കോഴിക്കോട്: ഒരു വിഭാഗം തൊഴിലാളിസംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണെന്ന് ബിഎംഎസ് ദക്ഷിണക്ഷേത്ര സംഘടനാ സെക്രട്ടറി എസ്. ദൊരൈരാജ്. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് 21ാം സംസ്ഥാന സമ്മേളനം കോഴിക്കോട് വേദവ്യാസ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുഭാവപൂര്‍വമായ നിലപാടാണ് കൈക്കൊണ്ടത്. സമര്‍പ്പിച്ച അവകാശപത്രികയിലെ 75 ശതമാനം ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി ദൊരൈരാജ് വ്യക്തമാക്കി.
തൊഴിലാളികളോട് ഉദാരനിലപാടെടുക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. 12 ഇന അവകാശപത്രികയിലെ മറ്റവകാശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ബോണസ് പരിധി 110 ശതമാനമായി ഉയര്‍ത്തി. മിനിമം വേതനം 42 ശതമാനം മുതല്‍ 47 ശതമാനമായി വര്‍ധിപ്പിച്ചു. ഇഎസ്ഐ ആനുകൂല്യത്തിന്റെ പരിധി 21,000 രൂപയായി. അങ്കണവാടി, ആശാപ്രവര്‍ത്തകര്‍ക്ക് വേതന നിരക്കില്‍ വര്‍ധന പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ പുതുതായി ആവിഷ്കരിച്ച ആയുഷ്മാന്‍ ഭാരത് യോജന 10 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായകരമാകും.
ബിജെപിയാണ് കേന്ദ്രം ഭരിക്കുന്നതെങ്കിലും തൊഴിലാളികളുടെ ആവശ്യം മുന്‍നിര്‍ത്തി ബിഎംഎസ് സമരം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ച സമരം തൊഴിലാളിവിരുദ്ധവും അനാവശ്യവും രാഷ്ട്രീയപ്രേരിതവുമാണ്, അദ്ദേഹം പറഞ്ഞു.
സി. കൊച്ചുണ്ണി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്, ഫെറ്റോ ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, ചേറ്റൂര്‍ മാധവന്, രവീന്ദ്രന് കറുത്തേടത്ത്, എം.ജി. പുഷ്പാംഗദന്, പി. ശശിധരന്, എം. മോഹനന്, എസ്.ആര്. മല്ലികാര്‍ജുന്‍, എ ബാലാമണി, പി.എം. വാസുദേവന്‍, പി. രവീന്ദ്രനാഥ്, എസ്.കെ. ജയകുമാര്‍, വി. ജയപ്രകാശ്, വി.എസ്. ഗോപകുമാര്‍, എം. വിജയകുമാരന്‍ നായര്‍, എ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുക, പെന്ഷന് പരിഷ്കരണം നടപ്പാക്കുക, പെന്ഷന് വകുപ്പ് രൂപീകരിക്കുക, കെ.എസ്.ആര്.ടി.സിയില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 50 ശതമാനം നിരക്ക് ഇളവ് അനുവദിക്കുക, വയോജന ക്ഷേമബോര്‍ഡ് രൂപീകരിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സാംസ്കാരിക സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്ത് കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്ററും വനിതാ സമ്മേളനത്തില്‍ രാഷ്ട്ര സേവികാ സമിതി പ്രാന്ത കാര്യവാഹിക ഡോ.പി. ആര്യാദേവിയും സൗഹൃദസമ്മേളനത്തില്‍ കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്. മധുവും മുഖ്യപ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്.കെ. ജയകുമാര്‍, ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി ബി. ജയപ്രകാശ്, എന്‍ടിയു സംസ്ഥാന സെക്രട്ടറി പി.എസ്. ഗോപകുമാര്‍, മുനിസിപ്പല്‍ കോര്പറേഷന് സ്റ്റാഫ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ. സാബു എന്നിവര്‍ ആശംസാപ്രസംഗം നടത്തി. പി.എം. വാസുദേവന്‍, എം. വിജയകുമാരന്‍ നായര്‍, എം.ജി. പുഷ്പാംഗദന്, സുരേന്ദ്രന് പുതിയേടത്ത് എം.കെ. സദാനന്ദന് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: