പോയ വര്‍ഷത്തെ ഏറ്റവും താഴ്ന്ന ഇന്ധന വിലയുമായാണ് പുതുവര്‍ഷം കടന്നുവന്നത്. പാചകവാതക വിലയിലും കാര്യമായ കുറവുണ്ടായി. രണ്ടരമാസമായി ക്രമത്തില്‍ കുറഞ്ഞുവരുകയാണ് ഇന്ധനവില. ഇക്കാലത്തിനിടെ പെട്രോളിന് 13.99 രൂപയും ഡീസലിന് 12.84 രൂപയുമാണു കുറഞ്ഞത്. പാചകവാതകത്തിന് ഡിസംബറില്‍മാത്രം രണ്ടുതവണ വിലകുറഞ്ഞു. ജനങ്ങള്‍ക്ക് ആശ്വാസവും കേന്ദ്രത്തിന് ആത്മവിശ്വാസവും പ്രതിപക്ഷത്തിന് നിരാശയും സമ്മാനിക്കുന്നതാണ് ഈ വസ്തുത. ഇന്ധന, പാചകവാതക വിലയുടെ പേരിലായിരുന്നല്ലോ കേന്ദ്രത്തിനെതിരെ പ്രതിപക്ഷത്തിന്റെയും കുറെ പ്രമുഖ മാധ്യമങ്ങളുടേയും ആരോപണങ്ങളും പരിഹാസവും. അത് അവര്‍ക്കു നിലനില്പിനുള്ള ഇന്ധനവുമായിരുന്നു.
എന്നാല്‍, വില കുറയുന്നകാര്യം അവരാരും അറിഞ്ഞതായി നടിക്കുന്നില്ല. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയുടെ ചാഞ്ചാട്ടം ആഭ്യന്തര വിപണിയേയും ബാധിക്കുന്നതു സ്വാഭാവികമാണെങ്കിലും കേന്ദ്ര സര്‍ക്കാരിനെതിരായ ആയുധമായി അത് ഉപയോഗിക്കാനാണ് കേന്ദ്രവിരുദ്ധരും മാധ്യമപ്പടയും ഉത്സാഹം കാണിച്ചിരുന്നത്. ഇതിപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളും ഡോളറുമായുള്ള വിനിമയത്തില്‍ രൂപ കൈവരിച്ച നേട്ടവും കൂടി പ്രതിഫലിപ്പിക്കുന്നതാണ്. രൂപയുടെ മൂല്യം ഉയരുന്നതും വിലകുറയുന്നതും സാമ്പത്തിക അടിത്തറയുടെ മികവാണു സൂചിപ്പിക്കുന്നത്. ആരൊക്കെ കണ്ടില്ലെന്നു നടിച്ചാലും രാജ്യാന്തര തലത്തില്‍ ഇന്ത്യ കൈവരിക്കുന്ന മികവിന്റെ ചിത്രം തെളിഞ്ഞുതന്നെ നില്‍ക്കുന്നുണ്ട്.
സദ്ഭരണമെന്ന പേരില്‍ പൊതുഖജനാവില്‍ നിന്നു പണമെടുത്തു വോട്ട്ബാങ്ക് ഉറപ്പിക്കുന്ന ശൈലി വേണ്ടെന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഫലമാണ് ഇന്നു കാണുന്നത്. ജനകീയാടിത്തറ വിപുലീകരിക്കാന്‍ വിദേശത്തുനിന്നു കടമെടുത്ത് ഇന്ധനവില താഴ്ത്തിയ മുന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയല്ല കഴിഞ്ഞ നാലരവര്‍ഷമായി ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത്. അത്തരം കടങ്ങള്‍ നികത്തുന്നതിനൊപ്പം അടിസ്ഥാന മേഖലയിലടക്കം വികസനം നടപ്പാക്കാനും കടുത്ത നടപടികളിലൂടെ കടന്നുപോകേണ്ടിവന്നിട്ടും ഏറെ പഴിയും പരിഹാസവും കേള്‍ക്കേണ്ടിവന്നിട്ടും ഖജനാവിന്റെ ഭദ്രത നിലനിര്‍ത്താന്‍ കഴിഞ്ഞത് ആ ദൃഢനിശ്ചയത്തിന്റെ നേട്ടമാണ്.
മിക്ക മുന്‍ സര്‍ക്കാരുകളും തിരിഞ്ഞുനോക്കാത്ത ഗ്രാമീണമേഖലയുടെ അടിസ്ഥാന പ്രശ്നങ്ങളിലേയ്ക്കു നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രദ്ധയൂന്നിയപ്പോള്‍ പാര്‍പ്പിടം, വെള്ളം, വെളിച്ചം, ശുചിത്വം, ഗതാഗതം തുടങ്ങിയ മേഖലകളിലേയ്ക്കു വികസനം കടന്നു ചെന്നു. അവരുടെ സ്വപ്നങ്ങളില്‍ പോലുമില്ലാതിരുന്ന വൈദ്യുതിയും പാചകവാതകവും ശുചിമുറികളും സൗജന്യമായി ദരിദ്ര ഗ്രാമഭവനങ്ങളിലെത്തി. നഗരവികസനത്തിനൊപ്പം ഗ്രാമവികസനവും സാധ്യമാക്കാന്‍ സര്‍ക്കാരിനൊപ്പം ജനങ്ങളുടേയും സാമ്പത്തിക അച്ചടക്കം ആവശ്യമായിരുന്നു. അതു നടപ്പാക്കിയതിന്റെ പേരിലാണ് അധിക്ഷേപങ്ങള്‍ ഏറെ ചൊരിയപ്പെട്ടതെന്നുമാത്രം. കേന്ദ്രം തീരുവ കുറച്ചതുകൊണ്ടുകൂടിയാണ് ഇപ്പോഴത്തെ ഇന്ധന വിലക്കുറവ്. വികസനരംഗം ഏതാണ്ട് കൈപ്പിടിയിലായി എന്ന ആത്മവിശ്വാസമായിരിക്കാം കേന്ദ്രത്തിന്റേത്. ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും തീരുവയുടെ കാര്യത്തില്‍ കേന്ദ്രത്തിനൊപ്പം നിന്നപ്പോള്‍ കേരളം തിരിഞ്ഞു നില്ക്കുന്നു എന്നതാണു ദുഖകരം. ഫലത്തില്‍ വിലക്കുറവിന്റെ ഗുണം കേരളത്തില്‍ വേണ്ടത്ര പ്രതിഫലിക്കുന്നില്ല. അവശ്യവസ്തുക്കളുടെ വിലയിലും മാറ്റമുണ്ടായിട്ടില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ജനങ്ങളോടു മുണ്ടുമുറുക്കി ഉടുക്കാന്‍ നിര്‍ദേശിച്ച ധനമന്ത്രിയടക്കം ധൂര്‍ത്തിനു കുടപിടിക്കുന്നതാണ് കേരളത്തിലെ കാഴ്ച. സര്‍ക്കാര്‍ ഫണ്ടുകൊണ്ടു വനിതാമതില്‍ പണിയുന്ന സര്‍ക്കാര്‍, സാമ്പത്തിക അച്ചടക്കം എന്തെന്നു കേന്ദ്രത്തില്‍നിന്നു പഠിക്കുന്നതു നന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: