കോഴിക്കോട്: ചെസ്സിനെ ജനകീയമാക്കിയ വ്യക്തിയാണ് ഇന്നലെ വിടവാങ്ങിയ പി.ടി. ഉമ്മര്‍കോയ. ചെസ് കാണാന്‍ ഇഷ്ടപ്പെട്ടിരുന്ന കുറ്റിച്ചിറക്കാരനായ യുവാവ് ചെസ്സിനെ ആഗോളതലത്തില്‍ തന്നെ നിയന്ത്രിച്ച കഥയാണ് പി.ടി. ഉമ്മര്‍കോയയുടേത്. ചെസ്സ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറി സ്ഥാനം മുതല്‍ ലോക ചെസ്സ് ഫെഡറേഷ(ഫിഡെ)ന്റെ വൈസ് പ്രസിഡണ്ട് സ്ഥാനം വരെ അദ്ദേഹം വഹിച്ചു. 1989 മുതല്‍ 2005 വരെ ആള് ഇന്ത്യ ചെസ്സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം 1996 മുതല്‍ 2006 വരെ പത്തുവര്‍ഷക്കാലമാണ് ഫിഡെയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്നത്.
കോഴിക്കോട് നഗരത്തില്‍ കിഡ്സണ്‍ ടൂറിസ്റ്റ് ഹോമില്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രം അരങ്ങേറിയിരുന്ന ചെസ്സിനെ ജനകീയമാക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായി ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ സംഘടിപ്പിച്ച് പ്രമുഖ താരങ്ങളെ മത്സരിപ്പിക്കാനെത്തിച്ച് കോഴിക്കോടിനെ ചെസ്സിന്റെ തലസ്ഥാനമാക്കി അദ്ദേഹം മാറ്റി. ഫുട്ബോളിന്റെ നഗരമെന്നറിയപ്പെട്ടിരുന്ന കോഴിക്കോട് ഇതോടെ ചെസ്സിന്റെ നഗരമെന്ന് അറിയപ്പെടാന്‍ തുടങ്ങി.
വിശ്വനാഥന് ആനന്ദ്, കൊനേരു ഹംപിതുടങ്ങിയ താരങ്ങളെ കോഴിക്കോട്ട് എത്തിച്ച് അദ്ദേഹം നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഫിഡെ റേറ്റഡ് ചെസ്സ് എന്ന് കോഴിക്കോട്ടുകാര്‍ കേട്ടത് ഉമ്മര്‍കോയയുടെ നേതൃത്വത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയതോടെയായിരുന്നു. നെഹ്റു ഫുട്ബോള്‍ ടൂര്‍ണമെന്റിന് ശേഷം വിദേശതാരങ്ങള്‍ കോഴിക്കോട്ട് മത്സരങ്ങള്‍ക്ക് ആദ്യമായി എത്തിയത് ലോക യൂത്ത് ചെസ്സ് ചാമ്പ്യന്‍ഷിപ്പിനായിരുന്നു. വനിതകള്‍ക്ക് മാത്രമായി ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പും കോഴിക്കോട്ട് സംഘടിപ്പിച്ചു. ലോക നിലവാരത്തിലുള്ള താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിനായി. രാജ്യാന്തര ആര്‍ബിറ്ററായിരുന്ന അദ്ദേഹം ഒട്ടേറെ രാജ്യാന്തര മത്സരങ്ങള്‍ നിയന്ത്രിച്ചു. മത്സര നിയന്ത്രണത്തില്‍ കടുകിട വ്യതിചലിക്കാത്ത കണിശക്കാരനായിരുന്നു ഉമ്മര്‍കോയ. അതുകൊണ്ടുതന്നെ രാജ്യാന്തര താരങ്ങളും ഒഫീഷ്യലുകളും ആദരവോടെയാണ് അദ്ദേഹത്തെ കണ്ടത്.
കോഴിക്കോട് സര്‍വകലാശാലയിലെ ലാസ്റ്റ് ഗ്രേഡ് പദവിയില്‍ നിന്ന് അദ്ദേഹം ലോകചെസ്സിന്റെ അമരത്തേക്കുയര്‍ന്നത് ഇച്ഛാശക്തി കൊണ്ടു മാത്രമാണ്. കോഴിക്കോടിന്റെ ചരിത്രത്തില്‍ ഇതുപോലെ വളര്‍ന്ന മറ്റൊരാളില്ല എന്നുതന്നെ പറയാം. പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ ചെസിനെ നിയന്ത്രിച്ച അദ്ദേഹത്തിന് പിന്നീട് ഈ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. ചെസ്സ് രംഗത്തുണ്ടായ കിടമത്സരവും അധികാരമോഹവുമാണ് അതിന് കാരണമായത്. ഏറെ വര്‍ഷങ്ങളായി കോഴിക്കോട് പന്നിയങ്കരയിലെ വസതിയില്‍ രോഗബാധിതനായി കഴിയുകയായിരുന്നു അദ്ദേഹം. മിസ്സോറാം ഗവര്‍ണറായി ചുമതലയേറ്റശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ പി.എസ്. ശ്രീധരന്‍പിള്ള, പി.ടി. ഉമ്മര്‍കോയയെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. അവസാന കാലത്തും സൗഹൃദങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിരുന്നു ചതുരംഗകളത്തെയും കരുക്കളെയും സ്നേഹിച്ച ആ മനുഷ്യന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: