കണ്ണൂര്‍: ദേശീയപാതാ ബൈപാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി വയല്‍ നികത്തപ്പെടുന്നതിനെതിരെ കുപ്പത്ത് ജനകീയ സമരത്തിലേര്‍പ്പെട്ടവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ജനകീയ സമരങ്ങളെ മുളയിലേ നുള്ളാനുള്ള സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗം. പ്രകൃതിയെയും പരിസ്ഥിതിയെയും മുച്ചൂടും നശിപ്പിച്ചുകൊണ്ടും ജനങ്ങളുടെ വികാരങ്ങളെ മാനിക്കാതെയും സിപിഎം നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളെ എതിര്‍ത്താല്‍ അത്തരക്കാര്‍ പടിക്ക് പുറത്തായിരിക്കുമെന്ന നിലപാട് വ്യക്തമാക്കുന്നതാണ് സിപിഎം നടപടി. പാര്‍ട്ടി നയങ്ങളോ പാര്‍ട്ടി പ്രവര്‍ത്തകരോ അല്ല മറിച്ച് ചില നേതാക്കളുടെ ഇഷ്ടക്കാര്‍ക്ക് വേണ്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം നിലപാട്. കേരളത്തില്‍ സൈലന്റ് വാലി ഉള്‍പ്പടെ പരിസ്ഥിതി പ്രാധാന്യമുള്ള നിരവധി പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ ഇടത് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത്തരം പദ്ധതികള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. എന്നാല്‍ ഇതിനു പുറമേ പാര്‍ട്ടിക്കകത്തു നിന്നും ഉയരുന്ന ശബ്ദങ്ങളെയും സിപിഎം ഭയക്കുന്നു.
തളിപ്പറമ്പ് ബൈപ്പാസ് കീഴാറ്റൂര്‍ വഴി കൊണ്ടുവന്നത് ചില ഭൂമാഫിയകളെയും സ്വകാര്യ കുത്തക മുതലാളിമാരെയും സഹായിക്കുന്നതിനു വേണ്ടിയാണെന്ന ആരോപണം തുടക്കത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. നാല് കിലോമീറ്റര്‍ ദൂരത്തില്‍ അറുപത് മീറ്റര്‍ വീതിയിലും പത്ത് മീറ്റര്‍ ഉയരത്തിലും വയല്‍ നികത്തിയാണ് കുപ്പം ബൈപ്പാസ് വരുന്നത്. ഏകദേശം ഇരുനൂറ്റി അന്‍പത് ഏക്കറോളം വയലാണ് ഇതു വഴി നികത്തപ്പെടുക. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി കുന്നുകള്‍ പൂര്‍ണ്ണമായും ഇടിച്ച് നിരത്തിയാല്‍ മാത്രമേ ഇത്രയും സ്ഥലം മണ്ണിട്ട് നികത്താന്‍ സാധിക്കുകയുള്ളു. സ്വകാര്യ മുതലാളിമാര്‍ ഇത് മുന്നില്‍ കണ്ട് നിരവധി കുന്നുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. നിലവില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുന്നിടിക്കല്‍ തടസ്സപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ദേശീയപാതാ വികസനത്തിന്റെ പേരില്‍ സ്വകാര്യ വ്യക്തികള്‍ക്ക് നിര്‍ലോഭം കുന്നിടിക്കാന് സാധിക്കും.
ഒരു ഗ്രാമത്തിന്റെ നിലനില്പിന് വേണ്ടി സമരത്തിനിറങ്ങിയവരെ തള്ളിപ്പറയുന്ന നിലപാടാണ് തുടക്കം മുതലെ സിപിഎം നേതൃത്വം സ്വീകരിച്ചത്. പ്രദേശവാസികള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നായിരുന്നു കീഴാറ്റൂരിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് പറഞ്ഞത്. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ ഭീഷണി വകവെയ്ക്കാതെ അനിശ്ചിതകാല സമരം നടത്തിയ ഗ്രാമവാസികള്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുള്‍പ്പടെയുള്ളവര്‍ ഐക്യദാര്‍ഢ്യവുമായി എത്തിയതോടെ സമരം സംസ്ഥാനത്താകെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. കഴിഞ്ഞ ദിവസം സമരത്തിന്റെ വാര്‍ഷികാഘോഷത്തിന് മൈക്ക് പെര്മിഷന് നിഷേധിച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് മുന്നോട്ട് പോകുന്ന കീഴാറ്റൂര്‍ ഗ്രാമവാസികളെ സംഘടനാ ചട്ടക്കൂടിലൊതുക്കി തകര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ സിപിഎം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: