അതൊരു വരവുതന്നെയായിരുന്നു. അശ്വമേധം കഴിഞ്ഞ ചക്രവര്‍ത്തിയുടെ സഭാപ്രവേശം പോലെ. കാനനവാസം കഴിഞ്ഞ ശ്രീരാമചന്ദ്രന്റെ അയോധ്യാപ്രവേശം പോലെ. പാണ്ഡവദൂതനായി എത്തിയ ഭഗവാന് കൃഷ്ണന്റെ കൗരവ സഭാപ്രവേശം പോലെ…… നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തലയെടുപ്പോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആ വരവായിരുന്നു വരവ്; ഇതിനൊക്കെ പരിഹാരം കാണാതടങ്ങുമോ എന്ന മട്ടില്‍.
വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരവാതില്‍ രാമചന്ദ്രന് തുറന്നത്, തിരയടിക്കുന്നൊരു മഹാസാഗരത്തിനു മുന്നിലേയ്ക്കാണ്. ക്ഷേത്രമൈതാനം നിറഞ്ഞുതുളുമ്പിയ പതിനായിരങ്ങള്‍ നിര്‍വൃതിയിലാണ്ടു. അവരുടെ ഹൃദയമിടിപ്പിനും ധമനികളിലെ രക്തപ്രവാഹത്തിനും ഒരേ താളമായിരുന്നു. ആവേശത്തിന്റെ കൊടുമുടിയില്‍ തലയ്ക്കുമുകളില്‍ ഉയര്ത്തിവീശിയ കൈകളുടെ ചലനത്തിനും ഒരേ താളം. മതിമറന്ന് ആടിക്കളിച്ചപ്പോള്‍ അവരാരും അവരുടെ ജാതിയോ മതമോ അന്വേഷിച്ചില്ല. അവര്‍ക്കിടയില്‍ ആരും ദളിതരേയും സവര്‍ണനേയും അവര്‍ണനേയും തിരഞ്ഞില്ല. അതു പൂരത്തിന്റെ നഗരമായിരുന്നു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍നഗരം. രാമചന്ദ്രന് തലയിലേറ്റിയ തിടമ്പില്‍, അനുഗ്രഹഭാവത്തില്‍ വിളങ്ങിയ ഭഗവതിയുടെ രൂപം ആ താളങ്ങളെല്ലാം ആവാഹിച്ചെടുത്തു. ജനസമുദ്രത്തിന്റെ ഒരേ മനസ്സായ പ്രര്ഥനയായിരുന്നു അതില്‍ നിറയെ. അവരുടെ സിരകളിലേയ്ക്കു താന്‍ പകര്‍ന്ന ആവേശത്തിന്റെ ഊര്‍ജം എത്രയെന്നു രാമചന്ദ്രന് അറിഞ്ഞിട്ടുണ്ടാവില്ല. അവന് ഒരു നിമിത്തം മാത്രമായിരുന്നല്ലോ. ഒരു സമൂഹത്തിന്റെ ഉണര്‍വിന്റെ ഊര്‍ജമായിരുന്നു അത്. ശബരിമലയില്‍നിന്നു സംഭരിച്ച ഊര്‍ജം പൂരപ്പറമ്പിലെ വിജയത്തിന് ഇന്ധനമായി. ഉണര്‍ന്നെഴുനേറ്റ സ്വത്വബോധത്തിന്റെ തലയെടുപ്പാണു രാമചന്ദ്രന്റെ വരവില്‍ കണ്ടത്.
ശബരിമലയിലെ പ്രഭവസ്ഥാനത്തുനിന്ന് അതു തൃശൂരിലെ വടക്കുന്നാഥന്റെ മണ്ണിലെത്തി ജ്വലിച്ചുനിന്നു. സ്വന്തം നിലപാട്, തന്റേടത്തോടെ നിവര്‍ന്നുനിന്നു പറയാനും പറഞ്ഞതില്‍ ഉറച്ചുനിന്നു പൊരുതാനും, ശരിയെന്ന് ഉറപ്പുള്ളതിനായി വര്‍ണ, വര്‍ഗചിന്ത വെടിഞ്ഞ് ഒന്നായി അണിനിരക്കാനും പഠിച്ച സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ തലയെടുപ്പ്. പൂരവിളംബരം ഫലത്തില്‍ ഒരു ജനതയുടെ നവോത്ഥാന വിളംബരംകൂടിയായി. മതിലുകള്‍ക്കും മായാവേഷങ്ങള്ക്കും അധികാരദണ്ഡിനുമപ്പുറം തലയുയര്ത്തിനില്ക്കുന്ന നിശ്ചയദാര്‍ഢ്യം. ഇനി ചരിത്രത്തില്‍ അതു രേഖപ്പെടുത്തപ്പെട്ടു കിടക്കും. ഒപ്പം തെച്ചിക്കോട്ടുകാവു രാമചന്ദ്രന് എന്ന ഗജവീരനും. അവനും നവോത്ഥാന നായകന്റെ പരിവേഷമായി. ‘കാണാകുന്ന ചരാചര ജീവിയെ നാണം കൈവിട്ടു കൂപ്പി സ്തുതിക്കണം’ എന്നു ജ്ഞാനപ്പാനയില്‍ പറയുന്നുണ്ടല്ലോ.
അയ്യപ്പനു ശരണം വിളിച്ചവരെ ജയിലിലടച്ചവര്ക്കു മുന്നിലേയ്ക്ക്, പൊന്നമ്പലവാസന്റെയും പതിനെട്ടാം പടിയുടേയും ചിത്രം പതിച്ച മുത്തുക്കുടകള്‍ ആനപ്പുറത്ത് എഴുന്നള്ളിക്കാനുള്ള ചങ്കൂറ്റം ഹൈന്ദവ സമൂഹത്തിനു കൈവന്നിരിക്കുന്നു. ദേ, ഇതാണു നവോത്ഥാനം എന്ന ഉറച്ച പ്രഖ്യാപനം അതിലുണ്ടായിരുന്നു. അയ്യനു മുന്നിലെ തോല്‍വി വടക്കുംനാഥന്റെ മണ്ണില്‍ വിജയമാക്കാനിറങ്ങിയവര് അതു കണ്ടു പകച്ചിട്ടുണ്ടാകും. പൂത്തിറങ്ങിയ പൂരത്തിന്റെ മേളക്കൊഴുപ്പിലും താളത്തിലും ലയിച്ചവരുടെ തലയ്ക്കുമുകളില്‍ ആടിക്കളിച്ച വിരലുകളുടെ ചലനം ഒരു മുന്നറിയിപ്പായിരുന്നു. ഉണര്‍ന്ന ജനതയാണു ഞങ്ങള്‍ എന്ന മുന്നറിയിപ്പ്.
ശരണം വിളിയും പൂരവും മേളവും നാമജപവും ഒരുമയുടെ ഹൃദയതാളമായിക്കഴിഞ്ഞു. ഒരു ആനയുടെ മദപ്പാടിന്റെ പേരുപറഞ്ഞ് സമൂഹത്തിന്റെ ആചാരത്തേയും പാരമ്പര്യത്തേയും പൈതൃകത്തേയും ചവിട്ടിമെതിക്കാനാവില്ലെന്ന കരുത്തുറ്റ പ്രഖ്യാപനമാണവിടെ മുഴങ്ങിയത്. ആ ശബ്ദത്തിനു തളര്‍ച്ച വരാത്തിടത്തോളം കാലം ഈ സമൂഹത്തിന്റെ ശിരസ്സ് ഉയര്‍ന്നുതന്നെ നില്ക്കും. നില്‍ക്കണം.
‘സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും’
വാലറ്റം:
നവമാധ്യമങ്ങളിലെ ചില കമന്റുകളുടെ ചുവടുപിടിച്ചു കുറിക്കട്ടെ: ഒരു ഞെട്ടലിന്റെ അങ്കലാപ്പില്‍ രണ്ടുപേരുടെ മരണത്തിനു കാരണക്കാരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കാമെങ്കില്‍, ആദ്യം വിലക്കേണ്ടത് അധികാരത്തിന്റെ ബലത്തില്‍ നൂറുകണക്കിന് ആളുകളെ വെട്ടിയും കുത്തിയും പ്രളയത്തില്‍ മുക്കിയും കൊന്ന രാഷ്ട്രീയ പ്രസ്ഥാനത്തേയല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: