കാഴ്ചയുടെ അനുഭവങ്ങളെ ഹൃദയത്തിലൂടെ ആവാഹിച്ചെടുത്ത് കാവ്യസാഗരം തീര്‍ക്കുകയാണ് പാലക്കാട് പഴമ്പാലക്കോട് എസ്എംഎം ഹൈസ്കൂളിലെ ദ്യൂതി ദീക്ഷ എന്ന അഞ്ചാം ക്ലാസുകാരി. പ്രകൃതിയുടെ അനുഭൂതികളാണ് ദ്യുതിയുടെ കവിതകളിലെ മുഖ്യ പ്രമേയം. പത്ത് വയസ്സിനുള്ളില്‍ നൂറോളം കവിതകള്‍ രചിച്ചു. പ്രധാനപ്പെട്ട ഇരുപത്തിയേഴ് കവിതകള്‍ തെരഞ്ഞെടുത്ത് ‘അക്ഷരം പൂക്കുന്ന വൃക്ഷം’ എന്ന കാവ്യസമാഹാരം പുറത്തിറക്കിയതോടെ പാലക്കാട്,തൃശൂര്‍ എന്നീ ജില്ലകളിലെ സാഹിത്യനായകന്മാരുടെ വിസ്മയമായി മാറി ഈ കൊച്ചുമിടുക്കി. പഴമ്പാലക്കോട് സൗപര്‍ണ്ണികയില്‍ പവിത്ര-സുനിത ദമ്പതികളുടെ മകളാണ് ദ്യുതി ദീക്ഷ.
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍, കൃത്യമായി പറഞ്ഞാല്‍ ആറാം വയസ്സിലാണ് ദ്യുതിയുടെ കാവ്യാഭിരുചി മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. എഴുത്തും വായനയും തുടങ്ങുന്നകാലത്ത് കാഴ്ചയുടെ അനുഭവങ്ങള്‍ കാവ്യാത്മകമായി അമ്മ സുനിതയോട് പറഞ്ഞു. ദ്യുതിയുടെ വാക്കുകള്‍ അതേപടി പകര്‍ത്തിയെഴുതിയ അമ്മയ്ക്ക് മകളുടെ കാവ്യഭാവന തൊട്ടറിയാന്‍ കഴിഞ്ഞു. പൂമ്പാറ്റ എന്ന പേരിലെഴുതിയ ആദ്യകവിത സ്കൂളിലെ അധ്യാപകരെ കാണിച്ചതോടെ ദ്യുതി സ്കൂളിലും താരമായി. വീട്ടുകാരുടെയും അധ്യാപകരുടെയും കലവറയില്ലാത്ത പ്രോത്സാഹനം ദ്യുതിയുടെ ഭാവനകള്‍ക്ക് പുത്തന്പ്രശോഭയൊരുക്കി.അഞ്ച് വര്‍ഷത്തിനിടെ നൂറോളം കവിതകള്‍ രചിച്ച് വിസ്മയമായി മാറി.
പാലക്കാട് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ഒാണക്കവിതാ മത്സരത്തില്‍ ഒന്നാമതെത്തിയത് ദ്യുതിയുടെ കാവ്യപ്രതിഭയ്ക്ക് ലഭിച്ച ആദ്യഅംഗീകാരമാണ്. കഴിഞ്ഞ വര്‍ഷം നെന്മാറയില് നടന്ന സംസ്ഥാന കവിതാ ശില്പശാലയില് ദ്യുതിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞു. കേരളത്തിലെ മുഖ്യധാരാ കവികളായ പ്രൊഫ. വി. മധുസൂദനന്‍നായര്‍, പി.പി. രാമചന്ദ്രന് എന്നിവര്‍ ഈ ക്യാമ്പില്‍ പങ്കെടുക്കുകയും ദ്യുതിയുടെ കാവ്യസപര്യയെ പുകഴ്ത്തുകയുംചെയ്തിരുന്നു.
പ്രകൃതിയെക്കുറിച്ചുള്ള ആകുലതകളും വ്യാകുലതകളും കവിതകളില്‍ ഉടനീളമുണ്ട്. പ്രകൃതിയും മനുഷ്യനും ഒന്നാണ് എന്ന സനാതന സത്യവും ദ്യുതിയുടെ കവിതകളുടെ മുഖമുദ്രയാണ്.
മാനംപൊഴിച്ചൊരാ തൂമഴത്തുള്ളിതന്
സാന്ദ്രസംഗീതം നുകര്ന്നുഭൂമി
(മഴ) മഴത്തുള്ളിപൊഴിക്കുന്ന സാന്ദ്രമായ സംഗീതാത്മകത ദ്യുതിയുടെ കവിതയുടെ ആത്മസംഗീതം തന്നെയാണ്.
ഉതിര്‍ന്നു വീഴുന്നോരു വാക്കുകള്‍ നോക്കണേ
ഈ മണ്ണില്‍ ഞങ്ങള്‍ തന് മാമ്പൂക്കള്‍ വിരിയട്ടേ
( മലയാളത്തിളക്കം)
മണ്ണിന്റെയും നാടിന്റെയും ശാശ്വത ശാന്തിക്കായി വിപ്ലവ പ്രത്യയശാസ്ത്രങ്ങളെക്കാളുപരി കൈമോശം വന്നുകൊണ്ടിരിക്കുന്ന മാമ്പഴക്കാലം തിരികെപ്പിടിക്കണമെന്ന സന്ദേശം ഈ കവിതയില്‍ നിറഞ്ഞ് നില്ക്കുന്നു.
ദ്യുതിയുടെ മാതാപിതാക്കള്‍ ശ്രീരാമകൃഷ്ണ ആശ്രമവുമായി അടുത്തിടപെട്ട് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ആധ്യാത്മികതയെക്കുറിച്ചുള്ള അറിവ് ചെറുപ്പത്തിലേതന്നെ വേണ്ടുവോളം ലഭിച്ചു. പ്രകൃതിയെ കൂടുതല്‍ അറിയാനും, നേടിയ അറിവ് കവിതയിലൂടെ സഹപാഠികള്‍ക്കും പൊതുസമൂഹത്തിനും പകര്‍ന്ന് കൊടുക്കാനുമാണ് ദ്യുതി ശ്രമിക്കുന്നത്. ആദ്യകവിതാ സമാഹാരത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ രണ്ടാമത്തെ കവിതാസമാഹാരത്തിന്റെ പണിപ്പുരയിലാണ് ദ്യുതി. സഹോദരങ്ങള്‍: ഗായതി ദീക്ഷ, പ്രൃഥി ദീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: