പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരെ ചില പോലീസ് ഉദ്യോഗസ്ഥര്‍ അധിക്ഷേപിക്കുന്നതായി പരാതി. തിരക്ക് കുറഞ്ഞ സമയത്തുപോലും സ്വസ്ഥമായി ദര്‍ശനം നടത്താന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഭക്തരോട് പരുഷമായി പെരുമാറുന്ന ഇവര്‍ നെയിംബോര്‍ഡ് ധരിക്കാതെയാണ് ഡ്യൂട്ടിക്കെത്തുന്നത്. ഇത്തരം പെരുമാറ്റത്തില്‍ സന്നിധാനത്ത് സേവനത്തിനെത്തിയ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ക്കും രോഷമുണ്ട്. നേരത്തെ സന്നിധാനത്ത് പോലീസുകാരും ഭക്തഭാവത്തിലായിരുന്നു. സ്വാമി അല്ലെങ്കില്‍ അയ്യപ്പാ എന്ന് വിളിച്ചാണ് ഭക്തരെ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിലര്‍ തിരുനടയ്ക്കുമുന്നില് നിന്നു പോലും മാറിനില്‍ക്കടാ എന്ന് ആക്രോശിക്കുന്നതായി അയ്യപ്പന്മാര് പരാതിപ്പെടുന്നു.
ഭക്തരുടെ തിരക്ക് ഇല്ലാത്തപ്പോഴും ഇത്തരം ആക്രോശം എന്തിനെന്ന് ചോദിക്കുന്നവരെ ഈ പോലീസുകാര്‍ തള്ളി മാറ്റുകയാണ്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും ഭക്തര്‍ക്കുനേരെ അതിക്രമമുണ്ടായി. ശാസ്താംകോട്ടയില്‍ നിന്നുമെത്തിയ ഭക്തസംഘത്തിനുനേരെ നെയിംബോര്‍ഡ് ധരിച്ചിട്ടില്ലാത്ത രണ്ട് പോലീസുകാര്‍ അസഭ്യവര്‍ഷം നടത്തിയതായി പരാതി ഉയര്‍ന്നു. അശ്ലീലപദപ്രയോഗങ്ങളാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായതെന്നും പരാതിയുണ്ട്.
കഴിഞ്ഞ മണ്ഡലക്കാലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്, സന്നിധാനത്ത് നാമജപയജ്ഞത്തില്‍ പങ്കെടുത്തവരാണോ എന്ന് പരിശോധിക്കുന്നതായും ആക്ഷേപം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: