കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന്റെ ഭാഗം ന്യായീകരിക്കാനുള്ള സിപിഎമ്മിന്റെ ലഘുലേഖ വിതരണം പരാജയപ്പെട്ടു. സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിയുടെ ഓഫീസിനോ പങ്കില്ലെന്ന് പ്രചരിപ്പിക്കാനാണ് ‘തുറന്ന് കാട്ടപ്പെടുന്ന അജണ്ടകളും നുണകളും’ എന്ന തലക്കെട്ടോടെ സിപിഎം സംസ്ഥാന കമ്മിറ്റി ലഘുലേഖ പുറത്തിറക്കിയത്. ലഘുലേഖ വിവിധ ബ്രാഞ്ച് കമ്മിറ്റികളിലെത്തിച്ച് ഗൃഹസമ്പര്‍ക്കത്തിലൂടെ ജനങ്ങളിലെത്തിക്കാനായിരുന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഗൃഹസമ്പര്‍ക്കത്തില്‍ ജനങ്ങളില്‍ നിന്നുണ്ടായ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിപറയാനാവാതെ മിക്ക പ്രദേശങ്ങളിലും ലഘുലേഖ വിതരണം നിലച്ചിരിക്കുകയാണ്. മിക്ക ബ്രാഞ്ചുകളിലും ലഘുലേഖകള്‍ വിതരണം ചെയ്യാതെ പാര്‍ട്ടി ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്. ചുരുക്കം ചില പ്രദേശങ്ങളില്‍ മാത്രമാണ് ഭാഗികമായെങ്കിലും വിതരണം ചെയ്തത്.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തിന് മറുപടി പറയേണ്ടതില്ലെന്ന നിലപാടിലാണ് മിക്ക പാര്‍ട്ടി പ്രാദേശിക ഘടകങ്ങളും. പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ശക്തമായ വിഭാഗീയതയും ലഘുലേഖ വിതരണം പരാജയപ്പെടുന്നതിന് കാരണമായി. ലഘുലേഖ വിതരണം ചെയ്യുന്നതിനിടെ വിമര്‍ശനാത്മക ചോദ്യങ്ങളുയര്‍ന്നാല്‍ സൗമ്യമായി മാത്രമേ പ്രതികരിക്കാന്‍ പാടുള്ളു എന്ന നിര്‍ദേശം നേരത്തെ നല്‍കിയിരുന്നുവെങ്കിലും പല സ്ഥലങ്ങളിലും ഇത് പാലിക്കപ്പെട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞദിവസം നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ടിങ്ങോ ചര്‍ച്ചയോ ഉണ്ടായില്ലെന്നാണ് സൂചന.
കൊവിഡ് പശ്ചാത്തലത്തില്‍ ബ്രാഞ്ച് ലോക്കല്‍ കമ്മിറ്റി യോഗങ്ങള്‍ പഴയത് പോലെ നടക്കാത്തതിനാല്‍ കീഴ്ഘടകങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാനോ പാര്‍ട്ടി നയപരിപാടികള്‍ നടപ്പിലാക്കാനോ നേതൃത്വത്തിന് സാധിക്കുന്നില്ല. നേതൃതലത്തില്‍ ശക്തമായ വിഭാഗീയതയും സംസ്ഥാന സര്‍ക്കാരിനെതിരെ തുടര്‍ച്ചയായുണ്ടാകുന്ന അഴിമതിയാരോപണങ്ങളും കീഴ്ഘടകങ്ങളെയും ബാധിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതയില്‍ അസംതൃപ്തരായ വലിയ വിഭാഗം നേതാക്കളും നേതൃത്വത്തിന്റെ നിലപാടുകളോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ എല്ലാ തീരുമാനങ്ങള്‍ക്കും പിന്തുണ നല്‍കിയിരുന്ന കണ്ണൂര്‍ ലോബിയും ഇപ്പോള്‍ പൂര്‍ണമായി സഹകരിക്കുന്നില്ല. നയപരിപാടികളിലും ആസൂത്രണത്തിലും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ സംഘടനാ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തു വരുന്ന സാഹചര്യത്തില്‍ അഴിമതി ആരോപണങ്ങളും വിഭാഗീയതയും കീഴ്ഘടകങ്ങളിലെ മരവിപ്പും നേതൃത്വത്തെ പൂര്‍ണമായും പ്രതിരോധത്തിലാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: