എല്ലാം ശരിയാക്കുമെന്ന് ഉറപ്പുനല്‍കിയ ഇടതുമുന്നണി അധികാരത്തില്‍ ആയിരം ദിവസം പിന്നിട്ടിരിക്കുകയാണ്. ജനകീയ പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, തൊട്ടതെല്ലാം വിവാദത്തിലുമായി. അഴിമതിയും സ്വജനപക്ഷപാതവും വേണ്ടുവോളമായി. സ്വയം സൃഷ്ടിയായ പ്രളയം ജനങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത കെടുതിയാണുണ്ടാക്കിയത്. പ്രളയാനന്തര നടപടികളെല്ലാം വെള്ളത്തിലുമായി. കരകയറാന്‍ കഴിയാത്തവിധം കയങ്ങളിലേക്ക് ഭരണം താഴുമ്പോഴാണ് ശബരിമല പ്രശ്നം വന്നത്.
യുവതികള്‍ക്കും ശബരിമലയില്‍ കയറാമെന്ന സുപ്രീംകോടതിവിധി വന്നപാടെ സര്‍ക്കാര്‍ നടപടിയിലേക്ക് നീങ്ങി. വിധി പഠിക്കുംമുന്പുതന്നെ യുവതീപ്രവേശനത്തിന് ഒരുക്കം നടത്തുകയും ചെയ്തു. അയ്യപ്പഭക്തയായ ഒരു യുവതിയും മലചവിട്ടാന്‍ തയ്യാറാകുംമുന്പ് തന്നെ മുഖ്യമന്ത്രി വിജയന് വാര്‍ത്താസമ്മേളനം നടത്തി എന്തുവിലകൊടുത്തും യുവതികളെ മലയിലെത്തിക്കുമെന്ന് വീമ്പടിക്കുകയും ചെയ്തു. 64 ദിവസം നീണ്ട തീര്‍ത്ഥാടനകാലത്ത് സ്വമേധയാ ഒരു യുവതിയും മലകയറിയില്ല. യുദ്ധസന്നാഹത്തോടെ സംവിധാനങ്ങളൊരുക്കി എഴുന്നള്ളിയവരുണ്ട്. ഭക്തരുടെ എതിര്‍പ്പുമൂലം അവര്‍ക്കെല്ലാം നിരാശപ്പെടേണ്ടിവന്നു.
പിശകുണ്ടെന്ന് സുപ്രീംകോടതിക്ക് തന്നെ ബോധ്യമായ വിധി നടപ്പാക്കുന്നതിനെതിരായ ജനവികാരം മാനിക്കാന്‍ ജനകീയ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ ഭക്തരെ ശത്രുക്കളായിക്കണ്ടാണ് സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ടുപോയത്. അതില്‍ ഈ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചവരും കടുത്ത അമര്‍ഷത്തിലാണെന്ന് ബോധ്യപ്പെടുകയുണ്ടായി. യുവതികളടക്കം ലക്ഷക്കണക്കിനാളുകള്‍ സര്‍ക്കാരിന്റെ നടപടിയെ ചെറുക്കാന്‍ രംഗത്തിറങ്ങി. കേരളത്തില്‍ മാത്രമല്ല, രാജ്യമെങ്ങും നാമജപങ്ങളുമായി അണിനിരന്നവരുടെ കൂട്ടായ്മയായിരുന്നു അനന്തപുരിയില്‍ അയ്യപ്പ കര്‍മസമിതി സംഘടിപ്പിച്ച സംഗമം. സംഘാടകരെപ്പോലും അമ്പരപ്പിച്ച ജനാവലിയാണ് അതില്‍ പങ്കെടുത്തത്. സംഗമം നടത്തിയത് ബിജെപിയല്ല. ബിജെപി നേതാക്കളാരും അവിടെ പ്രസംഗിച്ചിട്ടുമില്ല. സാമുദായിക നേതാക്കളുടെയും സന്യാസിവര്യന്മാരുടെയും വലിയ നിരതന്നെ വേദിയിലും സദസ്സിലുമായി ഉണ്ടായിരുന്നു.
സംഗമത്തില്‍ മുഖ്യാതിഥിയായി മാതാ അമൃതാനന്ദമയീദേവി പങ്കെടുത്തതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തുവന്നത് ഫാസിസ്റ്റ് രീതിയാണെന്നതില്‍ സംശയമില്ല. സിപിഎമ്മിന്റെ ചെലവിലോ പരിലാളനയിലോ പ്രവര്‍ത്തിക്കുന്നതല്ല അമൃതാനന്ദമയി മഠം. കോടാനുകോടി അനുയായികളുള്ള ‘അമ്മ’യെ അവഹേളിക്കാന്‍ അവസരം നോക്കിനടന്നവരാണ് സിപിഎം നേതാക്കള്‍. നിയമസഭാ വേദിയില്‍ പോലും അമ്മയ്ക്കെതിരെ പ്രസംഗിക്കുകയുണ്ടായി. അമ്മയെ സിനിമാനടിയോടുപമിച്ച് അസഭ്യം പറഞ്ഞ സിപിഎം നേതാവ് ടി.കെ. ഹംസയ്ക്ക് സ്ഥാനക്കയറ്റം നല്കിയ പാര്‍ട്ടിയാണത്.
മഠത്തില്‍നിന്നു പുറത്താക്കിയ വിദേശ വനിതയെ അമേരിക്കയില്‍ ചെന്ന് അമ്മയ്ക്കെതിരായി വാര്‍ത്ത സൃഷ്ടിച്ചത് പാര്‍ട്ടി ചാനലാണ്. ആള്‍ദൈവമെന്ന് ആക്ഷേപിച്ചുകൊണ്ടിരുന്ന സിപിഎം എന്തിനാണാവോ അമ്മ ഏത് യോഗത്തില്‍ പോകണം പോകണ്ട എന്നൊക്കെ പറയുന്നത്. അമ്മയുടെ ഭക്തരായി എല്ലാ പാര്ട്ടിക്കാരുമുണ്ടെന്നത് സമ്മതിക്കുന്നു. സംഗമത്തിനെത്തിയവരിലും പല പാര്ട്ടിയിലുള്ളവരുണ്ടെന്ന് മനസ്സിലാക്കണം. സിപിഎം മാത്രമല്ല കോണ്‍ഗ്രസിലെ ചില നേതാക്കളും അമ്മയ്ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. സംഗമത്തില്‍ ചെന്ന് അമ്മ എന്തിന് സംസാരിച്ചുവെന്നാണ് കെ. മുരളീധരന്റെ ചോദ്യം. അമ്മ നടത്തിയ പ്രസംഗം കോളാമ്പിയില്‍ അമ്പലപ്പുഴ പായസം വിളമ്പിയതിന് സമാനമായെന്നാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എ മുരളീധരന് പറഞ്ഞത്. എനിക്കിങ്ങനെ ഒരച്ഛനില്ലെന്ന് കരുണാകരനെ തള്ളിപ്പറഞ്ഞ മാന്യനാണ് ഈ മനുഷ്യന്. ശബരിമല പ്രശ്നത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ജനരോഷത്തിന് ഇരയായവരാണ്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടൊ എന്ന ചൊല്ലുപോലെയാണ് ഇരുകൂട്ടരുടെയും പെരുമാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: