ബത്തേരി: കൊറോണ ചികിത്സയില്‍ ആശുപത്രി വാസം കുറയ്ക്കാന്‍ ആയുര്‍വേദം ഉപയോഗപ്പെടുത്തണമെന്ന്. കേരള സ്റ്റേറ്റ് ഗവ.ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊറോണ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും കൊറോണ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രധാനപ്പെട്ട സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രികളിലും ഗുരുതര ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളില്‍ ആയുര്‍വേദ മരുന്നുകള്‍ ഉപയോഗപ്പെടുത്തിയാല്‍ രോഗം വേഗം കുറയാന്‍ ഇടയാക്കും.
രോഗവ്യാപനം തീവ്രമായാല്‍ ഗുരുതര രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീട്ടില്‍ ഇരുന്ന് ചികിത്സിക്കാന്‍ അനുവദിക്കുന്നതാണ് ഉചിതമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ആയുര്‍വേദത്തിന്റെ ഒരു സാധ്യതകളും ഉപയോഗപ്പെടുത്താതെ ഡോക്ടര്‍മാരെയും ജീവനക്കാരെയും മാത്രം കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേയ്ക്ക് അയക്കുന്നതില്‍ അര്‍ത്ഥമില്ല.
നിലവില്‍ നല്ല രീതിയില്‍ നടക്കുന്ന ക്വാറന്റൈയിനിലുള്ളവര്ക്കുള്ള അമൃതം, 60 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള സുഖായുഷ്യം, കോവിഡ് രോഗം മാറിയവര്‍ക്കുള്ള പുനരധിവാസ ചികിത്സായ പുനര്‍ജനി തുടങ്ങിയ പദ്ധതികള്‍ താളം തെറ്റാനിടയാക്കും. മാത്രമല്ല മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജീവിത ശൈലീ രോഗ നിയന്ത്രണം, പാലിയേറ്റീവ് പരിചരണം, വയോജന ചികിത്സാ പദ്ധതികള്‍, ദിവസേന രോഗികള്‍ വിവിധ അസുഖങ്ങള്‍ക്ക് ആശ്രയിച്ചു വരുന്നത് തുടങ്ങിയവയെ ബാധിച്ച് ആയുര്‍വേദ ഡിസ്പെന്‍സറികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുമെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ഡോക്ടര്‍മാരുടെ ഒഴിവുള്ള തസ്തികകളില്‍ അടിയന്തിരമായി നിയമനം നടത്തിയും താല്കാലിക ഡോക്ടര്‍മാരുടെ സേവനവും കൂടി ഉപയോഗപ്പെടുത്തിയും കോവിഡ് നിയന്ത്രണം ഊര്‍ജ്ജിതമാക്കണമെന്നും ഡോ: ആര് കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി ഡോ.വി.ജെ. സെബി, ഡോ.അരുണ്‍ കുമാര്‍.ജി, സെക്രട്ടറി ഡോ.സിറാജുദ്ധീന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: