ആലപ്പുഴ: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് മറവിരോഗം ബാധിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് കുറ്റപ്പെടുത്തി. മുമ്പു പറഞ്ഞ പല കാര്യങ്ങളും അദ്ദേഹം വിഴുങ്ങിയിരിക്കുകയാണ്.
കോഴിക്കോട് വടകരയിലും പുറമേരിയിലും അദ്ദേഹം കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. എന്നാല്‍ ടി.പി. ചന്ദ്രശേഖരനെക്കുറിച്ച് ഒരുവാക്കുപോലും പറയാന്‍ വിഎസ് തയ്യാറായില്ല.
കണ്ണൂരിലെത്തിയപ്പോഴും വിഎസ് ഫസല്‍ വധക്കേസ് പ്രതികളായ കാരായിമാരെ മത്സരിപ്പിക്കുന്നതിനെക്കുറിച്ചു മൗനം പാലിച്ചു. മലപ്പുറത്തും കേരളത്തിലെമ്പാടും നടക്കുന്ന സിപിഎം ലീഗ് കൂട്ടുകെട്ടിനെക്കുറിച്ച് വിഎസ് അറിഞ്ഞതായി നടിക്കുന്നില്ല. മുസ്ലീംലീഗ് മതേതരകക്ഷിയാണെന്ന പിണറായി വിജയന്റെ പ്രസ്താവനയും വിഎസ് കേട്ടതായി നടിക്കുന്നില്ല.
തികഞ്ഞ ജനവഞ്ചനയാണ് അച്യുതാനന്ദന് നടത്തുന്നത്. പ്രായാധിക്യം മൂലം മറവിരോഗം ബാധിച്ചതാണോ അതോ ഔദ്യോഗിക പക്ഷത്തിനു മുന്നില്‍ മുട്ടുമടക്കിയതാണോയെന്ന് അച്യുതാനന്ദന് തന്നെ വ്യക്തമാക്കണം. പ്രതിപക്ഷനേതാവ് സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹം ഉയര്‍ത്തിയ വിഷയങ്ങളെല്ലാംതന്നെ തമസ്കരിക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തിനുമുന്നില്‍ വിനീത വിധേയനായി മാറിയ അച്യുതാനന്ദന് കാപട്യത്തിന്റെ പ്രതിരൂപമായി മാറിയതായും എം.ടി. രമേശ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: