കൊച്ചി: അയ്യനാട് സഹകരണ ബാങ്ക് ഡയറക്റ്റര്‍ ബോര്‍ഡ് അംഗവും സിപിഎം നേതാവുമായിരുന്ന വി.എ. സിയാദിന്റെ മരണത്തില്‍ പാര്‍ട്ടി നേതാക്കളെ പ്രതിക്കൂട്ടിലാക്കി മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സ്. പ്രളയഫണ്ട് തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെ ആത്മഹത്യ ചെയ്ത സിയാദിന്റെ പക്കല്‍ നിന്നു ലഭിച്ച കുറിപ്പില്‍ കളമശേരി ഏരിയ കമ്മിറ്റി സെക്രട്ടറി സക്കീര്‍ ഹുസൈന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം അനിവാര്യമാണെന്നും സക്കീര്‍ ഹുസൈന് സ്ഥാനം ഒഴിയണമെന്നും ലോറന്‍സ് ആവശ്യപ്പെട്ടു.
സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തണം. കത്തിലെ ആരോപണങ്ങള്‍ ഗൗരവമുള്ളത്. സ്ഥിരമായി ഒരു നേതാവ് വിവാദങ്ങളില്‍ അകപ്പെടുന്നത് പാര്‍ട്ടിയുടെ യശസ് നഷ്ടപ്പെടുത്തും. സ്വയം ഒഴിഞ്ഞാല്‍ ആ നേതാവിനെ മാന്യനാണെന്ന് പറയാം എന്നാണ് ലോറന്‍സ് പ്രതികരിച്ചത്.സിപിഎം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയ സിയാദ്. പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുകേസില്‍ വി.എ സിയാദ് വിവാദത്തിലകപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിയാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിയാദിന്റെ സ്വകാര്യ ഡയറിയില്‍ തന്റെ മരണത്തിനുത്തരവാദി സക്കീര്‍ ഹുസൈന്, തൃക്കാകര ലോക്കല്‍ സെക്രട്ടറി വി.ആര് ജയചന്ദ്രന്, കുന്നേപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ.പി നിസാര്‍ എന്നിവരാണെന്ന് എഴുതിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് ലോറന്‍സിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: