പാക്കിസ്ഥാനും അഫ്സല് ഗുരുവിനും അഭിവാദ്യമര്‍പ്പിച്ച് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു)യിലെ കലാലയാന്തരീക്ഷത്തെ ഇടത്, മുസ്ലിം തീവ്രവാദികള്‍ വിഷലിപ്തമാക്കിയതിന് ശേഷം നടന്ന യൂണിയന് തെരഞ്ഞെടുപ്പിലാണ് നിധി ത്രിപാഠിയെന്ന പേര് ആദ്യം ഉയര്‍ന്നുകേട്ടത്. 2017ലെ തെരഞ്ഞെടുപ്പില്‍ എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നു അവര്‍. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ‘റെഡ് ജിഹാദി’കളുടെ രാജ്യവിരോധം തുറന്നുകാട്ടി നിധി നടത്തിയ പ്രസംഗം എതിരാളികളെ പ്രകോപിപ്പിച്ചിരുന്നു. മുദ്രാവാക്യം വിളിച്ചും ബഹളമുയര്ത്തിയും പ്രസംഗം തടസ്സപ്പെടുത്താന്‍ ഇടത് സംഘടനകള്‍ നിരന്തരം പരിശ്രമിച്ചു. എന്നാല്‍ അവരുടെ അട്ടഹാസങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കും നിധിയുടെ ആവേശത്തെ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചിരുന്നില്ല.
2016 ഫെബ്രുവരി ഒന്‍പതിന് ജെഎന്‍യുവില്‍ ഉയര്‍ന്ന രാജ്യവിരോധ മുദ്രാവാക്യം ക്യാംപസില്‍ ഇടത് സംഘടനകളുടെ നിലനില്‍പ്പ് അപകടത്തിലാക്കിയിരുന്നു. നിധിയുടെ നേതൃത്വത്തില്‍ എബിവിപി ശക്തമായ വെല്ലുവിളിയുയര്‍ത്തി രംഗത്തുവരികയും ചെയ്തു. ഇതോടെ പരസ്പരം പോരടിച്ചിരുന്ന എസ്എഫ്ഐയും ഐസയും ഡിഎസ്എഫും പക പഴങ്കഥയാക്കി ഒരുമിച്ച് മത്സരിച്ചു. തിരിച്ചടി ഭയന്ന്, രാജ്യദ്രോഹക്കേസ് നേരിടുന്ന മുന്‍ ചെയര്മാന് കനയ്യകുമാറിന്റെ എഐഎസ്എഫിനെ കൂടെക്കൂട്ടാനും അവര്‍ തയാറായില്ല. നാല് പ്രധാന സീറ്റുകള്‍ നിലനിഞര്ത്താന് ഇടതിന് വിശാല സഖ്യം രൂപീകരിക്കേണ്ടി വന്നപ്പോള്‍ ഒറ്റയ്ക്ക് മത്സരിച്ച എബിവിപി എല്ലായിടത്തും രണ്ടാമതെത്തി. എഐഎസ്എഫ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ജെഎന്‍യുവിലെ ദേശീയ മുന്നേറ്റത്തിന് കരുത്തുപകര്‍ന്ന ഉത്തര്‍പ്രദേശില്‍നിന്നുള്ള നിധിയെ സംഘടനയെ നയിക്കാനുള്ള ദൗത്യമേല്‍പ്പിച്ചിരിക്കുകയാണ് എബിവിപി ഇപ്പോള്‍. രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ മാസം നിധി ചുമതലയേറ്റു. ജെഎന്‍യുവില്‍ സംസ്കൃത ഗവേഷണ വിദ്യാര്‍ത്ഥിനി കൂടിയായ നിധി ജന്മഭൂമിയുമായി സംസാരിക്കുന്നു.
? എബിവിപി പോലുള്ള ഒരു മുഖ്യധാരാ വിദ്യാര്‍ത്ഥി സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് ആദ്യമായാണ് ഒരു പെണ്‍കുട്ടി എത്തുന്നത്..
വലിയ ഉത്തരവാദിത്വമാണ് സംഘടന ഏല്‍പ്പിച്ചിട്ടുള്ളത്. എന്നില്‍ വിശ്വാസമര്‍പ്പിച്ചതില്‍ വളരെയധികം സന്തോഷവും അതോടൊപ്പം ആവേശവുമുണ്ട്. നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു. വിദ്യാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും ശബ്ദമായി നിലകൊള്ളും. കലാലയങ്ങളെ രാജ്യവിരുദ്ധരുടെ കേന്ദ്രമാക്കാന്‍ ഒരു വിഭാഗം നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനാല് ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട കാലമാണിത്. ദേശീയ ബോധമുള്ള വിദ്യാര്‍ത്ഥി സമൂഹത്തെയും കലാലയങ്ങളെയും സൃഷ്ടിക്കുന്നതിന് എബിവിപിക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. സംഘടനാ പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ട സാഹചര്യവുമുണ്ട്.
? എങ്ങനെയാണ് എബിവിപിയിലേക്കുള്ള വരവ്
കോളേജ് കാലത്താണ് സാധാരണ പ്രവര്‍ത്തകയായി എബിവിപിയിലെത്തുന്നത്. ദേശീയതാ മുദ്രാവാക്യവും രാഷ്ട്രീയ പാര്‍ട്ടികളോട് വിധേയത്വമില്ലാത്ത നിലപാടുമാണ് ആകര്‍ഷിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സമ്മേളനത്തില്‍ അവസാന വരിയിലിരുന്ന് ആവേശത്തോടെ മുദ്രാവാക്യം വിളിച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് പോലും അന്ന് ചിന്തിച്ചിരുന്നില്ല. അവസാനനിരയില്നിന്നും മുന്‍നിരയിലേക്കെത്തിച്ചത് സംഘടനയാണ്. ഒരാളെയും ഒഴിവാക്കാത്ത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന എബിവിപിയുടെ സവിശേഷതയാണിത്. ഓരോ പ്രവര്‍ത്തകന്റേയും കഴിവിനെയും ആത്മാര്‍പ്പണത്തെയും അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും സംഘടന എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
? വിവാദ കേന്ദ്രമാണ് ജെഎന്‍യു. ഇപ്പോള്‍ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവിനെതിരെ സമരം നടക്കുകയാണ്. എന്തുകൊണ്ടാണ് ഫീസ് വര്‍ദ്ധനവിനെ എബിവിപി എതിര്‍ക്കുന്നത്
രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാനുള്ള സാഹചര്യമുണ്ടാകണം. ജെഎന്‍യുവില്‍ നാല്‍പ്പത് ശതമാനത്തിലേറെ വിദ്യാര്‍ത്ഥികള്‍ ദരിദ്ര കുടുംബത്തില്‍നിന്നുള്ളവരാണ്. അവര്‍ക്ക് ഈ ഫീസ് താങ്ങാനാവുന്നതല്ല. പലര്‍ക്കും പഠനം ഉപേക്ഷിക്കേണ്ടി വരും. ഈ വസ്തുതകള്‍ കണക്കിലെടുക്കാതെയാണ് ഫീസ് വര്‍ദ്ധിപ്പിച്ചത്. ഒരു വിദ്യാര്‍ത്ഥി സംഘടനയോടും ആലോചിച്ചിട്ട് കൂടിയില്ല.
? മറ്റ് സര്‍കലാശാലകളില്‍ ഇതിനേക്കാള്‍ കൂടുതലാണെന്ന വാദവും ഉയരുന്നുണ്ടല്ലോ
ഇതിനേക്കാള്‍ ഫീസ് കുറവുള്ള സര്‍വകലാശാലകളുമുണ്ട്. പലയിടത്തെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. കൂടുതലുള്ളിടത്ത് കുറയ്ക്കാനുഞള്ള നടപടികളുണ്ടാകണം. ചെലവു കുറഞ്ഞതും ഗുണനിലവാരവുമുള്ള വിദ്യാഭ്യാസം പൗരന്റെ അവകാശമാണ്. ഫീസ് വര്‍ദ്ധനവ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണമാണ് നടക്കുന്നത്. പത്തും ഇരുപതും രൂപയുണ്ടായിരുന്ന ഹോസ്റ്റല്‍ മുറികള്‍ക്ക് മൂന്നൂറും അറുനൂറും രൂപയാക്കിയത് മാത്രമല്ല വര്‍ദ്ധനവ്. പുതുതായി 1700 രൂപ സര്‍വീസ് ചാര്‍ജ്ജായി ഏര്‍പ്പെടുത്തി. പ്രതിമാസം മൂവായിരത്തോളം രൂപ വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതലായി നല്‍കേണ്ടി വന്നത്. പാവപ്പെട്ടവര്‍ക്ക് ഇതെങ്ങനെയാണ് താങ്ങാനാവുക?.
? ഇടത് സംഘടനകളുടെ രാഷ്ട്രീയ പ്രേരിത സമരത്തെ എബിവിപി പിന്തുണക്കുകയാണെന്ന തരത്തില്‍ ഈ നിലപാട് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്
ഇടത് സംഘടനകളുടെ സമരവും എബിവിപിയുടെ സമരവും കൂട്ടിക്കെട്ടേണ്ടതില്ല. ഇടത് നിലപാട് നോക്കിയല്ല എബിവിപി നിലപാടെടുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് സംഘടന നിലകൊള്ളുന്നത്. ഫീസ് വര്‍ദ്ധനവിന് സര്‍വകലാശാല തീരുമാനിച്ച ഒക്ടോബര്‍ 28 മുതല്‍ ഞങ്ങള്‍ സമരത്തിലാണ്. ഇടത് സംഘടനകളുടെ ദേശവിരോധവും മുസ്ലിം ഭീകരതാ സ്നേഹവും പ്രതിരോധിക്കേണ്ടത് തന്നെയാണ്. എക്കാലവും എബിവിപി അത് മുന്നില്‍നിന്ന് ചെയ്തിട്ടുമുണ്ട്. അതിന് പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കേണ്ട കാര്യമില്ല. ഫീസ് വര്‍ദ്ധനവ് കാരണം ഒരു അര്‍ബന്‍ നക്സലിന്റെയും ജിഹാദിയുടെയും പഠിപ്പ് മുടങ്ങില്ല. സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ജെഎന്‍യുവിലെ ഇടത് നേതാക്കള്‍. അവരെ ഫണ്ട് ചെയ്യാനുംആളുകളുണ്ട്. സാധാരണ വിദ്യാര്‍ത്ഥികളാണ് ദുരിതമനുഭവിക്കുന്നത്. അവരില്‍ ഭൂരിഭാഗവും എബിവിപി പ്രവര്‍ത്തകരും ദേശത്തോട് ആഭിമുഖ്യമുള്ളവരുമാണ്. അവരെ സഹായിക്കാന്‍ വിദേശ പണം പറ്റുന്ന എന്ജിഒകളുമില്ല. സമരം നടത്തുകയെന്നത് മുഴുവന്‍ എബിവിപിയുടെയും തീരുമാനമാണ്. ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ല.
? ഇടത് സമരത്തെ എങ്ങനെയാണ് കാണുന്നത്
ഇടത് സമരത്തിന്റെ ലക്ഷ്യം ഫീസ് വര്‍ദ്ധനവ് കുറയ്ക്കുകയെന്നതല്ല. വിഘടനവാദവും നക്സലിസവും പ്രചരിപ്പിക്കാനും കേഡര്‍മാരെ സൃഷ്ടിക്കാനും കിട്ടിയ അവസരം ഉപയോഗിക്കുകയാണവര്‍. ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കും, ചെങ്കോട്ടയില്‍ ചെങ്കൊടി ഉയര്‍ത്തും, നക്സല്‍ ബാരി ലാല്‍സലാം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഫീസ് വര്‍ദ്ധനവിനെതിരായ സമരത്തില്‍ മുഴങ്ങിക്കേള്ക്കുന്നതിന്റെ അര്‍ത്ഥമെന്താണ്?. അയോധ്യയെ സംബന്ധിച്ച സുപ്രീം കോടതി വിധി അംഗീകരിക്കില്ലെന്നാണോ ഇവര്‍ പറയുന്നത്?. ചെങ്കോട്ടയില്‍ ഉയര്‍ത്തുന്ന ദേശീയ പതാകയും ഇവര്‍ക്ക് അന്യമാണോ?. വനിതാ സ്റ്റുഡന്റ്സ് ഡീനിനെ 30 മണിക്കൂര്‍ തടഞ്ഞുവെച്ച് കൈയേറ്റം ചെയ്തതും വിവേകാനന്ദ പ്രതിമയെ അവഹേളിച്ചതും ഏത് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ്?. രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളിലും ഇത്തരത്തില്‍ അരാജക സമരം സൃഷ്ടിച്ചെടുക്കുകയായിരുന്നു ഇടതിന്റെ ലക്ഷ്യം. മുന്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി മാര്‍ച്ച് നടത്തിയും അക്രമം അഴിച്ചുവിട്ടും അതിനാണവര്‍ ശ്രമിച്ചത്. എന്നാല്‍ ഇതെല്ലാം ദയനീയമായി പരാജയപ്പെട്ടു.
രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനുള്ള ഇടതിന്റെ അപഹാസ്യമായ ശ്രമം വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ അപ്രസക്തമാക്കി. അരാജക സമരം ഫീസ് വര്‍ദ്ധനവിന് അനുകൂലമായി പൊതുസമൂഹത്തില്‍ വികാരമുണ്ടാക്കി. സര്‍വ്വകലാശാലയെക്കുറിച്ച് തെറ്റായ കാഴ്ചപ്പാട് സൃഷ്ടിച്ചു. മറുവശത്ത്, പ്രശ്നം പരിഹരിക്കപ്പെടണമെന്ന ഉദ്ദേശ്യത്തോടെയാണ് എബിവിപി സമരം നടത്തിയത്. യുജിസി ആവശ്യത്തിന് ഫണ്ട് നല്‍കുന്നില്ലെന്നതാണ് ഫീസ് വര്‍ദ്ധനവിന് ന്യായീകരണമായി സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞത്. എബിവിപി നടത്തിയ യുജിസി മാര്‍ച്ചിനെ തുടര്‍ന്ന് 6.7 കോടി രൂപ അനുവദിച്ചു. ഇതോടെയാണ് ജനറല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 75 ശതമാനവും ഫീസ് കുറക്കാന്‍ സര്‍വ്വകലാശാല തയ്യാറായത്.
?ദേശവിരുദ്ധ സര്‍വകലാശാലയെന്ന ദുഷ്പേരുണ്ട് ജെഎന്‍യുവിന്
ഇടത് സംഘടനകളാണ് ഇതിന് ഉത്തരവാദികള്‍. ജെഎന്‍യുവില്‍ രാജ്യവിരുദ്ധര്‍ മാത്രമാണുള്ളതെന്ന വാദവും ശരിയല്ല. ദേശീയ പ്രസ്ഥാനങ്ങളിലും ആശയങ്ങളിലും വിശ്വസിക്കുന്ന, രാജ്യതാത്പര്യത്തെ അങ്ങേയറ്റം ആദരിക്കുന്ന വലിയ വിഭാഗം വിദ്യാര്‍ത്ഥികള്‍ അവിടെയുണ്ട്. കശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കപ്പെട്ടപ്പോള്‍ ക്യാംപസില്‍ ആഹ്ലാദം നടന്നിരുന്നു. സൈനികരെയും സാധാരണക്കാരെയും കൊലപ്പെടുത്തുന്ന ഇസ്ലാമിക ഭീകരതക്കെതിരെ നൂറു കണക്കിനാളുകള്‍ പങ്കെടുത്ത നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയെന്ന വികാരത്തിലൂന്നി നിരവധി സെമിനാറുകളും പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ‘ടുക്കടെ ടുക്കടെ ഗ്യാങ്ങി’ന് പഴയ സ്വാധീനമോ ശക്തിയോ ഇപ്പോഴില്ല. അവരെ പിന്തുണച്ച രാഷ്ട്രീയ നേതാക്കള്‍ക്കും രാജ്യത്തിന്റെ മനസ്സില്‍ സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നു. രാജ്യത്തെയും ഭരണഘടനയെയും പരസ്യമായി വെല്ലുവിളിക്കാന്‍ അവര്‍ക്ക് ഭയമുണ്ടായിത്തുടങ്ങി. പാക്കിസ്ഥാനും അഫ്സല് ഗുരുവിനും ജയ് വിളിച്ചിടത്തുനിന്നാണ് ഈ മാറ്റമെന്ന് കാണാതിരിക്കരുത്. പ്രസക്തി നഷ്ടപ്പെട്ട, നിലനില്‍പ്പ് ഭീഷണി നേരിടുന്ന ചെറിയ ഒരു വിഭാഗം മാത്രമാണ് രാജ്യവിരുദ്ധരായിട്ടുള്ളത്. തീര്‍ത്തും ന്യൂനപക്ഷമായ അവരല്ല ജെഎന്‍യുവിന്റെ മുഖം. ദേശീയവാദികളുടേതാണ് ജെഎന്‍യു. ദേശവിരുദ്ധ ടാഗ് എപ്പോഴും പതിയേണ്ടത് സര്‍വകലാശാലയെ നശിപ്പിക്കുന്ന ഇടതിന്റെ ആവശ്യമാണ്.
?ക്യാംപസിലെ എബിവിപിയുടെ പ്രവര്‍ത്തനം എത്രത്തോളം ശക്തമാണ്
ഇടത്-ജിഹാദി കേന്ദ്രങ്ങളുടെ 2016ലെ രാജ്യദ്രോഹ പരിപാടിക്ക് ശേഷം എബിവിപി ശക്തമായി മുന്നോട്ടുപോയിട്ടുണ്ട്. ഇടതിന്റെ രാജ്യവിരോധവും മുസ്ലിം ഭീകരതയോടുള്ള സഹവര്‍ത്തിത്വവും തുറന്നുകാട്ടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. നേരത്തെ ശത്രുക്കളെപ്പോലെ പെരുമാറിയിരുന്നവര്‍ എബിവിപിയെ ഭയന്ന് വിശാല സഖ്യമുണ്ടാക്കിയാണ് ഇപ്പോള്‍ മത്സരിക്കുന്നത്. തീവ്രസംഘടനയായ ഐസയുമായും മുസ്ലിം മതമൗലികവാദികളുമായും കൈകോര്‍ക്കാന്‍ എസ്എഫ്ഐക്ക് ഒരു മടിയുമില്ല. ഒറ്റക്ക് മത്സരിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എബിവിപി രണ്ടാമതെത്തിയത്.
? ഇടത് സംഘടനകളുടെ വെല്ലുവിളികള്‍ നേരിട്ടാണ് കേരളത്തിലെ എബിവിപിയുടെ പ്രവര്‍ത്തനം
ജെഎന്‍യു അനുഭവമുള്ളതിനാല്‍ ഇടത് സംഘടനകളുടെ ഫാസിസ്റ്റ് പ്രവര്‍ത്തന ശൈലി എനിക്ക് മനസിലാകും. അക്രമവും അസഹിഷ്ണുതയും അവരുടെ ജന്മസ്വഭാവമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സ്വന്തം പ്രവര്‍ത്തകരെ തന്നെയാണ് ഇവര്‍ കുത്തിയത്. എബിവിപിക്ക് ആധിപത്യമുള്ള മറ്റ് സംസ്ഥാനങ്ങളിലെ ക്യാംപസുകളില്‍ എസ്എഫ്ഐക്ക് അക്രമം നേരിടേണ്ടി വരുന്നില്ല. കേരളത്തിലെ എബിവിപി പ്രവര്‍ത്തകരുടെ ത്യാഗത്തിനും ഇച്ഛാശക്തിക്കും മുന്പില് പ്രണമിക്കുന്നു. കമ്യൂണിസ്റ്റുകള്‍ക്കെതിരായ അവരുടെ പോരാട്ടം രാജ്യത്തെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ആവേശം പകരുന്നതാണ്. കേരളം ഒറ്റയ്ക്കല്ല, ഇന്ത്യയിലെ മുഴുവന്‍ എബിവിപി പ്രവര്‍ത്തകരും കൂടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: