ഇടുക്കി: പള്ളിവാസല്‍ പവ്വര്‍ഹൗസിന് സമീപം തന്ത്രപ്രധാനമായ മേഖലയില്‍ കെഎസ്ഇബിയുടെ 30 ഏക്കര്‍ ഭൂമി നിയമം ലംഘിച്ച് പതിച്ച് നല്കിയ സംഭവത്തില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി.
കയ്യേറ്റത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തലിലാണ് വിജിലന്‍സ് സംഘം എത്തിയത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പി ജോണ്സണ് ജോസഫ് പ്രാഥമിക അന്വേഷണം നടത്തിയത്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് വിജിലന്‍സ് മേധാവിക്ക് നല്‍കും. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധനകള്‍ വിജിലന്‍സ് സംഘം നടത്തിയിരുന്നു.
പള്ളിവാസല്‍ വില്ലേജില്‍ നിന്ന് പല ഘട്ടങ്ങളിലായി ഭൂമിയുടെ രേഖകള്‍ വിജിലന്‍സ് സംഘം ശേഖരിച്ചു. കേസെടുത്ത് വിശദമായ അന്വേഷണം നടത്തിയെങ്കിലേ കുറ്റക്കാരെ പിടികൂടാന്‍ കഴിയൂ എന്ന നിലപാടാണ് ഇടുക്കിയിലെ വിജിലന്‍സ് സംഘം സ്വീകരിച്ചിരിക്കുന്നത്.
1941ല്‍ സര്‍ക്കാര്‍ കെഎസ്ഇബിക്ക് നല്കിയ ഭൂമിയാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും ഗൂഢാലോചനയില്‍ പതിച്ച് നല്‍കിയത്. റവന്യൂ തരിശില് മാത്രമെ പട്ടയം നല്‍കാവൂ എന്ന നിയമം ഈ ഭൂമി ഇടപാടില്‍ ലംഘിച്ചു.
പല പട്ടയങ്ങളും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയോ, ബന്ധുക്കളുടെയോ പേരിലാണുള്ളത്. ഭൂമിയുടെ ഉടമസ്ഥാവകാശം കെഎസ്ഇബിക്കാണെന്നിരിക്കെ വൈദ്യുതി ബോര്‍ഡിന് നോട്ടീസ് അയക്കാതെയാണ് ഭൂമി കൈവശമുള്ളവര്‍ക്ക് ഭൂമിയുടെ തണ്ടപ്പേര് അനുവദിച്ചത്.
216,227,263 എന്നീ സര്‍വ്വേ സബ് ഡിവിഷനുകളില്‍ ലൊക്കേഷന്‍ സ്കെച്ചുകള്‍ മാത്രം തയ്യാറാക്കി സര്‍വ്വേ അതിരടയാള നിയമങ്ങളൊന്നും പാലിക്കാതെ ഭൂമി നല്‍കുകയായിരുന്നു. 1968ലും 1976ലും മുന്‍ റീസര്‍വ്വേകളില്‍ കെഎസ്ഇബിയുടെ കൈവശമാണ് ഭൂമിയെന്ന് രേഖകളുണ്ട്.
ഈ ഭൂമിയിലെ 1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരമാണ് പട്ടയം നല്‍കിയത്. വിജിലന്‍സ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെത്തന്നെ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഈ ഭൂമി ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച് ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉന്നത റവന്യൂ സംഘം വിശദമായ അന്വേഷണം പള്ളിവാസല്‍ ഭൂമി ഇടപാടിനെക്കുറിച്ച് നടത്തണമെന്നായിരുന്നു സബ് കളക്ടറുടെ റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് ഇടുക്കി വിജിലന്‍സ് തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പൂര്‍ത്തിയായെന്നും രണ്ട് ദിവസത്തിനകം വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കുമെന്നും മാത്രമാണ് ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പി ജോണ്സണ് ജോസഫ് ‘ജന്മഭൂമി’യോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: