ശബരിമല: എരുമേലിയില്‍ നിന്ന് കരിമല വഴിയെത്തുന്ന തീര്‍ത്ഥാടകരോട് ദേവസ്വം ബോര്‍ഡിന്റെ അവഗണന. പരമ്പരാഗതപാതയിലൂടെ എത്തുന്ന അയ്യപ്പന്മാര്ക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ് ബോര്‍ഡ്. ഇതുവഴി വരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാണ് ഭക്തജന സംഘടനകളുടെ ആവശ്യം.
സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നിരവധി ഭക്തരാണ് ഈ വഴി ദര്‍ശനത്തിനെത്തുന്നത്. ഇങ്ങനെ വരുന്ന തീര്‍ത്ഥാടകര്‍ മറ്റ് ഭക്തര്‍ക്കൊപ്പം മല ചവിട്ടേണ്ട സ്ഥിതിയാണ്. എന്നാല്‍, 10 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള പുല്ലുമേട് പാത വഴിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പാണ്ടിത്താവളത്തെ പോലീസ് എയ്ഡ് പോസ്റ്റില്‍ നിന്ന് പ്രത്യേക ദര്‍ശനത്തിനുള്ള കൂപ്പണ്‍ ലഭ്യമാക്കുന്നുണ്ട്. പുല്ലുമേട് വഴിയെത്തുന്ന ഭക്തര്‍ക്കായി വാവര് നടയ്ക്ക് സമീപത്ത് പ്രത്യേക പ്രവേശന കവാടവും സജ്ജീകരിച്ചിട്ടുണ്ട്. ഇതുപോലെ കരിമല കയറി വരുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കണമെന്ന ആവശ്യവും ശക്തം.
പുല്ലുമേട് പാതയിലൂടെ എത്തുന്ന തീര്‍ത്ഥാടകരെക്കാള്‍ പതിന്മടങ്ങ് ഭക്തരാണ് കാനനപാതയിലൂടെ എത്തുന്നത്. സന്നിധാനത്ത് തിരക്കേറുന്ന വേളകളില്‍ മരക്കൂട്ടം മുതല്‍ തീര്‍ത്ഥാടകരെ വടം കെട്ടി തടഞ്ഞു നിര്‍ത്തുന്ന സാഹചര്യങ്ങള്‍ മണ്ഡല-മകരവിളക്ക് കാലത്ത് പതിവാണ്. ഇത്തരം ഘട്ടങ്ങളില്‍ പലപ്പോഴും ആറും ഏഴും മണിക്കൂറുകള്‍ നീളാറുള്ള ക്യൂവില്‍ അകപ്പെടുന്ന കരിമലവഴി എത്തുന്ന തീര്‍ത്ഥാടകര്‍ സന്നിധാനത്തെത്തുമ്പോഴേക്കും തീര്‍ത്തും അവശരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: