തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പ്രധാന ആകര്‍ഷണമായ സ്വര്‍ണ്ണക്കപ്പ് ജന്മനാട്ടിലേക്ക് വീണ്ടും തിരിച്ചെത്തുമ്പോള്‍ വിളിപ്പുറത്തുണ്ടായിട്ടും ശില്‍പ്പിക്ക് ക്ഷണമില്ല. 18 ന് ഉച്ചയ്ക്ക് ഒന്നിന് കേശവദാസപുരത്ത് സ്വര്‍ണ്ണക്കപ്പിനെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ സംഘാടകര്‍ സ്വീകരിക്കുമ്പോള്‍ തൊട്ടടുത്ത പിള്ളവീട് നഗറിലെ വസതിയില്‍ തന്റെ സൃഷ്ടിയെ ഒരിക്കല്‍കൂടി കാണാന്‍ സാധിക്കാത്ത വേദനയോടെ ആ ശില്‍പ്പി ഇരിക്കുന്നുണ്ടാവും. അത് മറ്റാരുമല്ല, 1987 ല്‍ കലോത്സവ ജേതാക്കള്‍ക്കുള്ള 117.5 പവന്റെ സ്വര്‍ണ്ണക്കപ്പ് രൂപകല്‍പ്പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന് നായരാണ്. തന്റെ വീടിനടുത്ത് സ്വര്ണ്ണക്കപ്പെത്തുമ്പോള് സ്വീകരിക്കാന്‍ തന്നെ ക്ഷണിക്കാത്ത സംഘാടകരോട് ശ്രീകണ്ഠന് നായര്‍ക്ക് തെല്ലും പരിഭവമില്ല.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ചാമ്പ്യന്മാര്ക്ക് സ്വര്‍ണ്ണക്കപ്പ് നല്‍കണമെന്ന ആശയം 1985 ലാണ് ഉയര്‍ന്നത്.വിധികര്‍ത്താവായി എത്തിയ കവി വൈലോപ്പിള്ളി ശ്രീധരമേനോനാണ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വര്‍ണ്ണക്കപ്പ് നല്‍കണമെന്ന അഭിപ്രായം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി. എം ജേക്കബ്ബിനോട് പറഞ്ഞത്. അടുത്ത കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പ് ഏര്‍പ്പെടുത്താമെന്ന് മന്ത്രി പ്രിയകവിക്ക് ഉറപ്പും നല്കി. 1986 ല്‍ പ്രതീക്ഷിച്ചതുപോലെ സ്വര്‍ണ്ണം സമാഹരിക്കാന്‍ കഴിയാത്തതിനാല്‍ നടരാജവിഗ്രഹം സ്വര്‍ണ്ണം പൂശി കപ്പിലൊട്ടിച്ച് നല്‍കുകയായിരുന്നു. 1987 ല്‍ എന്തുവില നല്‍കിയും സ്വര്‍ണ്ണക്കപ്പ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പ്രശസ്ത ചിത്രകാരനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാസികയായ വിദ്യാരംഗത്തിന്റെ ആര്‍ട്ട് എഡിറ്ററുമായ ശ്രീകണ്ഠന് നായരെ സ്വര്‍ണ്ണക്കപ്പിന്റെ രൂപകല്‍പ്പനയ്ക്കായി സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കപ്പിന്റെ മാതൃക തയ്യാറാക്കും മുമ്പ് ശ്രീകണ്ഠന് നായര്‍ ഗുരുവായൂരിലെത്തി വൈലോപ്പിള്ളിയെ കണ്ട് അദ്ദേഹത്തിന്റെ മനസിലുള്ള ആഗ്രഹം ചോദിച്ചറിഞ്ഞു. വിദ്യ, കല, നാദം ഇവ മൂന്നും സമന്വയിക്കണമെന്ന ആഗ്രഹമാണ് കവി പങ്കുവച്ചത്.
തൃശൂരിലെ ബെന്നി ടൂറിസ്റ്റ് ഹോമിലിരുന്ന് ഒറ്റദിവസം കൊണ്ട് ശ്രീകണ്ഠന് നായര്‍ സ്വര്‍ണ്ണക്കപ്പിന്റെ മാതൃകയൊരുക്കി. വീട്ടിത്തടിയില്‍ തീര്‍ത്ത പീഠത്തില്‍ ഗ്രന്ഥം. അതിനുമുകളില്‍ 18 ഇഞ്ച് ഉയരവും 12 ഇഞ്ച് വീതിയുമുള്ള വളയിട്ട കൈകളില്‍ വലംപിരി ശംഖ്. ഇതായിരുന്നു കലാകേരളത്തിന്റെ സിരകളില്‍ ആവേശമായി മാറിയ സ്വര്‍ണ്ണക്കപ്പ്. 101 പവന് തൂക്കമുള്ള സ്വര്‍ണ്ണക്കപ്പ് ഉണ്ടാക്കാന്‍ ഷാലിമാര്‍ ഫാഷന്‍ ജുവലറിക്കാണ് കരാര്‍ നല്‍കിയത്. നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ 117.5 പവനായി. 2.25 ലക്ഷം രൂപ ചെലവഴിച്ച് ഉണ്ടാക്കിയ സുവര്‍ണ്ണ മുദ്ര 1987 ല്‍ കോഴിക്കോട് വച്ചുനടന്ന കലോത്സവത്തില്‍ തിരുവനന്തപുരം സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്ന് തവണ തലസ്ഥാന ജില്ലയായിരുന്നു സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ടത്.
1990 ല്‍ തലസ്ഥാനത്തു നിന്ന് പടിയിറങ്ങിയ സ്വര്‍ണ്ണക്കപ്പ് 2009 ല്‍ കലോത്സവത്തിന് അനന്തപുരി ആതിഥേയരായപ്പോഴാണ് വീണ്ടുമെത്തിയത്. അന്നും ശ്രീകണ്ഠന് നായര്‍ വരവേല്പ്പുകാരുടെ ഓര്‍മ്മയില്‍ തെളിഞ്ഞില്ല. ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കപ്പ് തലസ്ഥാനത്തെത്തുമ്പോള്‍ കലാകേരളത്തിന് അഭിമാനമായ സ്വര്‍ണ്ണക്കപ്പിന്റെ ശില്പ്പിയെ അവഗണിക്കുന്നത് നീതികേടാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സ്വന്തം മകള്‍ വീട്ടുപടിക്കലിലൂടെ കടന്നു പോകുമ്പോള്‍ ഒന്നു കാണാനാവാത്ത പിതാവിന്റെ വിങ്ങലാണ് തനിക്കെന്ന് ശ്രീകണ്ഠന് നായര്‍ പറഞ്ഞു. കേശവദാസപുരം പിള്ളവീട് നഗര്‍ അമ്പാടി എ 12 വീട്ടില്‍ സപ്തതിയുടെ നിറവിലും വര്‍ണ്ണങ്ങളുടെ ലോകത്ത് വിരാജിക്കുകയാണ് ചിറയിന്‍കീഴ് ശ്രീകണ്ഠന് നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: