ഇരിട്ടി: മണിക്കൂറുകളോളം ആറളം, മുഴക്കുന്ന് പഞ്ചായത്തുകളിലെ ജനങ്ങളെയും വനംവകുപ്പ്, പോലീസ് വിഭാഗങ്ങളിലെ ഉദേ്യാഗസ്ഥരെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ജനവാസകേന്ദ്രത്തില്‍ കാട്ടാനകളുടെ വിളയാട്ടം. ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും ഇറങ്ങിയ രണ്ട് കൊമ്പനും ഒരു മോഴയുമടക്കം മൂന്ന് ആനകളാണ് രണ്ട് പഞ്ചായത്തിലെയും ജനങ്ങളെ പത്ത് മണിക്കൂറോളം നേരം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.
ഞായറാഴ്ച പുലര്‍ച്ചയോടെ ആറളം സ്കൂളിന് സമീപത്തെ കെ.വി.കാസിമിന്റെ വീട്ടുമതില്‍ തകര്‍ത്തുകൊണ്ടാണ് കാട്ടാനകള്‍ പുഴയിലേക്കിറങ്ങിയത്. ചാക്കാട് ഇസ്ഹാക്കിന്റെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടമടക്കം അയ്യപ്പന്‍കാവ്, കൂടലാട് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കൃഷിക്കാരുടെ വാഴകളും മറ്റു കാര്‍ഷിക വിളകളും നശിപ്പിച്ചു. ഇതിനിടയില്‍ പൂതക്കുണ്ടിലെ വിജയന്റെ വീട്ടുപറമ്പിലെ പ്ലാവില്‍ നിന്നും ചക്കകളും പറിച്ചെടുത്തു തിന്നു. തുടര്‍ന്ന് ആറളം പാലത്തില്‍ കയറിയ ആനകള്‍ പുഴക്കരയിലിറങ്ങി നില്‍പ്പ് തുടങ്ങി.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൊട്ടിയൂര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ വി.രതീശന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും ആറളം, കരിക്കോട്ടക്കരി, മുഴക്കുന്ന്, പേരാവൂര്‍ സ്റ്റേഷനുകളിലെ എസ്ഐമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും ചേര്‍ന്ന് ആനകളെ വനത്തിലേക്ക് കയറ്റിവിടുവാനുള്ള ശ്രമം ആരംഭിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, മുഴക്കുന്ന് പഞ്ചായത്തു പ്രസിഡന്റ് ബാബു ജോസഫ്, എംഎല്‍എ അഡ്വ. സണ്ണി ജോസഫ്, പഞ്ചായത്തംഗങ്ങളായ പി.പി.മുസ്തഫ, കെ.ഉമേശന്, കെ.വി.റഷീദ്, രവി എന്നിവരും സ്ഥലത്തെത്തിയിരുന്നു.
പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും മറ്റും രണ്ടുതവണ ആനകളെ തുരത്തി വിട്ടെങ്കിലും വീണ്ടും കാട്ടാനകള്‍ പുഴയോരത്തേക്കു തന്നെ തിരിച്ചുവന്നു. ഇതിനിടയില്‍ ജനങ്ങള്‍ പ്രദേശത്തെ വിവിധ ഭാഗങ്ങളില്‍ തടിച്ചുകൂടി നിന്നതിലെ അപകടം മനസ്സിലാക്കിയ ഉദേ്യാഗസ്ഥര്‍ പ്രദേശത്തെ മുസ്ലിം പള്ളികളിലെ മൈക്കുകളിലൂടെ ജനങ്ങള്‍ക്ക് വീടുകളില്‍ നിന്നും മറ്റും പുറത്തിറങ്ങാതിരിക്കാന്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്കി. ഒടുവില്‍ വനപാലകര്‍ ഉച്ചക്ക് 12 മണിയോടെ നടത്തിയ ശ്രമമാണ് വിജയം കണ്ടത്. എന്നാല്‍ വനപാലകര്‍ പ്രതീക്ഷിച്ചതിന് വിപരീതമായി ആനകള്‍ പുഴകടന്നു ആറളം ഭാഗത്തെ ജനവാസ കേന്ദ്രത്തിലേക്കാണ് കയറിയത്. ഇത് ആശങ്ക ഉണര്‍ത്തിയെങ്കിലും വനപാലകരുടെ സമയോജിതമായ ഇടപെടല്‍ മൂലം പുഴക്കരയിലെ കൃഷിയിടങ്ങളിലൂടെ കക്കുവ പുഴകടത്തി കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ആറളം ഫാമിലേക്കു കയറ്റി വിട്ടതോടെയാണ് എല്ലാവര്ക്കും ആശ്വാസമായത്.
ആറളം ആദിവാസി പുനരധിവാസ മേഖലക്ക് ചുറ്റും ആനമതിലും, ഫെന്‍സിംഗും മറ്റും തീര്‍ത്തതിനെ തുടര്‍ന്നാണ് കാട്ടാനകള്‍ പുഴകടന്നും മറ്റും ഈ പ്രദേശങ്ങളില്‍ എത്താന്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടാഴ്ചക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് ഈ മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ ആനയിറങ്ങുന്നത്. ഇതിടെ പ്രദേശവാസികള്‍ ആകെ ഭീതിയിലായിരിക്കയാണ്. ഇതിനു പരിഹാരം കാണാനായി ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉടനടി ഉണ്ടാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: