രാജ്കോട്ട്: സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് മൈതാനത്തെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ സ്പിന്‍ ഭൂതങ്ങളെ ഇംഗ്ലണ്ട് ഭയന്നില്ല. ജോ റൂട്ടിന്റെയും മോയിന്‍ അലിയുടെയും അകമ്പടിയോടെ ശരിയായ റൂട്ടില്‍ സഞ്ചരിച്ച ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്കോര്‍. കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സില്‍ സന്ദര്‍ശകര്‍. മോയിന്‍ അലിയും (99), ബെന്‍ സ്റ്റോക്സും (19) ക്രീസില്‍.
ഇന്ത്യയില്‍ എട്ടു മത്സരങ്ങള്‍ക്കു ശേഷം സന്ദര്‍ശക ടീമിനെ ടോസ് ഭാഗ്യം തുണച്ചപ്പോള്‍ ഇംഗ്ലണ്ട് നായകന് അലിസ്റ്റര്‍ കുക്ക് ബാറ്റിങ്ങിന് മടിച്ചില്ല. ആദ്യ വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു കുക്കും (21), അരങ്ങേറ്റക്കാരന്‍ ഹസീബ് ഹമീദും (31). നാലാമന് ബെന്‍ ഡെക്കറ്റും (13) വേഗം മടങ്ങിയതോടെ ഇംഗ്ലണ്ട് തകരുമെന്ന് തോന്നിച്ചെങ്കിലും റൂട്ടും അലിയും ചേര്‍ന്ന് പോരാട്ടം ഇന്ത്യന്‍ ക്യാമ്പിലേക്ക് നയിച്ചു.
കരിയറിലെ പതിനൊന്നാം സെഞ്ചുറി കുറിച്ച റൂട്ടും നാലാം സെഞ്ചുറിയിലേക്കു കുതിക്കുന്ന അലിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ തിരികെകൊണ്ടുവന്നു. നാലാം വിക്കറ്റില്‍ 179 റണ്‍സ് ചേര്‍ത്തു ഇവര്‍. ഇന്ത്യക്കെതിരെ നാലാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ടാണിത്.
സ്പിന്നര്‍മാരെ ആധികാരികതയോടെ നേരിട്ട റൂട്ട് 180 പന്തില്‍ 11 ഫോറും ഒരു സിക്സറും പറത്തി 124 റണ്‍സെടുത്തത്. ഈ കലണ്ടര്‍ വര്‍ഷം 1,000 റണ്‍സും തികച്ചു ഇംഗ്ലീഷ് മധ്യനിരക്കാരന്. 2013നു ശേഷം ഇന്ത്യയില്‍ മൂന്നക്കം തികയ്ക്കുന്ന ആദ്യ സന്ദര്‍ശക താരമാണ് റൂട്ട്. ഓസ്ട്രേലിയന്‍ താരം മൈക്കിള്‍ ക്ലര്‍ക്കാണ് ഇതിനു മുന്‍പ് ഈ നേട്ടത്തിലെത്തിയത്. 192 പന്തില്‍ ഒമ്പത് ഫോറുകളുമായി അലി പുറത്താകാതെ നില്ക്കുന്നു.
അശ്വിന് രണ്ടും, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് ഓരോന്നും വിക്കറ്റെടുത്തു. അമിത് മിശ്രയെ ഉള്‍പ്പെടുത്തി മൂന്നു സ്പിന്നര്‍മാരുള്‍പ്പെടെ അഞ്ചു ബൗളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. ബൗളിങ്ങിനിടെ മുഹമ്മദ് ഷാമിക്ക് പരിക്കേറ്റത് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: