സിഖ് കൂട്ടക്കൊലയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനു ലഭിച്ച ആജീവനാന്ത തടവ് ശിക്ഷ ഫലത്തില്‍ കോണ്‍ഗ്രസ് പാര്ട്ടിക്കുകൂടിയുള്ളതാണ്. കാരണം, 34 വര്‍ഷം മുന്‍പു കോണ്‍ഗ്രസ് ആണ് പ്രതികാരവാഞ്ഛയോടെ ആ കൂട്ടക്കൊലയ്ക്കു പ്രചോദനമേകിയത്. 1984ല്‍ ഇന്ദിരാഗാന്ധിയെ വെടിവച്ചുകൊന്ന അംഗരക്ഷകര്‍ സിഖുകാരായതിന്റെ പേരില്‍, ആ വിഭാഗത്തേ ഒന്നാകെ കൊന്നൊടുക്കാനായിരുന്നു അന്ന് ഭരണാധികാരികളുടെ ഒത്താശയോടെ കോണ്‍ഗ്രസ് ക്രിമിനലുകള്‍ അഴിഞ്ഞാടിയത്. തലസ്ഥാനം കലാപഭൂമിയാക്കിയ ആ തേര്‍വാഴ്ചയില്‍ ദല്‍ഹിയില്‍ മാത്രം മൂവായിരത്തോളം സിഖുകാര്‍ കൊല്ലപ്പെട്ടു. പലരേയും ജീവനോടെ ചുട്ടെരിച്ചു. രാജ്യത്താകെ പതിനായിരത്തിലേറെ സിഖ് കൊലപാതകങ്ങള്‍ എന്നാണ് കണക്ക്. ഒരുകുടുംബത്തിലെ അച്ഛനും മകനും അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ട കേസിലാണ് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ സജ്ജന്‍ കുമാറിനു ദല്‍ഹി ഹൈക്കോടതി മരണം വരെ തടവുശിക്ഷ വിധിച്ചത്.
വ്യക്തികള്‍ ചെയ്യുന്ന കുറ്റകൃത്യത്തിനു സമൂഹത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുകയും ഉടനടി ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പ്രാകൃത രീതിയുടെ നഗ്നമായ പ്രകടനമായിരുന്നു അന്നു കണ്ടത്. കൂട്ടക്കൊല ആസൂത്രണം ചെയ്യുകയും അതിനു നേതൃത്വം നല്‍കുകയും ചെയ്തവരില്‍ സജ്ജന്‍കുമാര്‍ ഉണ്ടായിരുന്നു എന്നാണു കേസ്. അതിനു സാക്ഷികളുമുണ്ടായിരുന്നു. കൊലയാളികളോടു സജ്ജന്‍ അട്ടഹസിക്കുന്നതു കേട്ടതായി, കൊല്ലപ്പെട്ട കെഹാര്‍ സിങ്ങിന്റെ ഭാര്യ ജഗദീഷ് കൗര്‍ കോടതിയില്‍ മൊഴിനല്‍കിയിരുന്നു. ചോരയ്ക്കു ചോര എന്ന് ആക്രോശിച്ചുകൊണ്ട് ആയിരക്കണക്കിനു ക്രിമിനലുകളാണ് അന്നു ദല്‍ഹിയുടെ തെരുവുകളില്‍ മൂന്നു ദിവസത്തോളം താണ്ഡവമാടിയത്. അവര്‍ക്ക് മദ്യവും ആയുധങ്ങളും സിഖുകാരുടെ വീടുകള്‍ തിരിച്ചറിയാന്‍ വോട്ടേഴ്സ് ലിസ്റ്റിന്റെ പകര്‍പ്പും നല്കിയതു കോണ്‍ഗ്രസ് നേതാക്കളാണെന്നാണ് ആരോപണം. അക്രമം തടയാന്‍ ഭരണകൂടം കാര്യമായൊന്നും ചെയ്തില്ലെന്നും ആരോപണമുണ്ടായിരുന്നു.
കേസ് ഇവിടംകൊണ്ടു തീര്‍ന്നിട്ടില്ല. ഭരണ സംവിധാനവും ഭരണകക്ഷിയും പോലീസും കൈകോര്‍ത്ത് അഴിഞ്ഞാടിയ സംഭവത്തില്‍ ഇനി എത്ര നേതാക്കള്‍ കുടുങ്ങുമെന്നു കാണാനിരിക്കുന്നതേയുള്ളൂ. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം അധികാരമേറ്റ കമല്‍നാഥ് അടക്കമുള്ളവരുടെ പേരിലും ആരോപണമുണ്ട്. സുപ്രീംകോടതി ഉത്തരവു പ്രകാരം നിയോഗിക്കപ്പെട്ട അന്വേഷണസംഘം പരിശോധിച്ച 52 കേസുകളില്‍ കുറ്റപത്രം നല്‍കിവരുന്നുണ്ട്. കമ്മിഷന്റെ തെളിവെടുപ്പില്‍ കമല്‍നാഥിനെതിരെയും മൊഴിയുണ്ടെന്നാണു സൂചന. രണ്ടുപേരെ കൊലപ്പെടുത്തിയ മറ്റൊരു കേസില്‍ നേരത്തേ പ്രതി യശ്പാല്‍ സിങ്ങിനു വധശിക്ഷ വിധിച്ചിരുന്നു. നരേഷ് ഷെറാവത്ത് എന്ന മറ്റൊരു പ്രതിക്കു ജീവപര്യന്തവും നല്കി. തുടരുന്ന അന്വേഷണം ആരിലേയ്ക്കൊക്കെ നീളുമെന്നു വരും കാലം തെളിയിക്കും.
മൂന്നു പതിറ്റാണ്ടു കടന്നുപോയിട്ടും മറക്കാത്ത മുറിവിന്റെ വേദനയും ഉലായാത്ത നിശ്ചയദാര്‍ഢ്യവുമായി, ഇരകളുടെ ബന്ധുക്കള്‍ നടത്തിയ പോരാട്ടമാണ് ഇത്രവൈകിയെങ്കിലും ഫലം കാണാനിടയാക്കിയത്. അധികാര ഗര്‍വ്വില്‍ നടത്തിയ കൂട്ടക്കുരുതി പകല്‍പോലെ വ്യക്തമായിരുന്നിട്ടും തെളിവുകളുടെ പോരായ്മ പറഞ്ഞ് കേസുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിടത്തുനിന്നാണ് ഇവര്‍ പോരാട്ടം തുടങ്ങിയത്. അതിന്റെ ഫലമായാണ് സുപ്രീംകോടതി ഇടപെട്ടതും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഉത്തരവിട്ടതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: