തിരുവനന്തപുരം : താന്‍ ഈണമിട്ട പാട്ടുകള്‍ അനുവാദം വാങ്ങാതെ മറ്റുള്ളവര്‍ പാടരുതെന്ന ഇളയരാജയുടെ വക്കീല്‍ നോട്ടീസിനെതിരെ പ്രതിഷേധം. ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍തമ്പി, ഗാനരചയിതാവ് ബിച്ചു തിരുമല എന്നിവര്‍ ഇളയരാജയുടെ നടപടിയെ വിമര്‍ശിച്ചു. എന്നാല്‍ സംഗീത സംവിധായകന് എം. ജയചന്ദ്രന്, രാജയുടെ വാദത്തോട് യോജിച്ചു.
തന്റെ സംഗീത സംവിധാനത്തിലുള്ള പാട്ടുകള്‍ മുന്‍കൂര്‍ അനുവാദമില്ലാതെ വേദികളില്‍ പാടരുതെന്ന് ആവശ്യപ്പെട്ട് ഇളയരാജ കഴിഞ്ഞ ദിവസമാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തിനും കെ.എസ്. ചിത്രയ്ക്കും വക്കീല്‍ നോട്ടീസ് അയച്ചത്. അമേരിക്കയില്‍ സംഗീത പരിപാടികളവതരിപ്പിച്ചു വരുന്ന എസ്പിബിയും ചിത്രയും ഇളയരാജയുടെ പാട്ടുകളാണ് കൂടുതല്‍ പാടിയിരുന്നത്. അനുമതിയില്ലാതെ പാട്ടുകള്‍ സംപ്രേഷണം ചെയ്യരുതെന്ന് റേഡിയോ, ടെലിവിഷന്‍ കേന്ദ്രങ്ങള്‍ക്കും രാജ നോട്ടീസ് അയച്ചു.
ഇളയരാജയുടെ നടപടി തികച്ചും തെറ്റാണെന്ന് ശ്രീകുമാരന്‍തമ്പി അഭിപ്രായപ്പെട്ടു. സംഗീത സംവിധാനം നിര്‍വ്വഹിച്ചതിന് ഇളയരാജ നിര്‍മ്മാതാവില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട.് ഇനി അതാര് പാടിയാലും വീണ്ടും പണം നല്‍കണമെന്ന വാദത്തോട് യോജിക്കാനാകില്ല. മറ്റുള്ള ഗായകര്‍ പാടുന്നതിനാലാണ് അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് ഇത്രയും പ്രശസ്തിയുണ്ടായത്. ഒരു പാട്ട് പ്രേക്ഷകരിലേക്കെത്തിക്കഴിഞ്ഞാല് അതിന്റെ അവകാശികള്‍ സംഗീതാസ്വാദകരാണ്. പ്രതിഫലം പറ്റിക്കൊണ്ടാണ് ഈണമിടുന്നതും എഴുതുന്നതും പാടുന്നതുമെല്ലാം-ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ഇളയരാജയുടെ വാദങ്ങളൊന്നും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ബിച്ചു തിരുമല പറഞ്ഞു. ഓരോ പാട്ടിലൂടെയും കോടികള്‍ സമ്പാദിച്ചശേഷമാണ് ഇപ്പോള്‍ ‘റോയല്‍റ്റി’ ആവശ്യപ്പെടുന്നത്. ഒരു പാട്ട് ആസ്വാദകരിലേക്ക് എത്തിക്കഴിഞ്ഞാല്‍ പിന്നീടത് തന്റെ പാട്ടാണെന്നോ താന്‍ പാടിയതാണെന്നോ ആര്‍ക്കും പറയാന്‍ കഴിയില്ല. കഴിഞ്ഞ കാലജീവിതവും കയറി വന്ന വഴികളും ഓര്‍ത്തിരുന്നെങ്കില്‍ ഇളയരാജ ഇത്തരം ഒരു നടപടിയിലേക്ക് പോകില്ലായിരുന്നു. ഒരു നേരം വയറു നിറയ്ക്കാനായി കഷ്ടപ്പെട്ട കാലത്തുനിന്നാണ് രാജയ്യ ഇളയരാജ ആയത്. ഭാരതി രാജ എന്നൊരു സംവിധായകനില്ലായിരുന്നെങ്കില്‍ ഇളയരാജ ഉണ്ടാകില്ലായിരുന്നെന്നും ബിച്ചു തിരുമല പറഞ്ഞു.
താന്‍ ഇളയരാജയ്ക്കൊപ്പമാണെന്ന് പറഞ്ഞ എം. ജയചന്ദ്രന് പാട്ടിന്റെ ഈണത്തിന്റെ ‘ഇന്റലക്ച്വല്‍’ സംഗീത സംവിധായകനാണെന്ന് പറഞ്ഞു; വരികളുടേത് ഗാനരചയിതാവും. അവരുടെ പ്രോപ്പര്‍ട്ടിയാണ് ഒരു ഗാനം. അത് മറ്റൊരാള്‍ ഉപയോഗിക്കുമ്പോള്‍ മുന്‍കൂര്‍ അനുമതി വാങ്ങുന്നത് നല്ലതാണ്. വലിയ പാട്ടുകാര്‍ ഇത്തരം പാട്ടുകള്‍ പാടി കോടികള്‍ സമ്പാദിക്കുന്നുണ്ട്.
ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്ത നിരവധി സംഗീത സംവിധായകരുണ്ട്. അവരുടെ കാര്യവും ഓര്‍ക്കണം. എന്നാല്‍ എസ്പിബി സംഗീത പരിപാടി തുടങ്ങും മുമ്പ് തന്നെ ഇളരാജയ്ക്ക് ഈ ആവശ്യം ഉന്നയിക്കാമായിരുന്നു എന്നും എം. ജയചന്ദ്രന് പറഞ്ഞു.
ഇളയരാജയുടെ ആവശ്യത്തെ സഹോദരന് ഗംഗൈ അമരന് എതിര്‍ത്തു. പണത്തിനോടുള്ള അത്യാര്‍ത്തിയാണ് ഇതിനു പിന്നില്‍. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: