കുഞ്ഞുനാളില്‍ മാതാപിതാക്കളുടെ കൈ പിടിച്ച് നങ്ങ്യാര്‍കൂത്ത് കാണാന്‍ പോയപ്പോഴാണ് ഐശ്വര്യയുടെ മനസില്‍ നങ്ങ്യാര്‍കൂത്ത് പഠിക്കുക എന്ന മോഹം മൊട്ടിട്ടത്. തിരുവനന്തപുരം പൂജപ്പുര ചാടിയറ ലെയ്ന്‍ ഐശ്വര്യഭവനില്‍ അജിത്തിന്റേയും രാജലക്ഷ്മിയുടേയും മകളാണ് ഐശ്വര്യ.
സ്കൂള്‍ കലാമത്സരങ്ങളില്‍ പങ്കെടുക്കണമെന്ന രക്ഷിതാക്കളുടെ ആഗ്രഹത്തിനു മുന്നില്‍ ഐശ്വര്യയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വന്നില്ല. അതിനായി നങ്ങ്യാര്‍കൂത്ത് തന്നെ പഠിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ കലോത്സവങ്ങളില്‍ മത്സരിക്കാനുദ്ദേശിച്ച് മാര്‍ഗി സതിയുടെ ശിക്ഷണത്തില്‍ നാലുവര്‍ഷം മുമ്പ് നങ്ങ്യാര്‍കൂത്ത് പഠനമാരംഭിച്ച എ.ആര്. ഐശ്വര്യ ഇന്ന് ജില്ലാ കലോത്സവങ്ങളിലും സംസ്ഥാന കലോത്സവങ്ങളിലും സജീവമായിക്കഴിഞ്ഞു. തുടര്‍ച്ചയായി മൂന്നു വര്‍ഷവും ജില്ലാ കലോത്സവത്തില്‍ ഒന്നാമതെത്തിയ ഐശ്വര്യ തിരുവനന്തപുരം കാര്‍മല്‍ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. സ്കൂള്‍ ജീവിതത്തലെ അവസാന മത്സരത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.
ഒരുവര്‍ഷം സംസ്ഥാനതല വിജയിയായിരുന്നു. കലോത്സവങ്ങളില്‍ വിജയം സ്വന്തമാക്കുന്ന ഈ മിടുക്കി മികച്ച നങ്ങ്യാര്‍കൂത്ത് കലാകാരിയാകാനൊരുങ്ങുകയാണ്. ആ കലാരൂപത്തെ ജീവിതവ്രതമാക്കി മാറ്റിയിരിക്കുകയാണ് ഐശ്വര്യ. പഠനത്തിനിടയിലും ഗുരുവായൂര്‍ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു. പാശ്ചാത്യ കലകളുടെ പിറകേ പോകാതെ തനതുകലയെ പരിപോഷിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഐശ്വര്യ പറയുന്നു.
പ്ലസ്ടു കഴിഞ്ഞാല്‍ പ്രൊഫഷണലായി നങ്ങ്യാര്‍കൂത്ത് പഠനത്തിനായി കൂടുതല്‍ സമയം കണ്ടെത്തും. കുച്ചുപ്പുടിയും സംഘനൃത്തവും പഠിക്കുന്നുണ്ടെങ്കിലും നങ്ങ്യാര്കൂത്തിനോട് ഒരു വൈകാരിക ബന്ധം തോന്നിയത് മാര്‍ഗി സതിയുടെ ശിക്ഷണത്താലാണെന്ന് മാതാപിതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: