് അതു പിടിക്കാത്തത് സ്വാഭാവികം. ഒളിഞ്ഞും തെളിഞ്ഞും രാമായണ സംസ്കൃതിയെ തകിടം മറിക്കാന്‍ നേതൃത്വം നല്‍കിവരുന്നവരും ഒത്താശക്കാരും ഇപ്പോള്‍ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മാര്‍ക്സിസ്റ്റ് എം എല്‍എ എം.സ്വരാജ് കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഫേസ്ബുക്ക് ലൈവ് വഴി നടത്തിയ രാമായണ പ്രഭാഷണം. ക്ഷേത്രോപദേശക സമിതിയുടെ ക്ഷണപ്രകാരമാണ് ‘രാമായണത്തിന്റെ നാള്‍വഴികള്‍’ എന്ന പ്രഭാഷണ പരമ്പരയില്‍ അദ്ദേഹം പങ്കെടുത്തത്. രാമായണത്തില്‍ നിന്ന് കിട്ടിയ സന്ദേശം ‘അരുത്’ എന്നാണെന്ന് അദ്ദേഹം പറയുന്നു.
വിശ്വാസികളെ ക്ഷേത്രാങ്കണങ്ങളില്‍ നിന്ന് ഓടിച്ച് അവിടെ അധീശത്വം സ്ഥാപിച്ച് ഹൈന്ദവധര്‍മവും സംസ്കാരവും തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ കമ്യൂണിസ്റ്റ് കുടിലത ചിലയിടങ്ങളില്‍ ശക്തി പ്രാപിക്കുന്നുണ്ട്. അത്തരമൊരു ഇടമാണ് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രം. രാമായണ സംസ്കാരത്തെ കടപുഴക്കിയെറിഞ്ഞ് ഭാരതത്തിന്റെ അന്തഃസത്തയെ എന്നേക്കുമില്ലാതാക്കാന് ശ്രമിക്കുന്ന ശക്തികളെക്കൊണ്ട് രാമായണ പ്രഭാഷണം നടത്തിക്കുന്നതിന്റെ പിന്നില്‍ എന്താണെന്ന് തിരിച്ചറിയാന്‍ ഗവേഷണ പടുത്വമൊന്നും ആവശ്യമില്ല. തങ്ങളുടെ മ്ലേച്ഛസിദ്ധാന്തം അടിച്ചേല്‍പ്പിക്കാനുള്ള ഒരു വഴിയായാണ് ഈ പ്രഭാഷണ പരമ്പരയെ കമ്യൂണിസ്റ്റുകളും അവരുടെ സില്‍ബന്തികളും കാണുന്നത്. പണ്ഡിതോചിതമായ തരത്തില്‍ രാമായണ പ്രഭാഷണവും വിശകലനങ്ങളും നടത്തുവാനറിയുന്ന നൂറുകണക്കിന് പേരുള്ളപ്പോള് ഇത്തരം ഹ്രസ്വദൃഷ്ടിയുള്ള രാഷ്ട്രീയക്കാരെക്കൊണ്ട് ഇമ്മാതിരി പരിപാടി നടത്താന്‍ തീരുമാനിച്ചതിന്റെ ചേതോവികാരമാണ് മനസ്സിലാകാത്തത്. തികച്ചും പ്രതിഷേധാര്‍ഹവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണിത്.ഭക്തരിലും വിശ്വാസികളിലും കടുത്ത പ്രതിഷേധമാണ് ഇതിനെ തുടര്‍ന്ന് ഉണ്ടായത്. സാമൂഹിക മാധ്യമങ്ങളും അക്കാര്യത്തില്‍ ഒറ്റക്കെട്ടോടെ നിലയുറപ്പിച്ചത് പ്രശംസാര്‍ഹമാണ്.
മാരീചന് സ്വര്‍ണമാനായി വന്ന് സീതാദേവിയെ അപഹരിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവഗതികള്‍ രാമായണത്തില്‍ വര്‍ണിച്ചത് ക്ഷേത്രോപദേശ സമിതിയും അവരുടെ പിണിയാളായി വന്ന പ്രഭാഷകനും മനസ്സിരുത്തി വായിക്കുന്നത് നന്ന്. രാക്ഷസീയ ശക്തികളുടെ സ്വര്ണമാന് ചമയല്‍ തല്ക്കാലം ശ്രദ്ധയില്‍ പെട്ടില്ലെങ്കിലും അതിന് കാലത്തിന്റെ തിരിച്ചടി കിട്ടുമെന്നത് തര്‍ക്കമറ്റ സംഗതിയത്രെ.ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട സകല സംസ്കാരവും ഇല്ലാതാക്കി അവിശ്വാസത്തിന്റെ വിഷധൂളി പടര്‍ത്താന്‍ ആവുന്നത്ര ശ്രമിക്കുന്നവര്‍, ശക്തനും
വീരപരാക്രമിയുമായ രാവണന് എന്തു സംഭവിച്ചുവെന്ന് ഓര്‍ത്താല്‍ നന്നാവും. ഹൈന്ദവ മാനബിന്ദുക്കളെ വികൃതമായി കൈകാര്യം ചെയ്താല്‍ എന്താവും പ്രതികരണമെന്ന് തൃപ്പൂണിത്തുറയിലെ നല്ല മനസ്സുള്ള സമൂഹം കാണിച്ചു തന്നത് പാഠമാകണം. മനസ്സു നന്നാവാനല്ല കമ്യൂണിസ്റ്റ് നേതാക്കള്‍ രാമായണം വായിക്കുന്നതെന്നതിന് തൃപ്പൂണിത്തുറയില്‍ പ്രഭാഷണം നടത്തിയ സഖാവു തന്നെ ഉദാഹരണം. ക്ഷതങ്ങളില്‍ നിന്ന് ത്രാണനം ചെയ്യിക്കുന്ന ഇടമാണ് ക്ഷേത്രം.അവിടെ ക്ഷതം മാത്രം ഉണ്ടാക്കുന്നവരുടെ സാന്നിധ്യം അരോചകവും അപകടവുമാണ്. അത് അനുവദിച്ചു കൂടാ. ക്ഷേത്രസ്ഥലങ്ങള്‍ പൊതു കാര്യങ്ങള്‍ക്കെന്ന മറവില്‍ കയ്യേറുന്നതിന് ഔദ്യോഗിക പരിവേഷം കിട്ടിയിരിക്കുന്നകാലത്ത്പ്രത്യേകിച്ചും.രാമായണകാലത്ത് ഇത്തരം മാരീചന്മാര് പല വേഷത്തിലും വരുമെന്ന് മനസ്സിലാക്കാന്‍ ഈ അവസരം പ്രയോജനപ്പെട്ടു എന്ന ഒറ്റ സമാധാനമേ വിശ്വാസി സമൂഹത്തിനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: