തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാടില്‍ സര്‍ക്കാരില്‍ കടുത്ത ഭിന്നത. ധനമന്ത്രി തോമസ് ഐസക്കും സാംസ്ക്കാരിക നിയമമന്ത്രി എ.കെ. ബാലനും മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കെതിരെ ഇതിനകം പ്രതിഷേധവുമായി രംഗത്ത് വന്നു.
മറ്റ് സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരെ ലക്ഷ്യമിട്ടാണ് തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ വമ്പന്‍ സമ്മാനങ്ങളുമായി ഗ്രേറ്റ് കേരള ഷോപ്പിങ് ഫെസ്റ്റിവെല്‍ തുടങ്ങിയത്. അയ്യപ്പ ഭക്തരുടെ ഷോപ്പിങ്ങിലൂടെ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി വരുമാനം ഖജനാവില്‍ എത്തിക്കാം എന്നായിരുന്നു ഐസക്കിന്റെ കണക്ക് കൂട്ടല്‍. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മര്‍ക്കട മുഷ്ടി ഇതെല്ലാം തകിടം മറിക്കുമെന്നാണ് ഐസക്കിന്റെ അഭിപ്രായം.
ധനവകുപ്പിന്റെ നീരസം ഐസക്ക് കഴിഞ്ഞ ദിവസം തുറന്ന് പറയുകയും ചെയ്തു. ശബരിമല പ്രതിഷേധം തണുപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട് അടിയന്തരമായി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഖജനാവ് കാലിയാകും. വരുംമാസങ്ങളില്‍ ശമ്പളം ഉള്‍പ്പെടെയുള്ളവ മുടങ്ങും. ക്ഷേത്രവരുമാനത്തില്‍ നിന്ന് ഒരു നയാപൈസ സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് പറയുന്നുണ്ടെങ്കിലും മണ്ഡല മകര വിളക്ക് സീസണില്‍ 3500 കോടിയോളം രൂപയാണ് വിവിധ നികുതി ഇനത്തില്‍ ഖജനാവില്‍ എത്തുന്നത്. അതിനാല്‍ ശബരിമല യുവതീപ്രവേശനത്തെ ആദ്യം പിന്തുണച്ച ഐസക്ക് ഇപ്പോള്‍ ജിഎസ്ടി വരുമാനത്തെക്കുറിച്ച് ആലോചിച്ച് നിശ്ശബ്ദത പാലിക്കുന്നു.
വിവേകപൂര്‍ണമായ നിലപാടെടുക്കണമെന്ന് പറഞ്ഞ നിയമമന്ത്രി എ.കെ. ബാലനോട് മുഖ്യമന്ത്രിക്ക് നീരസത്തിന് ഇടയായി. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലും മന്ത്രി ബാലനെ പങ്കെടുപ്പിച്ചില്ല. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിന്, പ്രളയദുരന്തത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് ആവശ്യത്തിനുള്ള ഫണ്ട് അനുവദിച്ചില്ല. എന്നാല്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ബാലനെ ചൊടിപ്പിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസി മന്ത്രി തുറന്ന് പറയുന്നില്ലെങ്കിലും വകുപ്പില്‍ മുഖ്യമന്ത്രിക്കെതിരെ നീരസം പുകയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന അയ്യപ്പഭക്തര്‍ ശബരിമല തീര്ഥാടനത്തിനോടൊപ്പം ശ്രീപദ്മനാഭസ്വാമി, ഗുരുവായൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളില്‍ ദര്‍ശനം കഴിഞ്ഞാണ് മടങ്ങുക. ട്രെയിനില്‍ വരുന്ന അയ്യപ്പഭക്തര്‍ കെഎസ്ആര്‍ടിസി ബസ്സര്‍വീസ് വഴിയാണ് മറ്റ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. ശബരിമലയില്‍ സംഘര്ഷാന്തരീക്ഷമാണെങ്കില് മറ്റ് സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരുടെ വരവിന് കാര്യമായ കുറവുണ്ടാകും. അതിനാല്‍ മുഖ്യമന്ത്രിയുടെ മനം മാറണേയെന്ന പ്രാര്‍ഥനയിലാണ് കെഎസ്ആര്‍ടിസി. നീരസംപുറത്ത് വിടാതെ പ്രവര്‍ത്തിക്കുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്.
ശബരിമല വിഷയത്തിനു ശേഷം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഇങ്ങനെ പോയാല്‍ ദേവസ്വം ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്കാന് സാധിക്കാതെ വരുമെന്ന് ബോര്‍ഡ് ജീവനക്കാരുടെ സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളം നല്‍കാത്ത സാഹചര്യം ഉണ്ടായാല്‍, മന്ത്രി സ്ഥാനം രാജിവയ്ക്കണം എന്ന ആവശ്യം ഉയരും. യുവതീപ്രവേശനത്തെ മുഖ്യമന്ത്രിക്കു വേണ്ടി അനുകൂലിക്കുന്നുണ്ടെങ്കിലും എത്രയുംവേഗം പ്രശ്നപരിഹാരം ഉണ്ടാകണം എന്ന നിലപാടിലാണ് കടകംപള്ളിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: