തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍, എസ്എഫ്ഐയുടെ താലിബാനിസത്തില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നവര്‍ 187 പ്രതിഭകള്‍. പലര്‍ക്കും എസ്എഫ്ഐയില്‍ നിന്നും ജീവനു ഭീഷണി നേരിട്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. മഹാരഥന്മാര് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ചരിത്രം ഉറങ്ങുന്ന കലാലയത്തില്‍ ജനാധിപത്യവും സ്വാതന്ത്ര്യവും നഷ്ടമായിട്ട് ദശാബ്ദങ്ങളായി. യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും പഠനം ഉപേക്ഷിച്ചവരില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും മികച്ച പഠനനിലവാരം പുലര്‍ത്തിയിരുന്നവരാണ്. പഠനം തുടരാന്‍ സാമ്പത്തിക ബുധിമുട്ടുള്ളവര്‍ മറ്റ് സര്‍ക്കാര്‍ കോളേജില്‍ അഡ്മിഷന് ലഭിക്കാനുള്ള സമയപരിധി കഴിഞ്ഞതു മൂലം പഠനം അവസാനിപ്പിച്ചു. മറ്റുള്ളവര്‍ സ്വകാര്യ കോളേജില്‍ പഠനം തുടര്‍ന്നു.
ക്രൂരതയ്ക്ക് ഇരകളായവര്‍ നിരവധി
എസ്എഫ്ഐ കോളേജിനുള്ളില്‍ ഏകാധിപത്യം നടപ്പാക്കി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിന് ഇരകളായവര്‍ ഏറെയാണ്. മാനസിക പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി കുറിപ്പ് എഴുതിവച്ചിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചത് മാസങ്ങള്‍ക്ക് മുന്‍പാണ്. പിന്നീട് ഈ വിദ്യാര്‍ഥിനിക്ക് ടിസി വാങ്ങിപോകേണ്ടി വന്നു. 2017ല്‍ കോളേജില്‍ നടന്ന നാടകോത്സവത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഒപ്പമെത്തിയ സുഹൃത്തിനെ സദാചാര പോലീസിന്റെ പേരില്‍ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചു. പാളയം റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതും വലിയ വിവാദമായിരുന്നു.
മുദ്രാവാക്യം തിരുത്തി പ്രതിഷേധം
അരാജകത്വം തുളുമ്പുന്ന യൂണിയന് പ്രവര്‍ത്തനം സഹിക്കവയ്യാതെ എസ്എഫ്ഐക്കാരായ വിദ്യാര്‍ത്ഥികള്‍ തന്നെ പ്രതിഷേധിച്ചത് യൂണിവേഴ്സിറ്റി കോളേജില്‍ ചരിത്രമായി. ഒരിക്കല്‍ ആവേശം പകര്‍ന്ന മുദ്രാവാക്യം തിരുത്തികൊണ്ട് സ്വാതന്ത്ര്യം എവിടെ, ജനാധിപത്യം എവിടെ, സോഷ്യലിസം എവിടെ എന്ന മുദ്യാവാക്യം മുഴക്കിയാണ് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ എസ്എഫ്ഐക്കെതിരെ തെരുവില്‍ ഇറങ്ങിയത്. സമീപകാലത്ത് എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജില്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്. ഇന്ന് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുന്ന കാര്യത്തില്‍ വരെ സംഭവം എത്തി നില്ക്കുന്നു.
കാടന്‍ നിയമങ്ങള്‍
ക്യാമ്പസില്‍ എസ്എഫ്ഐ നടപ്പാക്കുന്ന കാടന്‍ നിയമങ്ങള്‍ പുറം ലോകം കേട്ടാല്‍ ഞെട്ടും. നവോത്ഥാനം വിളമ്പുന്ന പാര്‍ട്ടിസഖാക്കളുടെ കുഞ്ഞുങ്ങള്‍ കോളേജില്‍ കാട്ടിക്കൂട്ടുന്നത് പറയാന്‍ അറക്കുന്ന കാര്യങ്ങള്‍. പുറത്ത് സമരത്തിന് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ച് പോകാമെങ്കിലും ക്യാമ്പസിനകത്ത് ഒരുമിച്ച് ഇരിക്കാനോ ചിരിക്കാനോ സംസാരിക്കാനോ പാടില്ല. കോളേജ് ക്യാന്റീനില്‍ എസ്എഫ്ഐയുടെ യൂണിറ്റ് ഭാരവാഹികളല്ലാത്തവര്‍ ഉറക്കെ സംസാരിക്കാന്‍ പാടില്ല. അവര്‍ വരുന്നെങ്കില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ പോലും മറ്റു വിദ്യാര്‍ത്ഥികള്‍ എഴുന്നേറ്റ് കസേര നല്‍കണം. സഖാക്കളുടെ പെണ്സുഹൃത്തുക്കളെ സന്തോഷിപ്പിക്കുന്ന രീതിയിലെ മറ്റ് വിദ്യാര്‍ത്ഥിനികള്‍ സംസാരിക്കാവു. സമരത്തിന് പങ്കെടുത്തില്ലെങ്കില്‍ ചോദിക്കുമ്പോഴെല്ലാം കൈമണി നല്‍കണം അല്ലെങ്കില്‍ ക്യാമ്പസില്‍ വരരുത്. നേതാക്കള്‍ വരുമ്പോള്‍ അദ്ധ്യാപകര്‍ ക്ലാസില്‍ നിന്നും ഇറങ്ങി നില്‍ക്കണം. തുടങ്ങി പുറത്തുപറയാന്‍ അറയ്ക്കുന്ന നിയമങ്ങള്‍വരെ യൂണിവേഴ്സിറ്റിയില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: