ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ ആ ആഗ്രഹം സഫലമാക്കാന്‍ ഈ ലോകം മുഴുവന്‍ സഹായത്തിനെത്തും. പൗലോ കൊയ്ലോയുടെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന ‘ദി ആല്‍കെമിസ്റ്റ്’ എന്ന നോവലിലെ പ്രശസ്തമായ ഉദ്ധരണിയാണിത്. വയനാട് പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ അമ്പലക്കൊല്ലിയിലെ ദ്രവിച്ചുവീഴാറായ കൂരയില്‍ നിന്നൊരു പെണ്‍കുട്ടി ഈ ഉദ്ധരണിക്ക് അടിവരയിട്ടു. ആഗ്രഹത്തിനു മുന്നില്‍ പ്രതിസന്ധികള്‍ തടസ്സമാകില്ല എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. പ്രതിസന്ധികളുടെ മാത്രം നടുവില്‍ നിന്ന് ഉയര്‍ന്ന്്, നാടിന്റെ ഭരണയന്ത്രം തിരിക്കാവുന്ന പദവിയിലെത്തി.
കേരളത്തിലെ വനവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ വ്യക്തിയാണു ശ്രീധന്യ സുരേഷ്. കുറിച്യ സമുദായാംഗമായ ശ്രീധന്യ പോരാടിയത് സാമൂഹ്യാവസ്ഥയോടും ദാരിദ്ര്യത്തോടുമാണ്. ജന്മഭൂമി ഓണപതിപ്പിലേക്ക് അഭിമുഖം ചോദിച്ചപ്പോള്‍ സന്തോഷത്തോടെ സമ്മതം മൂളി.
കോരിച്ചൊരിയുന്ന മഴയത്താണ് ശ്രീധന്യയുടെ നാട്ടിലെത്തിയത്. വൈത്തിരി ഇടിയംവയലില്‍, അച്ഛന് സുരേഷ് കാത്തു നില്ക്കുന്നുണ്ടായിരുന്നു. ബസ് സ്റ്റോപ്പില്‍ നിന്ന് കാലിക്കുനി വീട്ടിലേക്ക് മുക്കാല്‍ കിലോമീറ്റര്‍ നടക്കണം. ചെളി നിറഞ്ഞ മണ്‍പാത. വഴിയരികിലെ വൈദ്യുതിതൂണുകളില്‍ DDUGJY എന്ന് നാമകരണം ചെയിതിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വൈദ്യുതപദ്ധതി (ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാം ജ്യോതി യോജന) ഈ ഗ്രാമത്തിലും എത്തിയിട്ടുണ്ട്. ചെളിയില്‍ വഴുതി വീഴാതെ സൂക്ഷിച്ചും ശ്രദ്ധിച്ചും വേണം നടക്കാന്‍. വീട്ടില്‍ എത്തി. ശ്രീധന്യ കാത്തിരിക്കുകയായിരുന്നു. ഐഎഎസ് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സംതൃപ്തി നിറഞ്ഞുനില്ക്കുന്ന മുഖം. ആദിവാസി പദ്ധതിപ്രകാരം ലഭിച്ച പണിതീരാത്ത വീട്. ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ പാത്രങ്ങള്‍ വെച്ചിരിക്കുന്നു. കസേരകളിലും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. പ്രതിബന്ധങ്ങളോട് പടവെട്ടിയുള്ള ആ ജീവിതം തുടങ്ങിയത് ഇവിടെനിന്നാണ്. സ്കൂളിലേയ്ക്കു ദിവസവും നാല് കിലോമീറ്റര്‍ നടത്തം. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്‍ പഠനം. അങ്ങനെ ഐഎഎസ്സുകാരിയായി. ജീവിതയാത്രയെക്കുറിച്ചും വനവാസി ഊരുകളിലെ ജീവിതത്തെക്കുറിച്ചുമൊക്കെ ശ്രീധന്യ മനസ്സുതുറക്കുന്നു…
ഐഎഎസിലേക്കുള്ള പ്രചോദനം ?
കോളേജ് പഠനം പൂര്‍ത്തിയാക്കി വീട്ടല്‍ ഇരിക്കുമ്പോള്‍ ‘എന്‍ ഊര്’ എന്ന ട്രൈബല്‍ പ്രൊജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. ആദിവാസി മേഖല ആയതുകൊണ്ട് എനിക്കത് നന്നേ ഇഷ്ടപ്പെട്ടു. ആ സമയത്താണ് വയനാട് സബ് കളക്ടര്‍ ആയിരുന്ന ശീറാം സാമ്പശിവറാവു അവിടെ സംസാരിക്കാന്‍ വന്നത്. അദ്ദേഹത്തിന് ലഭിച്ച ആദരവ് കണ്ട് ഞാന്‍ അമ്പരന്നു. ജീവിതത്തില്‍ ആദ്യമായാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കാണുന്നത്. ഒരു പിഎച്ച്ഡി എടുക്കാന്‍ മനസില്‍ ഉറപ്പിച്ചു നടന്ന ഞാന്‍ എന്റെ സ്വപ്നം കുറച്ചുകൂടി ഉയരത്തിലേക്ക് മാറ്റി. അത് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ എന്നെ എത്തിച്ചു.
ബാല്യകാല പഠനം ?
ഒന്നുമുതല്‍ ഏഴുവരെ നാല് കിലോമീറ്ററോളം നടന്നാണ് തരിയോട് സെന്റ് മേരീസ് യുപി സ്ക്കൂളില്‍ പഠിച്ചത്. കുറച്ചുകാലം കാലിക്കുനി അങ്കണവാടിയില്‍ പോയിരുന്നു. എട്ട് മുതല്‍ പത്ത് വരെ തരിയോട് നിര്‍മ്മല ഹൈസ്ക്കൂളില്‍. പ്ലസ്ടുവിന് തരിയോട് ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ സയന്‍സ് ഗ്രൂപ്പെടുത്തു പഠിച്ചു.
അച്ഛനും അമ്മയും കൂലിപ്പണിക്കാര്‍ ആയിരുന്നു. മൂന്നുനേരം ഭക്ഷണം ലഭിക്കുമായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ മുന്നില്‍ ഇരുന്നാണ് പഠിച്ചത്. മണ്ണെണ്ണ ഇല്ലാതെ വരുമ്പോള്‍ പഠനവും മുടങ്ങും. വിദ്യാലയങ്ങളില്‍ ഞാന്‍ ഒരു ശരാശരി വിദ്യാര്‍ത്ഥി ആയിരുന്നു. ബിഎസ്സ്സി സുവോളജിക്ക് കോഴിക്കോട് ദേവഗിരി കോളേജില്‍ ആയിരുന്നു പഠനം. എംഎസ്സ്സി അപ്ലൈയ്ഡ് സുവോളജി കാലിക്കറ്റ് യുണിവേഴ്സിറ്റി കാമ്പസില്‍.
ഐഎഎസ് പഠനം എങ്ങനെ ?
പട്ടികജാതി വകുപ്പ് തിരുവനന്തപുരത്ത് 30 പേര്‍ക്ക് സിവില്‍ സര്‍വ്വീസ് പരീശീലനം നടത്തുന്നുണ്ട്. അതില്‍ അഞ്ച് എസ്ടി കുട്ടികള്‍ക്ക് അഡ്മിഷന് ലഭിക്കുമെന്ന് അന്വേഷണത്തില്‍ മനസിലായി. അതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ അയച്ചു സെലക്ഷനും ലഭിച്ചു. അവിടെ എട്ട് മാസം പഠിച്ചു. പ്രിലിമിനറി പരീക്ഷയില്‍ ഒരു പേപ്പര്‍ കിട്ടിയില്ല. പക്ഷേ ഇതെന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അതിനിടയില്‍ സഹോദരി സുഷിത തിരുവനന്തപുരം മുറിഞ്ഞപാലത്ത് മകന് അഭിരുദ്ധിന്റെ ചികിത്സക്കായി വീട് എടുത്തു താമസിച്ചിരുന്നു. അവരോടൊപ്പം താമസിച്ച് ഫോര്‍ച്ച്യൂണ്‍ ഐഎഎസ് അക്കാദമിയില്‍ പ്രവേശനം നേടി. അങ്ങനെ 2018ല്‍ പ്രിലിമിനറി പാസായി. 2018 ഒക്ടോബറില്‍ മെയിന്‍ വിഷയങ്ങളും പാസായി. ഫെബ്രവരി 28ന് ദല്‍ഹിയിലെ യുപിഎസ്സി ഭവനില്‍ ആയിരുന്നു ഇന്റര്‍വ്യൂ.
ഐഎഎസ് കിട്ടിയതിനെ കുറിച്ച് ?
വയനാട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം കാണാനായി എന്നെ വിളിപ്പിച്ചിരുന്നു. സിവില്‍ സര്‍വ്വീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹവുമൊത്തുള്ള കൂടിക്കാഴ്ച വേറിട്ട അനുഭവമായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഒരുപോലെ നീതി പുലര്‍ത്തണമെന്ന് അദ്ദേഹം ഉപദേശിച്ചു. അത് ഞാന്‍ പാലിക്കുകതന്നെ ചെയ്യും.
ഭജനപാടും ക്ഷേത്രത്തിലെ അനൗണ്‍സ്മെന്റും
ഇവിടെ അടുത്താണ് എടത്തറ ശിവക്ഷേത്രം. അമ്മയോടൊപ്പമാണ് ക്ഷേത്രത്തില്‍ പോകാറ്. പിന്നീട് എല്ലാകാര്യങ്ങള്‍ക്കും സഹോദരന് ശ്രീരാഗാണ് തുണ. ചെറുപ്പകാലത്ത് ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്തിട്ടുണ്ട്. അന്നു പഠിച്ച ഭജനകളായ കണ്ണാ കണ്ണാ ഓടി വാ.. ഉണ്ണി കണ്ണാ ഓടി വാ…, ചിലങ്കകെട്ടി ഓടി ഓടി വാ എന്റെ താമര കണ്ണാ ഓടിയോടിവാ… തുടങ്ങിയ ഇഷ്ടപ്പെട്ട ഭജനകള്‍ ക്ഷേത്രത്തില്‍ ആലപിക്കാറുണ്ട്. ചെറുപ്പത്തില്‍ ക്ഷേത്രത്തിലെ അനൗണ്‍സ്മെന്റും നടത്തിയിട്ടുണ്ട്. അന്ന് അതും ഒരു രസമായിരുന്നു.
വനിതാ ശാക്തീകരണത്തെ കുറിച്ച് ?
സ്ത്രീശാക്തീകരണവും സമത്വവും കുടുംബത്തില്‍ നിന്നാണ് തുടങ്ങേണ്ടത്. അച്ഛനെയും സഹോദരന്മാരെയും ഓരോ കുടുബത്തിലും ശാക്തീകരിക്കണ്ടതുണ്ട്. അതുവഴി മാത്രമെ സ്ത്രീ സമത്വം സാധ്യമാകൂ. പലയിടങ്ങളിലും സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. അതിന് മാറ്റം വന്നേ മതിയാകൂ. സമൂഹത്തില്‍ എല്ലാ കാര്യത്തിലും സ്ത്രീകള്‍ക്ക് സ്വന്തമായ അഭിപ്രായം ഉണ്ടായിരിക്കണം. സ്വന്തമായ നിലനില്‍പ്പും അനിവാര്യമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ?
അന്തര്‍ദേശീയ ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ച് ഇന്ത്യക്കാരുടെ യശസ്സ് വനോളം ഉയര്‍ത്തിയ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നാണ് എന്റെ അഭിപ്രായം. ലോകനേതാക്കളില്‍ മുന്‍പന്തിയില്‍ എത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ഭാരതീയനായതില്‍ അഭിമാനിക്കുന്നു എന്ന് വിദേശ ഇന്ത്യക്കാര്‍ക്ക് തോന്നാന്‍ തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്.
ഓണ സ്മരണകള്‍ ?
കേരളത്തിലെ ഏറ്റവും വലിയ കൂട്ടുകുടുംബങ്ങള്‍ ആയിരുന്നല്ലോ കുറിച്ച്യ തറവാടുകള്‍. പഴശ്ശി രാജാവിന്റെ പിന്മുറക്കാരാണ് ഞങ്ങള്‍. ഞങ്ങളുടെ വിഭാഗത്തിന് ഞങ്ങളുടേതായ ഗോത്രാചാരങ്ങള്‍ ഉണ്ട്. വിളനാട്ടി ഉത്സവം, കര്‍ക്കടകം പതിനാല്, തിറ ഉത്സവം, പുത്തരിക്കോള്, തുലാപ്പത്ത്, മകം, ഉച്ചാറല്, തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങള്‍. ഓണവും വിഷുവും സാധാരണ ആഘോഷങ്ങളാണ്. ചെറുപ്പത്തില്‍ സ്ക്കൂളുകളിലും മറ്റും ഓണാഘോഷ മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. അത്തപൂക്കളത്തിലും പങ്ക് ചേരാറുണ്ട്. ഓണം എന്ന് കേള്‍ക്കുമ്പോള്‍ മനസിന് ഒരു ആശ്വാസമാണ്. എല്ലാവരും സന്തോഷിക്കുന്ന ദിനമാണല്ലോ..
കുറിച്ച്യ സമുദായത്തിന് കൊടുക്കുന്ന സന്ദേശം ?
എന്റെ ജീവിതത്തില്‍ ധാരാളം ആളുകള്‍ സ്വാധീനിച്ചിട്ടുണ്ട് അതില്‍ സ്വന്തം അമ്മയാകും കൂടുതല്‍. പരമാവധി മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കാറില്ല. ഞാന്‍ എന്നെ തന്നെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കറുള്ളത്. എനിക്കെന്റെ സമുദായത്തിനോട് പറയാനുള്ളതും ഇതു തന്നെയാണ്. പരിശ്രമിച്ചാല്‍ എന്തും നേടാനാകും. അസാധ്യമായത് എന്തും…
ഇനി എന്താണ് ?
വനവാസികള്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്ന കോടികളില്‍ ഒരു ചെറിയ ഭാഗം മാത്രമാണ് അവരുടെ കൈകളില്‍ എത്തുന്നത്. ഇതിന് മാറ്റം വരണം. അതിനുള്ള ഇഛാശക്തി സര്‍ക്കാറിനുണ്ടാകണം. ഒരുതുണ്ട് മണ്ണിന് വേണ്ടിയും കിടപ്പാടത്തിനും പ്രാഥമിക സൗകര്യങ്ങള്‍ക്കുമായി വനവാസികള്‍ ദുരിതം പേറുകയാണ്. നിയമനം ലഭിച്ചാല്‍ ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്ക്കും വേണ്ടി പ്രവര്‍ത്തിക്കും. സ്വന്തം നാടായ വയനാട്ടില്‍ നിയമനം കിട്ടില്ല എന്നറിയാം. എന്നാലും ആശിക്കുകയാണ് ഇവിടെ സേവനം ചെയ്യാന്‍.
ഐഎഎസ് കിട്ടിയ വാര്‍ത്തയെത്തുമ്പോള്‍ ശ്രീധന്യയുടെ ഇടതുകയ്യില്‍ ബാന്‍ഡേജുണ്ടായിരുന്നു. ദല്‍ഹിയില്‍ സിവിള്‍ സര്‍വീസ് അഭിമുഖം കഴിഞ്ഞെത്തി പിറ്റേന്ന് ലാപ്ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റു തെറിച്ചുവീണതാണ്. ഇടിഞ്ഞു വീഴാറായ കൂരയില്‍ വയറിങ് പോലും ശരിയാക്കിയിട്ടില്ല.
സുരേഷ് – കമല ദമ്പതികളുടെ മകളാണു ശ്രീധന്യ. ഇരുവരും കൂലിപ്പണിക്കാര്‍. മൂത്ത സഹോദരി സുഷിതയും അനുജന് ശ്രീരാഗും അടങ്ങുന്നതാണു കുടുംബം. സുശിത കോടതിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി. ശ്രീരാഗ് പോളിടെക്നിക് വിദ്യാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: