ദീപവും മതിലും തമ്മിലുള്ള വ്യത്യാസമെന്തെന്നു കേരളം കഴിഞ്ഞ ദിവസം കണ്ടു. മതില് വരാന്‍ പോകുന്നതേയുള്ളൂ. പക്ഷേ, ദീപം കേരളത്തിലുടനീളം പ്രകാശിച്ചു. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ദേശീയപാതയുടേയും എംസിറോഡിന്റേയും ഓരങ്ങളില്‍ മണ്‍വിളക്കേന്തി അണിനിരന്ന ലക്ഷക്കണക്കിനു ഹൈന്ദവരുടെ മനസ്സില്‍ ആ പ്രകാശം നിറഞ്ഞു. അവരുടെ മുഖങ്ങളിലെ തിളക്കവും മനസ്സിന്റെ ഉണര്‍വും സംതൃപ്തിയും ഓരോ കുടുംബത്തിലും ചെന്നു പ്രതിഫലിച്ചിട്ടുണ്ടാവും.
നാടുഭരിക്കുന്നവര്‍ക്ക് അത് അറിയാന്‍ കഴിയാതെ പോയിട്ടുണ്ടെങ്കില്‍ അവരുടെ ഉള്ളിലെ ഇരുട്ടിന്റെ കടുപ്പം അത്ര കൂടുതലാണെന്നു മാത്രം കരുതാം. ജാതി, വര്‍ഗ, വര്‍ണങ്ങളുടെ മാത്രമല്ല രാജ്യത്തിന്റെയും അതിരുകള്‍കടന്ന് രാജ്യാന്തരങ്ങളിലേക്ക് എത്തിയ ആ പ്രകാശത്തെ മതില് കെട്ടി മറയ്ക്കാന്‍ അവര്‍ ശ്രമിക്കുന്നത് അതുകൊണ്ടുതന്നെയായിരിക്കണം. ആ മതില് പുതുവര്‍ഷദിനമായ ജനുവരി ഒന്നിന് ഉയരുമെന്ന്, ഇരുട്ടിന്റെ മറവിനെ സ്നേഹിക്കുന്ന ഭരണകക്ഷിയും സര്‍ക്കാരും അവരുടെ ആജ്ഞാനുവര്‍ത്തികളും വിളിച്ചുപറയുന്നു. മനസ്സിലെ പ്രകാശത്തെ മറയ്ക്കാനാവില്ലെന്ന് അവര്‍ മനസ്സിലാക്കാനിരിക്കുന്നതേയുള്ളു.
ഭക്തജനമനസ്സില്‍ പ്രകാശജ്വാലയായി ശോഭിക്കുന്ന സ്വാമിഅയ്യപ്പന്റെ സന്നിധാനത്തെ ആചാരലംഘനത്തിലൂടെ മലിനമാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കു വിശ്വാസികളുടെ ശക്തവും വ്യക്തവുമായ മറുപടിയായിരുന്നു ശബരിമല കര്‍മസമിതി വിഭാവനം ചെയ്ത അയ്യപ്പജ്യോതി. വടക്കേ അതിര്‍ത്തിയായ ഹോസങ്കടി മുതല്‍ തെക്ക് കന്യാകുമാരിവരെ നിറഞ്ഞൊഴുകിയ പ്രകാശധാര സാഗരം ഏറ്റുവാങ്ങി. വിശ്വാസത്തിന്റെ ശക്തിയും ദൃഢനിശ്ചയത്തിന്റെ കരുത്തും എന്തെന്നു ഹൈന്ദവസമൂഹം തുറന്നു കാണിച്ചു. വനിതകളും കുട്ടികളും പ്രായമായവരും ശാരീരിക വെല്ലുവിളി നേരിടുന്നവരുമടക്കം 20 ലക്ഷത്തിലേറെ ഭക്തരാണ് ദീപമാലയുടെ ഭാഗമായത്.
ധാര്‍ഷ്ട്യത്തിലും പരിഹാസത്തിലും ബിരുദമെടുത്തവര്‍ ഒരു കാര്യം മനസ്സിലാക്കിയാല്‍ നന്ന്. ആരും നിര്ബന്ധിച്ചിട്ടോ സമ്മര്‍ദ്ദം ചെലുത്തിയിട്ടോ അല്ല ലക്ഷക്കണക്കായ ഭക്തര്‍ ഈ അയ്യപ്പജ്യോതിയുടെ ഭാഗമാകാനെത്തിയത്. അത് അവരുടെ സ്വന്തം താത്പര്യമായിരുന്നു. നിയോഗംപോലെ അവര്‍ അത് ഏറ്റെടുത്തു. അയ്യപ്പന് എന്ന ചിന്ത അവരുടെ മനസ്സില്‍ എത്ര രൂഢമൂലമായിരിക്കുന്നു എന്ന്, നേരേ ചൊവ്വേ ചിന്തിക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ പോന്നതായിരുന്നു ഇത്. പുരോഗമനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പേരുപറഞ്ഞാലും, അടിച്ചേല്‍പ്പിക്കുന്നത് ഏറ്റുവാങ്ങാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് വിശ്വാസികളായ യുവതികളടക്കമുള്ള വനിതകള്‍ മൗനമായി പ്രഖ്യാപിക്കുകയായിരുന്നു. ആ മൗനത്തിന് ലക്ഷംലക്ഷം ഉച്ചഭാഷിണികളുടെ ശക്തിയുണ്ടായിരുന്നെന്നുമാത്രം.
പ്രലോഭനങ്ങളും സമ്മര്‍ദ്ദങ്ങളും ഭീഷണികളും കൊണ്ടു വരുതിയില്‍ നിര്‍ത്താന്‍ എല്ലാവരേയും കിട്ടില്ലെന്നു മുഖ്യമന്ത്രിയും കൂട്ടരും അറിഞ്ഞിരുന്നാല്‍കൊള്ളാം. ജാതി, വര്‍ണ ചിന്തയുടെ വിഷം കേരളത്തിലുടനീളം വിതറിനോക്കിയിട്ടും അത് ഈ വിശ്വാസമനസ്സുകളെ തെല്ലും സ്പര്‍ശിച്ചില്ലല്ലോ. നവോത്ഥാനം നടപ്പാക്കേണ്ടത് ഇരുട്ടുകൊണ്ടല്ല. വെളിച്ചംകൊണ്ടാണ്. ഇവിടെ ആ പ്രകാശം വിശ്വാസികളുടെ കൈകളിലാണുള്ളത്. ഇരുട്ട് ഭരണക്കാരുടെ മനസ്സിലും.
വനിതാ മതിലിലേക്ക് ആളെക്കൂട്ടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിക്കുകയും ഖജനാവു ധൂര്‍ത്തടിക്കുകയും ചെയ്യുന്നവര്‍ ജനഹിതമല്ല ആത്മഹിതമാണു നടപ്പാക്കാന്‍ നോക്കുന്നത്. അതിന് ആരും അവര്‍ക്ക് അവകാശം കൊടുത്തിട്ടില്ല. അവര്‍ക്കതു തിരിച്ചറിയാനായില്ലെങ്കില്‍ ജനം തിരിച്ചറിയും. രക്തരഹിതമായ സംഹാരത്തിനുള്ള തുറുപ്പുചീട്ട് അവരുടെ കൈകളിലുണ്ടല്ലോ. കാലം മുന്നോട്ടുതന്നെയാണു പോകുന്നത്. ഇത് ഉണര്‍വിന്റെ സന്ധ്യാദീപമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: