തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഏറ്റുമുട്ടി വെട്ടിലായ ഇടതു സര്‍ക്കാര്‍ ഒടുവില്‍ പത്തിതാഴ്ത്തുന്നു. ഏറ്റുമുട്ടല്‍ തുടരുന്നത് വലിയ തിരിച്ചടിയാകുമെന്നും ഗവര്‍ണറുടെ നിലപാടിന് ജനപിന്തുണ കൂടുകയാണെന്നുമുള്ള തിരിച്ചറിവാണ് കാരണം.
ഈ മാസം 30ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതും സര്‍ക്കാരിനെ ചിന്തിപ്പിക്കുന്നു. മാത്രമല്ല, സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തേണ്ടത് ഗവര്‍ണറാണ്. മലങ്കര സഭാ തര്‍ക്കത്തില്‍ മൃതദേഹം സംസ്കരിക്കുന്നതുപോലും പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. ഇതിന് അംഗീകാരം നല്‍കേണ്ടതും ഗവര്‍ണറാണ്.
കേരളത്തിലെ സര്‍വകലാശാലകളെല്ലാം രാഷ്ട്രീയത്തിന്റെ നീരാളിപ്പിടിത്തത്തിലാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു. രാഷ്ട്രീയക്കളിയുണ്ടായാല്‍ ഇടപെടുമെന്ന് അദ്ദേഹം മുന്നറിയപ്പും നല്‍കിയിട്ടുണ്ട്. ഇങ്ങനെ ചെയ്താല്‍ സര്‍ക്കാരിന്, പ്രത്യേകിച്ച് മന്ത്രി കെ.ടി. ജലീലിന് വലിയ തിരിച്ചടിയാകും. ഇതും സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാലാണ് മൃദു സമീപനത്തിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് ഗവര്‍ണറെ ഭയമാണെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതേപ്പറ്റി പറഞ്ഞത്.
ഭരണനിര്‍വഹണത്തില്‍ ചുരുങ്ങിയ ദിവസം കൊണ്ട് കാര്യക്ഷമത തെളിയിച്ച ഗവര്‍ണര്‍ക്ക്, പൗരത്വ നിയമത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ സമൂഹത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഭരണ, പ്രതിപക്ഷങ്ങള്‍ പല ഭീഷണികളും മുഴക്കിയിട്ടും കൂസാതെയാണ് ഗവര്‍ണര്‍ മുന്നോട്ട് നീങ്ങുന്നത്. വഴിയില്‍ തടയുമെന്ന് പറഞ്ഞവരോട് പന്ത്രണ്ട് വര്‍ഷമായി താന്‍ റോഡിലിറങ്ങി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തടയുന്നവര്‍ തടയട്ടെ എന്നുമായിരുന്നു പ്രതികരണം. തന്നെ ആരും വിരട്ടേണ്ടെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. പ്രതിഷേധിച്ചവരോട് എന്ത് ചര്‍ച്ചയ്ക്കും തയറാണെന്നും അവര്‍ക്ക് രാജ്ഭവനിലേക്ക് സ്വാഗതമെന്ന് പറഞ്ഞിട്ടും ആരും പോയില്ല.
സര്‍ക്കാരിനു നിയന്ത്രിക്കാന്‍ സാധിക്കാത്ത സംസ്ഥാനത്തെ സര്‍വകലാശാലകളെ ചുരുങ്ങിയ ദിവസം കൊണ്ട് നിയന്ത്രിക്കാന്‍ ഗവര്‍ണര്‍ക്കായി. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസ്സില്‍ അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചവര്‍ക്ക് ചുട്ട മറുപടിയും നല്കി. മാത്രമല്ല ചടങ്ങിലെ ഇടതു ചരിത്രകാരന് ഇര്ഫാന് ഹബീബിന്റെ നടപടി വലിയ തിരിച്ചടിയുമായി, പ്രതിഷേധിച്ചവര്‍ക്ക് നാണം കെട്ട് പിന്മാറേണ്ടി വന്നു. കെ. മുരളീധരന് എംപി ഗവര്‍ണറെ വഴിയില്‍ തടയാന്‍ ആവശ്യപ്പെട്ടെങ്കിലും സേവാദളുകാര്‍ ആരും രംഗത്തു വന്നില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ മധ്യകേരളത്തില്‍ നടന്ന ക്രിസ്തീയ സഭകളുടെ പരിപാടികളില്‍ പങ്കെടുത്ത ഗവര്‍ണര്‍ നിയമപരമല്ലാത്ത ഒരു പ്രവൃത്തിക്കും താന്‍ കൂട്ട് നില്‍ക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇവിടെയും ഗവര്‍ണറുടെ ജനകീയത ഉയര്‍ന്നു. മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് പറയാതെ തന്റെ അഭിപ്രായം ഏതു സദസ്സില്‍ വച്ചും പ്രോട്ടോകോള്‍ നോക്കാതെ വെട്ടിത്തുറന്ന് പറയുന്നതും സര്‍ക്കാരിനെ ആശയക്കുഴപ്പത്തിലാക്കി.
ഗവര്‍ണറുമായി നല്ല ബന്ധം പുലര്‍ത്തണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ലോക കേരളസഭയില്‍ ഗവര്‍ണറുമായി വേദി പങ്കിട്ട മുഖ്യമന്ത്രി പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ഒന്നും സംസാരിച്ചില്ല. സൗഹൃദ സംഭാഷണമായിരുന്നു നടത്തിയത്. ഈ മാസം ബജറ്റ് സമ്മേളനം ആരംഭിക്കുന്നുണ്ട്. ഗവര്‍ണറുടെ നയ പ്രഖ്യാപനത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കേണ്ടത്. സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തെക്കുറിച്ച് പരാമര്‍ശമുണ്ടായാല്‍ ഗവര്‍ണര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നും സര്‍ക്കാരിന് ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: