തൊഴിലന്വേഷകരും തൊഴിലാളികളുമായി ദിവസേന ആയിരങ്ങള്‍ എത്തുന്ന നഗരം. കൊച്ചിയെ ലഹരിയുടെ ഹബ്ബായി കാണാന്‍ മാഫിയാ സംഘങ്ങളെ പ്രേരിപ്പിച്ചതിന് കാരണവും ഇതുതന്നെ. കഞ്ചാവ് മുതല്‍ അര്‍ബുദരോഗികള്‍ക്ക് കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന ബ്യൂപ്രിനോര്‍ഫിന്‍ വരെയാണ് ലഹരിക്കായി ഉപയോഗിക്കുന്നത്.
ലഹരി ഉപയോഗം കൂടിയതോടെ കുറ്റകൃത്യങ്ങളുടെ നിരക്കിലും കൊച്ചി ഏറെ മുന്നിലായി. അമൃത്സര്‍ കഴിഞ്ഞാല്‍ മയക്കുമരുന്നിന്റെ ഉപയോഗം ഏറ്റവും കൂടുതല്‍ കൊച്ചിയിലാണ്. ആഘോഷങ്ങളുടെ മറവിലെ മയക്കുമരുന്ന് വില്‍പ്പനയിലും ഉപയോഗത്തിലും പങ്കാളികളാകുന്നവരില്‍ ഏറെയും യുവാക്കളും വിദ്യാര്‍ഥികളും. ഡിജെ പാര്‍ട്ടികളുടെ മറവില്‍ വന്‍ തോതിലാണ് വിപണനം.
ലഹരി കടത്താനും ഭായിമാര്‍
ഇതരസംസ്ഥാന തൊഴിലാളികളുടെ വരവോടെ മയക്കുമരുന്ന് ഉപയോഗവും കുറ്റകൃത്യവും വര്‍ധിച്ചു. ലഹരിപേസ്റ്റുകള്, ബ്രൗണ്‍ ഷുഗര്‍, കൊക്കെയ്ന്‍, ചരസ്, പെത്തഡിന് എന്നിവയാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഏതാനും മാസം മുമ്പ് വിതരണക്കാരില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായതോടെയാണ് അര്‍ബുദ രോഗികള്‍ക്കുള്ള ബ്യൂപ്രിനോര്‍ഫിന്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഡോക്ടര്‍മാരുടെ കുറിപ്പിലൂടെ മാത്രം വിതരണം ചെയ്യേണ്ട മരുന്ന് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ചാണ് ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിക്കുന്നത്.
ദീര്‍ഘദൂര ട്രെയിനുകള്‍ വഴിയാണ് ഇവയുടെ കടത്ത്. എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകള്‍ക്ക് സമീപം പാളങ്ങള്‍ക്കരികില്‍ ട്രെയിനെത്തുന്ന സമയം ചെറുപ്പക്കാര്‍ കാത്ത് നില്‍ക്കുന്നത് സ്ഥിരം കാഴ്ച. കഞ്ചാവുമായി വരുന്നയാള്‍ ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നതിന് മുമ്പ് തന്നെ ബാഗ് ഇവര്‍ക്ക് എറിഞ്ഞ് കൊടുക്കുന്ന രീതിയാണ് അധികവും. രാത്രികാലങ്ങളിലും, വെളുപ്പിനുമായി വടക്കേ ഇന്ത്യയില്‍ നിന്നും വരുന്ന വണ്ടികളാണ് ഇവരുടെ പ്രധാന ആശ്രയം.
ഇവിടങ്ങളില്‍ പൊതുവേ കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് ലഭിക്കുമെന്നതും ഒഴുക്കിന് കാരണമാണ്. വിദേശികള്‍ അധികവുമെത്തുന്ന ഫോര്‍ട്ട്കൊച്ചിയിലും മട്ടാഞ്ചേരിയിലും ഇതര സംസ്ഥാന ബന്ധങ്ങളുള്ള ലഹരി ഇടപാടുകള്‍ വര്‍ധിക്കുന്നു.
സംസ്ഥാന നാര്‍ക്കോട്ടിക് സെല്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുകള്‍ ഓരോ വര്‍ഷവും ഇങ്ങനെ: 2008 – 508, 2009 – 646, 2010 – 769, 2011 – 693, 2012 – 696, 2013 – 974, 2014 – 2239, 2015 – 4105, 2016 – 1889, 2017 – 1384 (ഒക്ടോബര്‍ വരെ)
(പുതുതലമുറയുടെ ലഹരി ഉപയോഗവും, അവയുടെ വഴികളും നാളെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: