ന്യൂദല്‍ഹി: ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറെ അപമാനിച്ച കോണ്‍ഗ്രസിനെതിരെ ബിജെപിയും ശിവസേനയും. സവര്‍ക്കറും നാഥുറാം ഗോഡ്സെയും തമ്മില്‍ സ്വവര്‍ഗലൈംഗിക ബന്ധമുണ്ടായിരുന്നു എന്ന പരാമര്‍ശത്തിനെതിരെയാണ് ഇരുപാര്‍ട്ടികളും രംഗത്തെത്തിയത്. കോണ്‍ഗ്രസ് പോഷക സംഘടനയായ ‘സേവാദള്‍’ പുറത്തിറക്കിയ ലഘുലേഖയിലെ പരാമര്‍ശങ്ങള്‍ അത്യന്തം വൃത്തികെട്ട രീതിയിലുള്ളതാണെന്ന് ബിജെപി വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഏതൊക്കെ തരത്തില്‍ ആരോടൊക്കെ ബന്ധങ്ങള്‍ ഉണ്ടെന്ന് ലോകത്ത് എല്ലാവര്ക്കും അറിയാമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി അനില്‍ ജെയിന് പറഞ്ഞു. സവര്‍ക്കറിനെ പോലെ കോണ്‍ഗ്രസില്‍ ഒരു നേതാവും കഷ്ടപ്പെട്ടിട്ടില്ല. സഹനങ്ങള്‍ ഏറ്റെടുത്തിട്ടില്ല. ഹിന്ദുത്വയുടെ മുഖമാണ് സവര്‍ക്കര്‍. സവര്‍ക്കറെ കുറിച്ച് മോശം പരാമര്‍ശം നടത്തിയതില്‍ കോണ്‍ഗ്രസ് മറുപടി പറയണമെന്നും അനില്‍ ജെയിന് ആവശ്യപ്പെട്ടു.
സവര്‍ക്കറെ ഇത്രയും മോശമായ രീതിയില്‍ അവതരിപ്പിച്ച കോണ്‍ഗ്രസിന് അവരോട് തന്നെ ലജ്ജ തോന്നണമെന്ന് ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി മാത്രമാണ് ഇത്രയും മഹാന്മാരായ നേതാക്കളെ കോണ്‍ഗ്രസ് പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതെന്നും അദേഹം പറഞ്ഞു. സവര്‍ക്കര്‍ മഹാനായ മനുഷ്യനാണ്. എന്നും എപ്പോഴും അങ്ങനെ തന്നെയാണ്. സവര്‍ക്കറെ പോലുള്ള ഒരു മനുഷ്യനെ കുറ്റപ്പെടുത്തുന്നതിലൂടെ അവരുടെ മനസ്സിലെ അഴുക്കാണ് പുറത്തുവരുന്നത് ശിവസേന എംപി സഞ്ജയ് റാവത്ത് വ്യക്തമാക്കി. സവര്‍ക്കറെ അപമാനിച്ചുകൊണ്ട് മുന്നോട്ട് പോകില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: