ബംഗളൂരു: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഐപിഎല്‍ എട്ടാം സീസണില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും യുവരാജിന്. 16 കോടിരൂപയാണ് യുവരാജിന്റെ വില. കഴിഞ്ഞ വര്‍ഷം 14 കോടിരൂപയ്ക്ക് വിജയ് മല്ല്യയുടെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സാണ് യുവിയെ സ്വന്തമാക്കിയതെങ്കില്‍ ഈ സീസണില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സാണ് യുവി എന്ന സൂപ്പര്‍താരത്തെ 16 കോടിരൂപ മുടക്കി സ്വന്തം പാളയത്തിലെത്തിച്ചിരിക്കുന്നത്.
2 കോടിരൂപയായിരുന്നു യുവിയുടെ അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. ബംഗളൂരു റോയല്‍ ചലഞ്ചേഴ്സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവിലാണ് യുവിയെ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തം പാളയത്തിലെത്തിച്ചത്. ഏഴരക്കോടിരൂപയ്ക്ക് ശ്രീലങ്കന്‍താരം ആഞ്ചലോ മാത്യൂസിനെയും മൂന്നരക്കോടി രൂപയ്ക്ക് ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്രയെയും ദല്‍ഹി സ്വന്തമാക്കി. 4 കോടിക്ക് സഹീര്‍ ഖാനെയും 2.6 കോടിക്ക് ശ്രേയസ് അയ്യരെയും 1.7 കോടിക്ക് ഓസീസ് താരം ഗുരീന്ദര്‍ സന്ധുവിനെയും 1.1 കോടിക്ക് ജയ്ദേവ് ഉനദ്കതിനെയും ദല്‍ഹി സ്വന്തം നിരയിലെത്തിച്ചു.
അതേസമയം ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംല, ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര, മഹേല ജയവര്ദ്ധനെഗ തിലകരത്നെ ദില്ഷന്, വിന്‍ഡീസിന്റെ മര്‍ലോണ്‍ സാമുവല്‍സ്, ന്യൂസിലാന്റിന്റെ റോസ് ടെയ്ലര് തുടങ്ങിയ താരങ്ങളെ ആദ്യ ദിവസത്തെ ലേലത്തില്‍ ആരും സ്വന്തമാക്കിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം ദല്‍ഹി ഡെയര്‍ ഡെവിള്സിലായിരുന്ന ദിനേശ് കാര്‍ത്തികിനെ 10.5 കോടിരൂപ മുടക്കി ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് സ്വന്തം നിരയിലെത്തിച്ചു. ഓസീസ് താരം ആരോണ്‍ ഫിഞ്ചിനെ 3.20 കോടിരൂപക്ക് മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്.
മൂന്ന് കോടിരൂപയ്ക്ക് മുരളി വിജയിനെ കിംഗ്സ് ഇലവന് പഞ്ചാബും 2.8 കോടിരൂപക്ക് വിന്‍ഡീസ് താരം ഡാരന്‍ സമിയെയും ഒരു കോടിരൂപയക്ക് സീന്‍ അബോട്ടിനെയും 2.8 കോടിക്ക് ഡേവിഡ് വീസിനെയും ബംഗളൂരു റോയല്‍ ചലഞ്ചേഴ്സും കരസ്ഥമാക്കി. 3.8 കോടിക്ക് ന്യൂസിലാന്റ് ഫാസ്റ്റ് ബൗളര്‍ ട്രന്റ് ബൗള്‍ട്ടിനെയും 2കോടിരൂപയ്ക്ക് കെവിന് പീറ്റേഴ്സണെയും 1.5 കോടിരൂപയ്ക്ക് ഇയോണ്‍ മോര്‍ഗനെയും 2.2 കോടിക്ക് ഇന്ത്യന്‍ താരം പ്രവീണ്‍കുമാറിനെയും ഒരു കോടിക്ക് ഇംഗ്ലീഷ് താരം രവി ബൊപ്പാറയെയും സണ്‍ റൈസേഴ്സ് ഹൈദരാബാദും സ്വന്തം നിരയിലെത്തിച്ചു. ഓസീസ് താരം മൈക്ക് ഹസ്സിയെ 1.5 കോടിക്ക് ചെന്നൈ സൂപ്പര്‍കിംഗ്സും 1.4 കോടിക്ക് ക്രിസ് മോറിസിനെ രാജസ്ഥാന് റോയല്‍സും നേടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 2.4 കോടി മുടക്കി കെ.സി. കരിയപ്പയെ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: