ശബരിമല കേസ് പോലെയല്ല പള്ളിക്കേസ് എന്നു സര്‍ക്കാര്‍ പരോക്ഷമായെങ്കിലും സമ്മതിച്ചിരിക്കുന്നു. പിറവം പള്ളിക്കേസ് സംബന്ധിച്ചു ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം. ശബരിമല എന്ന പേര് പരാമര്‍ശിക്കാതെ തന്ത്രപൂര്‍വമാണ് സമ്മതം. പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നമെന്ന നിലയിലാണ് ഇക്കാര്യം അവതരിപ്പിക്കുന്നത്.
ശബരിമല പ്രശ്നം രാഷ്ട്രീയമായി മുതലെടുക്കാന്‍ സമുദായസംഘടനകളും സാമൂഹ്യവിരുദ്ധരും ശ്രമിക്കുന്നതാണത്രെ പ്രശ്നം. അവര്‍ പൊതുമുതല്‍ നശിപ്പിക്കുകയും ഭക്തരെയും പോലീസിനെയും ആക്രമിക്കുകയും ചെയ്തു. പിന്നെ പോലീസിനു നടപടി എടുക്കാതെ പറ്റില്ലല്ലോ. പിറവത്തെ പ്രശ്നം പള്ളിയുടെ ഭരണം സംബന്ധിച്ചു രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള വിഷയമാണെന്നും അതു സിവില്‍ തര്‍ക്കമാണെന്നും വിശദീകരിക്കുന്നു. ഒരിടത്ത് ശൗര്യം കാണിക്കുകയും വേറൊരിടത്ത് മുട്ടിലിഴയുകയും ചെയ്യുന്നതിനുള്ള നല്ല വിശദീകരണം!
പിറവത്ത് ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ തമ്മിലാണു തര്‍ക്കം. സുപ്രീംകോടതി വിധി നടപ്പാക്കാനും പള്ളിയില്‍ ചടങ്ങുകള്‍ നടത്താനും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആ കേസിലാണു സര്‍ക്കാരിന്റെ സത്യവാങ്മൂലം. യാക്കോബായ വിഭാഗത്തിലെ ആയിരത്തോളംപേര്‍ കഴിഞ്ഞ ദിവസം പള്ളിമുറ്റത്ത് സംഘടിച്ചു. കൂടുതല്‍ പേര് എത്തിക്കൊണ്ടുമിരുന്നു.
ഏതാനും പേര് പള്ളിയുടെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. നിയമവിരുദ്ധമായി സംഘടിച്ചവരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് ഇതൊക്കെ കണ്ട് നിസ്സഹായരായി പിന്മാറേണ്ടിവന്നു. എന്നിട്ടും അവിടെ ഒരു നിരോധനാജ്ഞയും പ്രഖ്യാപിച്ചുകേട്ടില്ല. അവിടെ നടന്നതു സിവില്‍ നടപടിയായിരുന്നോ?
ഇതേ കേരളാ പോലീസാണ് നിലയ്ക്കലും പമ്പയിലുമൊക്കെ നാമം ജപിച്ച അയ്യപ്പഭക്തരെ ഓടിച്ചിട്ടുതല്ലുകയും അറസ്റ്റു ചെയ്ത് ജയിലലടയ്ക്കുകയും ചെയ്തത്. സന്നിധാനത്തു ശരണം വിളിച്ചവരെ അറസ്റ്റുചെയ്തതും ഈ പോലീസ് തന്നെ. ഇരുമുടിയുമായി ദര്‍ശനത്തിനുപോയ ശശികല ടീച്ചറെ മരക്കൂട്ടത്തു പാതിരാത്രിയിലും കെ. സുരേന്ദ്രനെ നിലയ്ക്കലിലും അറസ്റ്റുചെയ്തപ്പോഴും ഇവര്‍ക്ക് ഒരു നിസ്സഹായതയുമില്ലായിരുന്നു.
സുരേന്ദ്രനെ തുടര്‍ച്ചയായി റിമാന്‍ഡുചെയ്യിച്ചു ജയിലിലടച്ചപ്പോഴും ശരിയല്ലായ്കയൊന്നും സര്‍ക്കാരിനും പോലീസിനും തോന്നിയില്ല. ഈ വീരശൂര പരാക്രമമൊന്നും പിറവത്തു കാണാനില്ല. കാണിക്കാന്‍ ഈ മുഖ്യമന്ത്രി സമ്മതിക്കില്ല. നാണവുംമാനവും നെറിയുമില്ലാത്തവര്‍ക്ക് എന്തുമാകാമെന്നും തങ്ങള്‍ അക്കൂട്ടത്തില്‍ത്തന്നെയാണെന്നും ആവര്‍ത്തിച്ചു തെളിയിക്കുകയാണ് ഈ സര്‍ക്കാര്‍.
പിറവത്തു സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നു സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയെ സമീപിക്കും മുന്‍പുതന്നെ വേണ്ടത്ര സാവകാശം എടുക്കുകയും ചെയ്തു. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണു ശ്രമമെന്നും ഇതിനു സാവകാശവും സ്വാതന്ത്ര്യവും അനുവദിക്കണമെന്നുമാണ് സര്‍ക്കാരിന്റെ അപേക്ഷ.
ഒരു പ്രശ്നം പരിഹരിക്കുന്നതു മറ്റു പ്രശ്നങ്ങള്‍ക്കു കാരണമാകാതെ നോക്കേണ്ടതുണ്ടെന്നും ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ സത്യവാങ്മൂലം പറയുന്നുണ്ട്. അതിനര്‍ഥം സമാധാനത്തിന്റെയും സമവായത്തിന്റെയും ഭാഷയും ശൈലിയും ഈ സര്‍ക്കാരിനു വശമാണെന്നു തന്നെയാണ്. അതു പരിഗണിക്കുന്നതു വിവേചനത്തോടെ ആയിരിക്കുമെന്നു മാത്രം. ഹിന്ദുവിന്റെ കാര്യത്തില്‍ ഒന്നും മറ്റുള്ളവര്‍ക്കു വേറൊന്നും.
ശബരിമല വിഷയത്തില്‍ സമുദായ നേതാക്കളും ആചാര്യന്മാരും രാഷ്ട്രീയപ്പാര്‍ട്ടികളും തുടരെ ആവശ്യപ്പെട്ടിട്ടും സാവകാശത്തിനു ശ്രമിക്കാതെ വിധി നടപ്പാക്കാന്‍ ധൃതിപിടിക്കുകയും അതിനായി ഭരണ സംവിധാനം ദുര്‍വിനിയോഗം ചെയ്യുകയും ചെയ്ത സര്‍ക്കാര്‍ തന്നെയാണ് ഇതു പറയുന്നത്. തുറന്നു പറയണം സര്‍ക്കാരേ, ഹിന്ദുക്കളേ കാണുമ്പോള്‍ മാത്രമേ നിങ്ങളില്‍ നിയമബോധം ഉണരുകയുള്ളോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: