ഇതുവരെ വെളിപ്പെടുത്തിയതെല്ലാം സത്യമാണോ? സത്യമല്ലാതെയാണോ? ഒരു നിശ്ചയമില്ലയൊന്നിനും എന്ന അവസ്ഥയിലാണ് ശാസ്ത്രലോകത്തിന്റെയും ദാര്ശനികരുടെയും ബൗദ്ധികവും ചിന്താപരവുമായ എത്തിച്ചേരല്‍. കണ്ടെത്തലുകള്‍ അവരുടെ ജയമാകാം, പരാജയമാകാം. എല്ലാം ഒന്നെന്നും എല്ലാറ്റിനും കാരണം ഒന്നെന്നും പറഞ്ഞ ഋഷീശ്വരന്മാര് ആ ഒന്നിനെ പൂര്‍ണമായ വ്യക്തതയോടെ എങ്ങും വെളിപ്പെടുത്തിയിട്ടില്ല. അവാച്യതയില്‍ കെട്ടിനിറുത്തപ്പെട്ട അവബോധം മാത്രമായി എല്ലാം ഒടുങ്ങി. അവര്‍ക്ക് അധികമൊന്നും വെളിപ്പെടുത്താനായില്ല. അത് അറിവിലും ഏറിയ അറിവായി, പിടികൊടുക്കാതെ മാറിനില്ക്കുന്നു. അതീന്ദ്രിയജ്ഞാനത്തിനും പരിധിയുണ്ട്. ശാസ്ത്രത്തിനും പരിധിയുണ്ട്. പരിമിതികളുണ്ട്. ആ പരിധികള്‍ക്കെല്ലാം അങ്ങേപ്പുറം സത്യം പ്രതിഭാസിക്കുന്നു. അതീന്ദ്രിയജ്ഞാനങ്ങളെ മിഥ്യയെന്ന് ശാസ്ത്രം പറഞ്ഞാല്‍ അതിനെ തള്ളിക്കളയണമെന്ന് ശങ്കരാചാര്യര്‍ ഉപദേശിക്കുന്നു.
അകലെയൊളിക്കുന്ന ഉണ്മയിലേക്കാണ് അന്വേഷണം നീളേണ്ടത്. മതത്തിന്റെ ശാസ്ത്രവും ശാസ്ത്രത്തിന്റെ മതവും അതുതന്നെ. ‘മതം വിശ്വാസംവിഴുങ്ങലല്ല; തത്വപരീക്ഷണമാണ’ എന്ന രംഗനാഥാനന്ദസ്വാമികളുടെ വാക്യവും ഇവിടെ അനുസ്മരിക്കേണ്ടതാണ്. ഉപനിഷത്തുകള്‍ പരമാവധി മാര്‍ഗം തുറന്നിട്ടു. ആധുനികശാസ്ത്രം അവയെ ആദരിച്ചുകൊണ്ടുതന്നെ അതിവേഗം മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ പരിമിതികളെ അംഗീകരിച്ചുകൊണ്ട് ഫിസിസിസ്റ്റായ ഹൈയന്‍ റിഷ് ഹെര്‍ട്സ് ഇങ്ങനെ പറഞ്ഞു: പ്രപഞ്ചപ്രതിഭാസത്തിന്റെ പരമമായ രഹസ്യത്തെ പൂര്‍ണമായി വിപാടനം ചെയ്തു കാണിക്കാനുള്ള ഉത്തരവാദിത്തമോ കഴിവോ ഫിസിക്സിനില്ല. ഫിസിസിസ്റ്റ് ചെയ്യുന്നത് താത്ക്കാലികമായ ഒരു സന്ദര്‍ഭത്തില്‍നിന്നുകൊണ്ട് തന്റെ കഴിവിന്റെ പരിധിയോളമെത്തി ആ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് എന്തുചിത്രം കാണാമെന്നുമാത്രം പ്രേക്ഷകന് വെളിപ്പെടുത്തിക്കൊടുക്കലാണ്.” പ്രപഞ്ചകാര്യത്തില്‍ എല്ലാ ചിത്രങ്ങളും അന്തിമമായി വിചിത്രങ്ങളെന്നു പറഞ്ഞുപോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: