ബെംഗളൂരു: ഭൂമിയിലെ പച്ചപ്പ് നിലനിര്‍ത്താനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുമായി പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങളുമായി കര്‍ണാടക ആര്‍ടിസി. വനവത്ക്കരണത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഇതുവരെ ഏകദേശം 156000 വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചതായി വക്താവ് അറിയിച്ചു.
2019-20 വര്‍ഷം നട്ട 5765 വൃക്ഷതൈകളുടെ പരിപാലവും സംരക്ഷണം ശരിയായ രീതിയില്‍ നടത്തിവരുന്നു. സമാനമായി 2020-21 വര്‍ഷം 5200 വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും.
കെഎസ്ആര്‍ടിസി ബസുകളില്‍ നിന്നുള്ള പുകമലിനീകരണം കുറയ്ക്കുന്നതിനായി 16 ഡിവിഷനുകളിലും പുക പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 97,057 ബസുകളില്‍ പുകപരിശോധന നടത്തി.
ഇതുകൂടാതെ പ്രത്യേക സ്ക്വാഡിന്റെ നേതൃത്വത്തില്‍ ഡിവിഷന് തലത്തില്‍ 2,642 മിന്നല്‍ സന്ദര്‍ശനം നടത്തി ബസുകളില്‍ പുക പരിശോധന നടത്തി.
മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്നുള്ള തൊഴിലാളികളെ ഉള്‍പ്പെടുത്തി രൂപീകരിച്ചതാണ് പ്രത്യേക സംഘം. 11,953 ബസുകള്‍ പരിശോധിച്ചു.
ഇന്ധനം ലാഭം ലക്ഷ്യമിട്ട് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്കി. 2019-20 വര്‍ഷം ഫെബ്രുവരി വരെ 4932 ഡ്രൈവര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. മെച്ചപ്പെട്ട ഡ്രൈവിങിലൂടെ കഴിഞ്ഞ വര്‍ഷം 2.12 കോടിരൂപ വിലമതിക്കുന്ന 3.57 ലക്ഷം ലിറ്റര്‍ ഡീസല്‍ ലാഭിക്കാനായി.
കെഎസ്ആര്‍ടിസി പരിസരത്ത് മൂത്രം ഒഴിച്ചതിന് കഴിഞ്ഞ വര്‍ഷം 13,859 പേരില്‍ നിന്ന് 13.86ലക്ഷം രൂപ പിഴ ഈടാക്കി. കെഎസ്ആര്‍ടിസി പരിസരത്ത് പുകവലിച്ചതിന് 17, 519 യാത്രക്കാരില്‍ നിന്ന് 35.04ലക്ഷം രൂപ പിഴ ഈടാക്കി.
2020മെയ് 31 മുതല്‍ കെഎസ്ആര്‍ടിസി പരിസരത്ത് തുപ്പുന്നത് നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്നവരില്‍ നിന്ന് 100രൂപ പിഴ ഈടാക്കും. ഇതോടൊപ്പം തുപ്പുന്നത് നിരോധിച്ചും ഇംഗ്ലീഷിലും കന്നഡയിലുമുള്ള ബോര്‍ഡുകള്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ സ്ഥാപിച്ചതായും കെഎസ്ആര്‍ടിസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: