പത്തനംതിട്ട: ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി അനുമതി ലഭിച്ചെങ്കിലും ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് എത്തിയ ഭക്തരുടെ എണ്ണം പരിമിതം. ഇന്നലെ മുതലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം പുനരാരംഭിച്ചത്.
കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാണ് ദര്‍ശനത്തിന് സാഹചര്യമൊരുക്കിയത്. എന്നാല്‍ കൊറോണ ബാധയുടെ സാഹചര്യത്തില്‍ ക്ഷേത്ര ദര്‍ശനത്തിന് കൂടുതല്‍ ഭക്തര്‍ എത്തിയില്ല. ക്ഷേത്രങ്ങളുടെ കവാടത്തില്‍ ഭക്തര്‍ക്ക് കൈ കഴുകുന്നതിന് സോപ്പും വെള്ളവും സജ്ജമാക്കിയിരുന്നു. സാമൂഹിക അകലം പാലിച്ചാണ് ഭക്തര്‍ ദര്‍ശനം നടത്തിയത്. പ്രസാദ വിതരണം ഉണ്ടായിരുന്നില്ല.
ക്ഷേത്ര ജീവനക്കാര്‍ മാസ്കും കയ്യുറകളും ധരിച്ചാണ് ഡ്യൂട്ടിക്കെത്തിയത്. വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രങ്ങളായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം, കോന്നി മുരിങ്ങമംഗലം, ഓമല്ലൂര്‍ രക്തകണ്ഠസ്വാമി മഹാക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും ദര്‍ശനത്തിന് എത്തിയ ഭക്തരുടെ എണ്ണം കുറവായിരുന്നു. മലയാലപ്പുഴ ക്ഷേത്രത്തില്‍ ഇരുനൂറോളം ഭക്തരാണ് എത്തിയത്.
സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്തതും ഭക്തരുടെ എണ്ണത്തെ ബാധിച്ചു. ക്ഷേത്രങ്ങളില്‍ ദര്‍ശനം ആരംഭിച്ചെങ്കിലും പ്രസാദ വിതരണം ആരംഭിച്ചിട്ടില്ല. ദേവസ്വം സ്റ്റാളുകളും തുറക്കുന്നില്ല. വിവിധ വഴിപാട് സ്റ്റാളുകള്‍ കരാര്‍ എടുത്തിട്ടുള്ളവരും പ്രതിസന്ധിയിലാണ്. മലയാലപ്പുഴ ക്ഷേത്രത്തില്‍ മാത്രം മൂന്നു കോടിയിലേറെ രൂപയ്ക്കാണ് എണ്ണ, മാല, നേര്‍ച്ചക്കോഴി, മഞ്ചാടി തുടങ്ങിയ സ്റ്റാളുകള്‍ കരാര്‍ എടുത്തിട്ടുള്ളത്. ക്ഷേത്രങ്ങളില്‍ ഭക്തര്‍ എത്താതെ ആയതോടെ കരാറുകാരും പ്രതി സന്ധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: