മൂലമറ്റം: പരിസ്ഥിതിക്ക് ദോഷകരമാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കച്ചവട സ്ഥാപനങ്ങളില്‍ തിരികെ എത്തി. ഷിമ്മി കൂട് എന്ന പേരില്‍ അറിയപ്പെടുന്ന ഏത് കടയില്‍ നിന്നും സാധാനങ്ങള്‍ ഇട്ട് നല്കുന്ന പ്ലാസ്റ്റിക് കൂടുകള്‍ അടുത്തിടെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പിന്നാലെ കൊറോണയും ലോക്ക് ഡൗണും എത്തിയതിന്റെ മറവില്‍ ഇവ ഇഷ്ടം പോലെ എല്ലാ കടകളിലും സുലഭമായി.
പ്ലാസ്റ്റിക്ക് കവറിനൊപ്പം ഇതുമായി ബന്ധപ്പെട്ട പേപ്പര്‍ ഇല, മറ്റ് പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളെല്ലാം നിരോധിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം ഇപ്പോള്‍ വ്യാപാര സ്ഥാപനങ്ങളില്‍ സുലഭമായി ലഭ്യമാണ്. പ്ലാസ്റ്റിക് ബാഗിനെതിരെ ശക്തമായ നടപടിയുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ വിഭാഗം രംഗത്ത് എത്തുകയും കച്ചവട സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന നടത്തുകയും ചെയ്തതോടെ ഭൂരിഭാഗം കടകളും പ്ലാസ്റ്റിക് കവറുകള്‍ ഉപഭോക്താവിന് നല്‍കുന്നത് നിര്‍ത്തിയിരുന്നു. കടയിലെത്തുന്ന ജനങ്ങള്‍ തുണി സഞ്ചി പോലുള്ളവ കൊണ്ടുവന്ന് സാധനങ്ങള്‍ വാങ്ങുന്ന ശീലം നഗര ഗ്രാമപ്രദേശങ്ങളില്‍ കാണുവാന്‍ കഴിയുമായിരുന്നു.
കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള പരിശോധനകള്‍ നിലച്ചതോടെ ഉള്‍വലിഞ്ഞിരുന്ന പ്ലാസ്റ്റിക് കൂടുകള്‍ വീണ്ടും കടകളില്‍ എത്തി. ഇപ്പോള്‍ എല്ലാ കടകളില്‍ നിന്നും പ്ലാസ്റ്റിക് കൂടുകളിലാണ് സാധനങ്ങള്‍ നല്‍കുന്നത്. മുന്‍പ് എടുത്ത പോലെ ശക്തമായ നടപടിയുമായി അധികൃതര്‍ മുന്നോട്ട് പോയില്ലായെങ്കില്‍ പരിസ്ഥിതിക്ക് ഏറെ ആഘാതം ഉണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നാട് നിറയുന്ന സ്ഥിതിയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: